നീ പോകയാണല്ലേ..

Writers Blog

ഓണമേ, നീ വീണ്ടുംപോകയാണല്ലേ?
ഈപടിവാതില്‍ക്കടന്ന് തിരിഞ്ഞൊന്ന് നോക്കീടാതെ.

ജന്മാന്തരങ്ങള്‍തന്‍
മധുരമെന്‍ നാവിലേക്കിറ്റിച്ച് പാതിയിലേറെയടഞ്ഞ മിഴികളില്‍ കുഞ്ഞുമ്മവച്ചുവച്ച്
ക്ഷണനേരം കൊണ്ടു നീ യാത്രയാവുന്നോ?

മുറ്റത്തിറുത്തിട്ട പൂക്കളിന്‍ മിഴികളിലാളിയ ശോകക്കടലു നീ കണ്ടില്ലേ?

കാത്തിരിപ്പിന്റെ പെരുംകടല്‍താണ്ടി ഇക്കൊടും വറുതിയില്‍പ്പോലും നിനക്കായി ഞങ്ങളിന്നെത്ര
സ്വപ്നക്കസവുകള്‍ തുന്നിയിട്ടെന്നോ?

പേമാരിയിവിടെ കനല്‍ പെയ്ത്തു പെയ്തിട്ടും,
മഹാമാരിയിന്നെന്റെ ചിറകൊടിച്ചിട്ടിട്ടും,
ചിത്തഭ്രമത്തിന്റെ പൊള്ളുന്ന കനലെന്റെ ചിത്തത്തിനുള്ളില്‍ ആളിപടര്‍ന്നിട്ടും

കൊടിയതമസിന്റെയപ്പുറത്തത്ര മേല്‍ശാന്തമായ്
നീവന്നണഞ്ഞതായിരുന്നെന്റെയാശ്വാസം.

എത്ര ഗ്രാമവസന്തങ്ങള്‍ നിനക്കായൊരുക്കി ?
എത്രനറുംപാല്‍ക്കിനാക്കള്‍ ചുരത്തി?
എത്രകണ്ണാന്തളിപൂക്കള്‍ മിഴികളില്‍ മയ്യണിഞ്ഞത്രമേല്‍ കാത്തിരുന്നു നിനക്കായി?

നീ വരുമ്പോള്‍ മാത്രം തൂകുവാനായെത്ര നിലാവെടുത്തു വച്ചിരുന്നെന്നോ തെളിമാനം
നിന്നെയുടുപ്പിക്കുവാന്‍ മാത്രമായത്രമേല്‍ ചന്തത്തില്‍ പട്ടുടയാട നെയ്തതീപാടവും

നിനക്കായിമാത്രം പൂമിഴി തുറന്നല്ലോ തുമ്പക്കുടങ്ങളും മുക്കുറ്റിചന്തവും
ഈഞാറ്റുപാട്ടും ഏറ്റുമീന്‍ചാട്ടവും
എല്ലാം ഗതകാലസ്മൃതികളായ് മാറുന്നു.

ഓണമേ ഇനിഞാന്‍കാത്തിരിക്കട്ടെ അതിജീവനത്തിന്റെ കരുതലായ്‌നീ
വീണ്ടുംവരുംകൊല്ലമെത്തുമെന്നുള്ള പ്രതീക്ഷയില്‍

ശ്രീകല മനോജ്

Leave a Reply

Your email address will not be published. Required fields are marked *