മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരെ സഹായിക്കാനെത്തിയത് വിരലിലെണ്ണാവുന്ന നായക-നായികമാര്‍ മാത്രം
കൊച്ചി: കോവിഡ് കാലത്ത് പ്രതിസന്ധിയിലായ മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരെ സഹായിക്കാനെത്തിയ വിരലിലെണ്ണാവുന്ന നായക-നായികമാര്‍ മാത്രം. ജീവിതംതന്നെ വലിയ ചോദ്യചിഹ്നമായ ആയിരക്കണക്കിന് സിനിമാ സാങ്കേതി പ്രവര്‍ത്തകരാണ് കേരളത്തിലുള്ളത്. ഇവരുടെ കണ്ണീരൊപ്പാന്‍
മലയാളത്തിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവുന്ന പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിലേക്ക് സഹായം നല്കാന് ശതകോടികളുടെ ആസ്തിയുള്ള നായക പ്രമാണിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുമ്പില്‍ സഹായ അഭ്യര്‍ത്ഥനകള്‍ വച്ചു. കല്യാണ്‍ ഗ്രൂപ്പിലൂടെ ഇന്ത്യന്‍ സിനിമയിലെ അതികായനായ അമിതാബ് ബച്ചന് ഒരു കോടിയുടെ സഹായം എത്തുന്നുവെന്ന് ഉറപ്പാക്കി. എന്നാല്‍ മലയാള സിനിമയില്‍ നിന്ന് ഈ സഹായനിധിയിലേക്ക് പണം നല്‍കിയത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണെന്നതാണ് വസ്തുത.
സി യൂ സൂണ്‍ സിനിമയുടെ വരുമാനത്തില്‍ പത്ത് ലക്ഷം രൂപയാണ് നിര്‍മ്മാതാവും നടനുമായ ഫഹദ് ഫാസിലും സംവിധായകന് മഹേഷ് നാരായണനും ഫെഫ്കയ്ക്ക് കൈമാറിയത്. ഇതിന് അപ്പുറത്തേക്ക് പോയാല്‍ പത്ത് ലക്ഷം രൂപ പ്രഖ്യാപിക്കുകയും അത് ഫെഫ്കയ്ക്ക് കൈമാറിയും തുടക്കത്തില്‍ തന്നെ മോഹന്‍ലാല്‍ മാതൃകയായി. ഇതിന് പിന്നാല് അഞ്ച് ലക്ഷം പ്രഖ്യാപിച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുമെത്തി. നടന്മാരില് നിന്ന് സംഭാവന കൂമ്പാരമാകുമെന്ന് കരുതിയവര്‍ക്ക് പിന്നെ നിരാശയായിരുന്നു ഫലം. സെറ്റുകളില്‍ ഓടിനടന്ന് സിനിമയ്ക്ക് വേണ്ടി വിയര്‍പ്പൊഴുക്കുന്നവരെ സഹായിക്കാന്‍ ലാലും മഞ്ജുവും അല്ലാത്ത വമ്പന്‍ പേരുകാരാരും എത്തിയില്ല. മമതാ മോഹന്‍ദാസ് രണ്ടര ലക്ഷം രൂപ നല്കി. അതിനപ്പുറത്തേക്കും ആരും ലക്ഷങ്ങളുടെ സംഭാവന പാവപ്പെട്ടവര്‍ക്കായി നല്കിയില്ലെന്നതാണ് വസ്തുത.
തങ്ങള്‍ക്ക് ആവും വിധം സഹായം ചെയ്ത പേരുകളുമുണ്ട് കൂട്ടത്തില്‍. അലന്‍സിയറും സന്തോഷ് കീഴാറ്റൂരും ഐശ്വര്യ ലക്ഷ്മിയും അമ്പതിനായിരം രൂപ വീതം സഹജീവികള്‍ക്ക് കരുത്താകാന്‍ നല്കി. അതായത് മലയാള സിനിമയില്‍ നിന്ന് ആകെ കിട്ടിയത് പത്തൊമ്പത് ലക്ഷം രൂപ മാത്രം. സംഭാവന നല്‍കിയത് ഫഹദ് ഉള്‍പ്പെടെ വെറും ഏഴു പേരും. സീ യൂ സൂണിലൂടെ ഈ കണക്ക് 29 ലക്ഷം രൂപയാകുന്നു. അതിന് ഫഹദിനും സിനിമാക്കാരുടെ കൈയടി കിട്ടുന്നു. മെഗാ സ്റ്റാറും ജനപ്രിയ നായകനും ഉള്‍പ്പെടെയുള്ള വമ്പന്മാര് ആരൂം ഫെഫ്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായെത്തിയില്ലെന്നത് സിനിമാ പ്രവര്‍ത്തകരേയും വേദനയിലാക്കുന്നു. അമിതാഭ് ബച്ചന്റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ കോവിഡ് കാലത്ത് ഒരു ധനസഹായവും ആര്‍ക്കും കൊടുക്കാന്‍ ഫെഫ്കയ്ക്ക് കഴിയുമായിരുന്നില്ല.
മലയാളത്തില്‍ മുന്‍ നിര നടന്മാരുടെ പ്രതിഫലം കോടിക്ക് മുകളിലാണ്. ശരാശരി നടന്മാര് പോലും അമ്പത് ലക്ഷത്തില്‍ അധികം പ്രതിഫലം വാങ്ങുന്നു. കോവിഡുകാലത്ത് പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത നടന് വാങ്ങുന്നത് അമ്പത് ലക്ഷമാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പോലും വെളിപ്പെടുത്തിയിരുന്നു. അങ്ങനെ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന സീനിയര്‍ നടന്മാരും യുവാക്കളും എല്ലാം കോവിഡില്‍ സിനിമയിലെ സാധാരണക്കാര്‍ക്ക് സഹായം നല്കുന്നതില് നിന്ന് മാറി നിന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പണക്കൊഴുപ്പിന്റെ ഇന്സ്ട്രിയായതു കൊണ്ടു തന്നെ താരങ്ങളുടെ സഹായം പ്രതീക്ഷിച്ചാണ് ഫെഫ്ക സഹായം നല്‍കലിന് മുന്നിട്ടിറങ്ങിയത്. എല്ലാവരും സഹകരിക്കുമെന്നും കരുതി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നന്മ വചനങ്ങളുമായി നിറയുന്നവര്‍ പോലും ഒരു രൂപ പോലും നല്കിയില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ വമ്പന്‍ പ്ലാനുകള്‍ പലതും വേണ്ടെന്ന് വയ്ക്കേണ്ടിയും വന്നു.
വിഷുക്കാലത്താണ് കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഫെഫ്ക പദ്ധതി തയ്യാറാക്കിയത്. 3700 പേര്‍ക്ക് അയ്യായിരും രൂപ വീതം നല്കി. ഇതിന് ഏതാണ്ട് ഒന്നരക്കോടിക്ക് മുകളില്‍ വേണ്ടി വന്നു. ഇതിന് അമിതാഭ് ബച്ചന്റെ സഹായം കരുത്തായി. ബച്ചന്റെ ഇടപെടലിന്റെ ഫലമായി കല്യാണ്‍ ഗ്രൂപ്പ് ഒരു കോടി നല്കി. ബാക്കി സംഘടന പലവിധ മാര്‍ഗ്ഗത്തിലൂടെ കണ്ടെത്തി. പിന്നീട് ഓണക്കിറ്റ് വിതരണം ചെയ്തു. കോവിഡ് ഇന്‍ഷുറന്‍സും അവതരിപ്പിച്ചു. ഇനി മരുന്നിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് സഹായം എത്തിക്കാനാണ് നീക്കം. ജീവന് രക്ഷാ മരുന്നുകള്‍ വേണ്ടവരുടെ പട്ടിക എടുത്ത് അത് നല്‍കാനാണ് നീക്കം. ഇതിന് ഈ മാസം പത്ത് ലക്ഷം വേണ്ടിവരും. ഇതിനിടെയാണ് ഫഹദ് ഫാസിലിന്റെ സഹായം ഫെഫ്കയ്ക്ക് കിട്ടുന്നത്. ഇതുകൊണ്ട് തന്നെ അതൊരു വലിയ ആശ്വാസവുമാകുന്നു.
അലന്‍സിയര്‍ക്കും സന്തോഷ് കീഴാറ്റൂരിനും ഐശ്വര്യ ലക്ഷ്മിക്കും തോന്നിയ നല്ല മനസ്സ് മലയാളത്തിലെ പ്രമുഖ നടന്മാര്ക്കുണ്ടായില്ലെന്നത് സാങ്കേതിക പ്രവര്‍ത്തകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. എല്ലാവരും മത്സരിച്ച് സഹായം നല്‍കുമെന്നാണ് ഏവരും കരുതിയത്. ലാല്‍ പത്തുകൊടുക്കുമ്പോള് മറ്റുള്ളവര്‍ ഇരുപത് പ്രഖ്യാപിക്കും എന്ന് പോലും കരുതി. എന്നാല്‍ ആരും ലാലിന്റെ സഹായം കണ്ടതും കേട്ടതുമായ ഭാവം നടിച്ചില്ല. വലിയ പ്രതിസന്ധിയിലാണ് സിനിമാ ലോകം. കൂടെ നില്ക്കുന്ന പാവങ്ങളെ സഹായിച്ചില്ലെങ്കില്‍ അവര്‍ ആത്മഹത്യയിലേക്ക് പോലും വീഴുമെന്ന ആശങ്ക ഫെഫ്ക നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ ഭയാശങ്കകള്‍ വേണ്ടെന്നും തങ്ങള്‍ ഒപ്പമുണ്ടെന്നും അവരെ ഇനിയും അറിയിക്കാനാണ് തീരുമാനം.
5000ഓളം ദിവസ വേതനക്കാര്‍ മലയാള സിനിമയിലുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ ഏപ്രില്‍ ആദ്യത്തോടെ തയ്യാറാക്കിയിരുന്നു. ഒരോരുത്തരുടേയും സാമ്പത്തിക സ്ഥിതി, വീട്ടിലെ അംങ്ങളുടെ എണ്ണം, അവരുടെ സാമൂഹിക ആരോഗ്യ അവസ്ഥകള്‍ എന്നിവയെല്ലാം ശേഖരിച്ചു. ഇതെല്ലാം പരിശോധിച്ചാണ് ആദ്യ സഹായ ധനം നല്‍കിയത്. മോഹന്‍ലാലും മഞ്ജു വാര്യരും അങ്ങോട്ട് ചോദിക്കാതെയാണ് മുമ്പോട്ട് വന്നത്. ഇതില്‍ മോഹന്‍ലാല്‍ ഇത്തരമൊരു ആശയം ചര്‍ച്ചയാകും മുമ്പ് തന്നെ 10 ലക്ഷം നല്‍കാമെന്ന് പറഞ്ഞു. ഇനിയും സിനിമാക്കാര് സഹായവുമായെത്തുമെന്നായിരുന്നു ആ ഘട്ടത്തില്‍ ഫെഫ്കയുടെ പ്രതീക്ഷ.
സിനിമയുടെ പിന്നണിയില്‍ ഉള്ളവരില്‍ ബഹുഭൂരിഭാഗവും ദിവസ വേതനക്കാരാണ്. സിനിമയുണ്ടെങ്കില്‍ കൂലി കിട്ടുന്നവര്‍. എല്ലാ സിനിമയും ചിത്രീകരണം മുടങ്ങി. ചിലത് വീണ്ടും തുടങ്ങി. എന്നാല്‍ ഇനി എന്ന് എല്ലാം സാധാരണ നിലയിലാകുമെന്ന് ആര്‍ക്കും ഉറപ്പില്ല. കോവിഡ് ഭീതിയിലാണ്. സര്‍ക്കാരുകള്‍ക്ക് പോലും സഹായം നല്‍കുന്നതിന് പരമിതിയുണ്ട്. ഇത് മനസ്സിലാക്കിയാണ് ഫെഫ്കയുടെ ഇടപെടല്‍. സിനിമയിലെ ദിവസവേതനക്കാരായ തൊഴിലാളികളെ സഹായിക്കാനായി ഫെഫ്ക താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഫെഫ്കയുടെ നേതൃത്വത്തില്‍ ഇതിനായി വാട്സാപ് ഗ്രൂപ്പും തുടങ്ങി. എന്നാല്‍ ഇതൊന്നും ആരേയും സ്വാധീനിച്ചില്ല.
മലയാള സിനിമയിലെ സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് വേണ്ടി ഫെഫ്ക അവതരിപ്പിച്ച പദ്ധതി ഇന്ത്യന്‍ സിനിമയിലെ ബഹുഭൂരിഭാഗം ദിവസ വേതനക്കാര്‍ക്കും ആശ്വാസമായി എന്നതാണ് മറ്റൊരു വസ്തുത. കൊറോണക്കാലത്ത് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍താരം അമിതാഭ് ബച്ചന് തന്നെ ഇതിന് മുന്നിട്ടിറങ്ങി. കല്യാണ്‍ ജ്യുലേഴ്സിന്റെ പിന്തുണയോടെയാണ് ഫെഫ്കയുടെ പദ്ധതി രാജ്യമെങ്കും ബച്ചന് വ്യാപിപ്പിച്ചു. ഇത്തരത്തിലൊരു ആശയം അവതരിപ്പിച്ചത് ഫെഫ്കയായിരുന്നു. മലയാള സിനിമയിലെ അയ്യായിരത്തോളം വരുന്ന സാധാരണക്കാര്‍ക്ക് സഹായം നല്‍കുകയായിരുന്നു ലക്ഷ്യം. മോഹന്‍ലാല്‍ ആണ് ആദ്യമായി സഹായ വാഗ്ദാനവുമായി എത്തിയത്. ഇതിന് പിന്നാലെ വിഷുക്കാലത്ത് സിനിമയിലെ സാധാരണക്കാര്‍ക്ക് കൈനീട്ടം നല്കാന് ഫെഫ്ക തീരുമാനിച്ചു. ഇതിനായി പലരുടേയും സഹായം തേടി. ഇതിന്റെ ഭാഗമായി പല ചര്‍ച്ചകള്‍ നടന്നു. കല്യാണ്‍ ജ്യൂലേഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ബച്ചന്. ഇക്കാര്യം ബച്ചന്റെ ശ്രദ്ധയിലുമെത്തി.
ഇതോടെയാണ് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരം ഫെഫ്കയുമായി ചര്‍ച്ച നടത്തിയത്. എങ്ങനെ ഈ ആശയം ഇന്ത്യന്‍ സനിമയ്ക്ക് മൊത്തം ഗുണകരമാക്കാമെന്നും ആലോചനകളെത്തി. അങ്ങനെ കല്യാണിന്റെ സഹായത്തോടെ ഈ പദ്ധതിക്ക് പുതിയ തലം കിട്ടി. കഷ്ടതയുടെ കാലത്ത് ദിവസ വേതനക്കാരോടും സാധാരണ സിനിമാ പ്രവര്‍ത്തകര്‍ക്കും വേണ്ടി താങ്കള്‍ മുന്നോട്ട് വയ്ക്കുന്നത് മഹത്തായ ആശയമാണെന്ന് ഉണ്ണികൃഷ്ണന് ബച്ചന് കൈമാറിയ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് വ്യക്തിപരമായ പുകഴ്ത്തലുകളുടെ സമയമല്ലെന്നും സാധാരണക്കാരന്റെ വേദനകള്‍ തുടയ്ക്കേണ്ട സമയമാണെന്നും ബച്ചന്റെ സന്ദേശത്തില്‍ വ്യക്തമാണ്. സിനിമകള്‍ നിര്‍മ്മിക്കുന്നതിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഇത് കൂടെയാണെന്ന് അവര്‍ക്ക് പകര്‍ന്ന് നല്‍കേണ്ട സമയാണ് ഇത്. താങ്കളുടെ എല്ലാ നല്ല പ്രവര്‍ത്തികള്‍ക്കും ഒരിക്കല്‍ കൂടി നന്ദി-ഇങ്ങനെയാണ് അമിതാഭ് ബച്ചന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. ഇതില്‍ നിന്ന് തന്നെ ഫെഫ്കയുടെ ഇടപെടല്‍ അമിതാഭ് ബച്ചന് പോലും അംഗീകരിച്ചുവെന്നത് വ്യക്തമാണ്.
നേരത്തെ ബച്ചന് ഉണ്ണികൃഷ്ണനും കത്ത് അയച്ചിരുന്നു. ഇപ്പോള്‍, 2020 ല്‍, ഇന്ത്യയിലെ ചലച്ചിത്ര വ്യവസായം അതിന്റെ മഹത്തായ, പരിശോധിച്ച ചരിത്രത്തിലെ ഏറ്റവും കഠിനമായ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. അഭൂതപൂര്‍വമായ അടച്ചുപൂട്ടല്‍ ഞങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നു, വ്യവസായത്തിലെ ദൈനംദിന തൊഴിലാളികളെ കഷ്ടപ്പാടുകളുടെ പരിധിയിലേക്ക് തള്ളിവിട്ടു. സര്, കഴിഞ്ഞ ആറ് വര്‍ഷമായി ഞാന്‍ എഫെക് ജനറല്‍ സെക്രട്ടറിയായും കഴിഞ്ഞ 12 വര്‍ഷമായി കേരള ഫെഡറേഷന്റെ ഫെഫ്ക ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു. ഞങ്ങളുടെ വ്യവസായത്തിലെ തൊഴിലാളികളുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ സൂക്ഷ്മതകളിലും ഞാന്‍ സാക്ഷ്യം വഹിച്ചു; അവരുടെ പോരാട്ടം, ചടുലത, നിരാശ, എല്ലാറ്റിനുമുപരിയായി അവരുടെ സ്ഥിരോത്സാഹം. പക്ഷേ, സര്, അതിജീവിക്കാനുള്ള അവരുടെ ഇച്ഛ ഒരിക്കലും ഇതുപോലെ പരീക്ഷിക്കപ്പെട്ടിട്ടില്ല. അവരില്‍ പലരും പട്ടിണിയിലാണ് എന്നതാണ് വസ്തുത. ഇടയ്ക്കിടെയുള്ള ദയാപ്രവൃത്തികള്‍ വരുന്നു. പക്ഷേ, നിങ്ങളെപ്പോലെ ആരും ചിന്തിച്ചിട്ടില്ല-ഈ കത്തില്‍ ഉണ്ണിക്കൃഷ്ണന് ബച്ചന്റെ പ്രവര്‍ത്തിയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
താങ്കളുടെ ഓഫീസുമായി ഞാന്‍ ബന്ധപ്പെടുമ്പോള്‍, ഇന്ത്യയിലെ ചലച്ചിത്രമേഖലയിലെ മുഴുവന്‍ തൊഴിലാളിവര്‍ഗത്തിനും വേണ്ടിയുള്ള ഒരു സമഗ്ര പാക്കേജിനെക്കുറിച്ച് താങ്കളും ചിന്തിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. നിങ്ങളുടെ സംരംഭത്തില്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രത്തില്‍ വ്യക്തമാകുന്നതുപോലെ, പ്രദേശത്തിന്റെയോ ഭാഷയുടെയോ തടസ്സങ്ങളാല്‍ വിഭജിക്കപ്പെടാത്ത ഒരു വലിയ കുടുംബമായിട്ടാണ് താങ്കള്‍ മുഴുവന്‍ വ്യവസായത്തെയും കാണുന്നത്. താങ്കള്‍ ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാട് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഗണ്യമായി ലഘൂകരിച്ചു. അടുത്ത ഒരു മാസത്തേക്ക് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും എങ്ങനെ ഭക്ഷണം നല്‍കാമെന്ന് അവരില്‍ പലരും വിഷമിക്കേണ്ടതില്ല. സര്, നിങ്ങള്‍ ഒരു മികച്ച സൂപ്പര്‍സ്റ്റാറിന്റെയും മികച്ച മനുഷ്യന്റെയും സവിശേഷമായ സംയോജനമാണെന്നും ബച്ചന്റെ ഇടപെടലിനെ ഉണ്ണിക്കൃഷ്ണന് വിശേഷിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടി സന്ദേശത്തിലാണ് ഈ വിഷയത്തിലെ ഉണ്ണികൃഷ്ണന്റെ ഇടപെടലിനെ പ്രശംസിച്ച് ബച്ചനും സന്ദേശം അയച്ചത്.