കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ യഥാര്‍ഥ കാരണമറയാന്‍ ഒന്നര വര്‍ഷം കാത്തിരിക്കണം

Breaking Keralam News Pravasi

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്തവളത്തില്‍ വിമാനം പിളര്‍ന്നുവീണുണ്ടായ വന്‍ ദുരനന്തത്തിന്റെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമാണെങ്കിലും ഇതിന്റെ യഥാര്‍ഥ കാരണം പുറത്തുവരാന്‍ ഏകദേശം ഒന്നര വര്‍ഷമമെടുക്കുമെന്ന് ബോയിങ് 737 വിമാനങ്ങള്‍ പറത്തുന്നതില്‍ പരിചയ സമ്പന്നനായ ക്യാപ്റ്റന്‍ സാം തോമസ്.
മംഗലാപുരത്ത് മുന്‍പ് സംഭവിച്ച വിമാനാപകടത്തിനു സമാനമായ അപകടമാണ് കരിപ്പൂരിലേത്. പക്ഷെ മംഗലാപുരം എന്ത് സംഭവിച്ചു എന്നതിന്റെ വിശദാംശങ്ങള്‍ ലഭ്യമാണ്. ഒന്നര മാസത്തിനുള്ളില്‍ അന്വേഷണം നടത്തി ഒരു ആദ്യ റിപ്പോര്‍ട്ട് വരും. പക്ഷെ ഒന്നര വര്‍ഷം കഴിയും മുഴുവന്‍ റിപ്പോര്‍ട്ട് പുറത്ത് വരാനെന്നും അദ്ദേഹം പറയന്നു. ദുബായില്‍ നിന്ന് 190 യാത്രക്കാരുമായി കരിപ്പൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനദുരന്തത്തിന്റെ പിന്നിലുള്ള കാരണങ്ങള്‍ അജ്ഞാതമാണ്. വിമാനത്താവളത്തിലെ ടേബിള്‍ ടോപ്പ് റണ്‍വേയും മോശമായ കാലാവസ്ഥയും പൈലറ്റിന് സംഭവിച്ചിട്ടുണ്ടോയെന്നുമാണ് ഇപ്പോള്‍ സംശയിക്കുന്നത്. മഴ കാരണം റണ്‍വേ തെളിഞ്ഞു കാണുന്നതില്‍ വന്ന അവ്യക്തതയും ലാന്റിംഗില്‍ വന്ന പിഴവുമാണ് അപകടത്തിനു കാരണം എന്ന് പ്രാഥമിക നിഗമനങ്ങളില്‍ തെളിയുന്നു. ഏത് മോശം കാലാവസ്ഥയിലും ഇറങ്ങാന്‍ കഴിയുന്ന ഇന്‍സ്ട്രുമെന്റല്‍ ലാന്റിങ് സിസ്റ്റം ഉള്ള വിമാനങ്ങളാണ് ബോയിങ് 737 വിമാനങ്ങള്‍. ഇത്തരം ഒരു ബോയിങ് 737 വിമാനമാണ് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്. വിമാനത്തിലെ പൈലറ്റുമാര്‍ ഉള്‍പ്പെടെ 19 മരണങ്ങളാണ് കരിപ്പൂരില്‍ വന്നത്. എന്താണ് കരിപ്പൂരില്‍ സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യോമയാന വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാണ്.
കരിപ്പൂരില്‍ ബോയിങ് സുരക്ഷിതമായി ലാന്റ് ചെയ്യേണ്ടതായിരുന്നു. ലാന്റിങ് പക്ഷെ അപകടത്തിലാണ് കലാശിച്ചത്. ടേബിള്‍ ടോപ്പ് റണ്‍വെ കടന്നു വിമാനം താഴേക്ക് കൂപ്പുകുത്തി. എഞ്ചിന്‍ ഓണായി നിന്നിട്ടും പക്ഷെ തീപ്പിടുത്തം സംഭവിച്ചില്ല. ഇത് ഒരു മിറാക്കിള്‍ തന്നെയായി വ്യോമയാന വൃത്തങ്ങള്‍ വീക്ഷിക്കുന്നു. എന്താണ് കരിപ്പൂരില്‍ സംഭവിച്ചത് അന്വേഷണം ആരംഭിച്ചിരിക്കെ അപകടകാരണം അജ്ഞാതമായി തുടരുകയാണ്. കരിപ്പൂരില്‍ സംഭവിച്ച വിമാന അപകടത്തെക്കുറിച്ച് ഒരു നിഗമനത്തിലേക്കും എത്താന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. അന്വേഷണം പൂര്‍ത്തിയാകാതെ ആര്‍ക്കും ഒന്നും പറയാന്‍ കഴിയില്ല. നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ആരെന്ത് പറഞ്ഞാലും അത് തെറ്റായിരിക്കും. ഇത് എയര്‍ക്രാഫ്റ്റ് ഇന്‍വെസ്റ്റിഗേഷന്റെ ഒരു പ്രധാന നിയമം കൂടിയാണെന്നുമാണ് ക്യാപ്റ്റന്‍ സാം തോമസ് പറയുന്നത്.
ലാന്റിങ് സമയത്ത് വിമാനം ലാന്റിങ് കോണ്‍ഫിഗറേഷനിലാണ് ഉള്ളത്. ലാന്റിങ് നടത്താനുള്ള ആദ്യത്തെ ശ്രമം പ്രധാന റണ്‍വെയിലാണ് പൈലറ്റ് നടത്തിയത്. കാലാവസ്ഥ മോശമായതിനാല്‍ മറ്റൊരു റണ്‍വേ തിരഞ്ഞെടുത്തു. കോഴിക്കോട് റണ്‍വേയില്‍ റബര്‍ ഡിപ്പോസിറ്റ് വളരെയധികമാണ്. റെഗുലര്‍ ആയി ഇത് ക്ലീന്‍ ചെയ്തിരുന്നില്ലെങ്കില്‍ റണ്‍വേയില്‍ സ്‌കിഡ് ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് എന്തായാലും പരിഗണിക്കേണ്ടതുണ്ട്. ലാന്റ് ചെയ്യുമ്പോള്‍ ടൈല്‍ വിന്‍ഡ് ഫ്ളൈറ്റിനു എതിര്‍ ദിശയില്‍ വരുകയാണ് വേണ്ടത്. ടേക്ക് ഓഫിനും ലാന്റിംഗിനും നല്ലത് ടൈല്‍ വിന്‍ഡ് എതിര്‍ദിശയില്‍ വീശുന്നതാണ്. കാറ്റ് പുറകില്‍ നിന്നും വരുകയാണെങ്കില്‍ അധികം സ്ഥലം വേണ്ടി വരും. ഇത് എന്തുകൊണ്ട് പൈലറ്റ് ശ്രദ്ധിച്ചില്ലാ എന്നൊരു ചോദ്യമുണ്ട്. കരിപ്പൂര്‍ എയര്‍പോര്‍ട്ട് സുരക്ഷിതമല്ല. ടേബിള്‍ ടോപ്പ് റണ്‍വേ ആണിത്. അപകട സാധ്യത വളരെ കൂടുതലാണ്. മഴയുള്ളപ്പോള്‍ റണ്‍വേയില്‍ കറക്റ്റ് സ്ഥലത്ത് ലാന്‍ഡ് ചെയ്തില്ലെങ്കില്‍ അത് അപകടമാണ്. ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് എന്തുകൊണ്ട് കോയമ്പത്തൂരിലെക്ക് പോയില്ല എന്നതാണ്. ലാന്‍ഡിങ് സമയത്ത് ക്രമീകരിക്കേണ്ട സംവിധാനങ്ങളാണ് അപകട സമയത്ത് ഫ്ളൈറ്റില്‍ പ്രവര്‍ത്തിച്ചത്. ലാന്റിംഗിന് ശേഷം ടേക്ക് ഓഫ് വേണ്ടി വന്നാല്‍ വിമാന ചിറകുകളിലെ ഫ്ളാപ്പുകള്‍ ഉടനടി തന്നെ ഉയര്‍ത്തേണ്ട ആവശ്യമില്ല. ഫ്ളൈറ്റ് പൊന്തിയ ശേഷം മാത്രം ഫ്ളാപ്പുകള്‍ പൊന്തിച്ചാല്‍ മതി. ഫ്ളൈറ്റ് ഉയര്‍ന്നു കഴിഞ്ഞു 800 ഫീറ്റ് കഴിഞ്ഞാല്‍ മാത്രം ഫ്ളാപ്പുകള്‍ പൊന്തിച്ചാല്‍ മതി. ഇവിടെ ഫ്ളാപ്പുകള്‍ താഴ്ന്നു കിടന്നു എന്നത് അപകടത്തിനു കാരണമാകുന്നില്ല.

ലാന്റിങ് ശ്രമം പരാജയപ്പെട്ടാല്‍ കോയമ്പത്തൂരിലെക്ക് ഫ്ളൈറ്റ് തിരിച്ചു വിട്ടാല്‍ യാത്രക്കാര്‍ ക്ഷുഭിതരാകും. കോക്ക്പിറ്റില്‍ കയറി വരെ യാത്രക്കാര്‍ പ്രശ്നമുണ്ടാക്കും. തിരുവനന്തപുരത്ത് ഇത് മുന്‍പ് സംഭവിച്ചിട്ടുമുണ്ട്. കാലിക്കറ്റില്‍ കൊണ്ടുപോകേണ്ടതിന് പകരം കോയമ്പത്തൂര്‍ ഇറക്കി എന്ന് ചൂണ്ടിക്കാട്ടി യാത്രക്കാര്‍ പ്രശ്നം സൃഷ്ടിക്കും. മാനെജ്മെന്റ് പൈലറ്റിനു അണ്‍ ഒഫീഷ്യല്‍ ആയി വാണിങ് നല്‍കും. ഇതൊക്കെ ഓര്‍ത്താകും പൈലറ്റ് വീണ്ടും ലാന്‍ഡിംഗിനു ശ്രമിച്ചിട്ടുണ്ടാവുക. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എല്ലാം ഒരേ തരത്തിലുള്ള കാലാവസ്ഥയാകും. പക്ഷെ കോയമ്പത്തൂര്‍ കാലാവസ്ഥ ക്ലിയര്‍ ആയിരിക്കും. പശ്ചിമഘട്ടം കഴിഞ്ഞാണ് കോയമ്പത്തൂര്‍ വരുന്നത്. അതുകൊണ്ട് കേരളത്തിലെ കാലവസ്ഥയല്ല കോയമ്പത്തൂരില്‍ വരുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കോയമ്പത്തൂര്‍ ആണ് നല്ലത്. അല്ലെങ്കില്‍ ബംഗളൂര്. പക്ഷെ പൈലറ്റുമാര്‍ മുന്‍പ് പറഞ്ഞ ഒരു പ്രശ്നം നേരിടേണ്ടി വന്നേക്കാം. പക്ഷെ ടേക്ക് ഓഫിനു മുന്‍പ് തന്നെ എയര്‍ട്രാഫിക് കണ്‍ട്രോളുമായി ഈ രീതിയില്‍ ഒരു ചര്‍ച്ച നടത്തിയിട്ടുണ്ടാകും. അതിനാല്‍ കോയമ്പത്തൂരിലെക്ക് പോകാന്‍ ആകും പൈലറ്റ് ശ്രമിച്ചിട്ടുണ്ടാകുക. പക്ഷെ വന്നത് അപകടമാണ്.

ഒരു വിമാനദുരന്തം വരുമ്പോള്‍ ആദ്യം എത്തേണ്ടത് റെസ്‌ക്യൂ ടീമും ഫയര്‍ഫോഴ്സ്സുമാണ്. ട്രെയിന്‍ഡ് ആയവര്‍ മാത്രമാണ് എയര്‍ റെസ്‌ക്യൂ നടത്തേണ്ടത്. അങ്ങനെ വരുമ്പോള്‍ റെസ്‌ക്യൂ ടീമും ഫയര്‍ഫോഴ്സുമാണ് ആദ്യം വരേണ്ടത്. കരിപ്പൂര്‍ ദുരന്ത സമയത്ത് ഈ രണ്ടു ടീമും അവിടെ എത്തിയില്ല. ഇവര്‍ എവിടെയായിരുന്നു. റണ്‍വെയ്ക്ക് തൊട്ടടുത്താണ് അപകടം നടന്നത്. എന്തുകൊണ്ട് ഇവര്‍ എത്തിയില്ല എന്ന ചോദ്യം അതുകൊണ്ട് തന്നെ പ്രസക്തമാണ്. കാലാവസ്ഥ മോശമാകുമ്പോള്‍ ആദ്യം അലര്‍ട്ട് ആകേണ്ടത് എയര്‍പോര്‍ട്ട് സുരക്ഷാ സംവിധാനങ്ങള്‍. കാലവസ്ഥ മോശമായിട്ടും ഈ സംവിധാനങ്ങള്‍ കരിപ്പൂരില്‍ ഉറക്കമായിരുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഓരോ എയര്‍ക്രാഫ്റ്റ് വരുമ്പോഴും സുരക്ഷാ സംവിധാനങ്ങള്‍ എയര്‍പോര്‍ട്ടില്‍ റെഡി ആയിട്ട് നില്‍ക്കണം.

ദിവസവും രാവിലെയും വൈകുന്നേരവും ഈ എക്സര്‍സൈസ് അവര്‍ ചെയ്യേണ്ടതാണ്. ഇതെല്ലാം മെയിന്റൈന്‍ ചെയ്തിട്ട് ഒരാളെ പോലും അപകട സമയത്ത് കാണാന്‍ കഴിഞ്ഞില്ല എന്ന് പറയുമ്പോള്‍ ഈ സുരക്ഷാ സംവിധാനങ്ങളുടെ പൊള്ളത്തരമാണ് വ്യക്തമാക്കുന്നത്. മംഗലാപുരം വിമാനദുരന്തം കഴിഞ്ഞപ്പോള്‍ ഒരു മണിക്കൂര്‍ ആയി ഫയര്‍ഫോഴ്സ് എത്താന്‍. പക്ഷെ അവിടെ ഫയര്‍ഫോഴ്സിന് എത്തിപ്പെടാന്‍ പ്രയാസമായിരുന്നു. ഇവിടെ കരിപ്പൂരില്‍ 35 അടി മാത്രമാണ് താഴേക്ക് പോയത്. റണ്‍വെയില്‍ നിന്നും താഴത്താണ് അപകടം എന്നതിനാല്‍ റെസ്‌ക്യൂ സര്‍വീസസ് ഇമ്മീഡിയറ്റ് ആയി എത്തിക്കാമായിരുന്നു. എയര്‍ട്രാഫിക്ക് കണ്‍ട്രോളില്‍ ഒരു സ്വിച്ചുണ്ട്. അത് പ്രസ് ചെയ്ത് കഴിഞ്ഞാല്‍ ആംബുലന്‍സ്, ഹോസ്പ്പിറ്റല്‍സില്‍ എല്ലാം സന്ദേശം പോകും. ഇത് പ്രകാരം എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്താന്‍ കഴിയും. അപകട സമയത്ത് കരിപ്പൂരില്‍ അടിയന്തിരമായി ഫംഗ്ഷന്‍ ചെയ്യേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും പ്രവര്‍ത്തിച്ചില്ല. ഇതെല്ലാം എയര്‍ക്രാഫ്റ്റ് ഇന്‍വെസ്റ്റിഗേഷനെ ബാധിക്കുന്ന കാര്യമാണ്.
190 പേരുമായി ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണു കനത്ത മഴയില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍നിന്നു തെറിച്ച് 35 അടി താഴേക്കു വീണത്. പിളര്‍ന്നു തകര്‍ന്ന വിമാനത്തിലെ പൈലറ്റുമാര്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. രാത്രി 7.40-ന് മഴ തകര്‍ത്തു പെയ്യുന്നതിനിടെയായിരുന്നു ദുരന്തം. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു ഗര്‍ഭിണിയടക്കം 5 പേര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *