അറസ്റ്റ് ഭയന്ന മൂന്ന് ഫെമിനിസ്റ്റുകളുടെയും ഫോണ്‍ സ്വിച്ച് ഓഫ്

Breaking Crime

തിരുവനന്തപുരം: സോഷ്യല്‍ മീഡയയിലൂടെ അവഹേളിച്ചന്നാതോപിച്ച് യൂട്ഊബര്‍ വിജയ്.പി.നായരെ ലോഡ്ജ് മുറിയില്‍ അതിക്രമിച്ചുകടന്ന് കൈയേറ്റം ചെയ്ത് ലാപ്ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിലെ പ്രതികളായ ഫെമിനിസ്റ്റുകളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന , കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയെങ്കിലും പ്രതികളെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്യില്ല. അറസ്റ്റ് ഭയന്ന മൂന്ന് ഫെമിനിസ്റ്റുകളുടെയും ഫോണ്‍ സ്വിച്ച് ഓഫാണെന്നാണ് പോലീസ് പറയുന്നു. ഇതുകൊണ്ട് തന്നെ പ്രതികള്‍ ഒളിവിലാണെന്ന വാദം പൊലീസ് ഉയര്‍ത്തും. ഹൈക്കോടതിയില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുമെന്നും സൂചനയുണ്ട്.
തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി ശേഷാദ്രിനാഥാണ് ഹര്‍ജി തള്ളിയത്. നിയമം കൈയിലെടുത്ത പ്രതികള്‍ക്ക് ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സമൂഹത്തിനത് തെറ്റായ സന്ദേശം നല്‍കുമെന്നും മറ്റുള്ളവര്‍ക്കുമത് പ്രചോദനമാകുമെന്നും പ്രോസിക്യൂട്ടര്‍ എന്‍.സി. പ്രിയന്റെയും ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് കക്ഷി ചേര്‍ന്ന മെന്‍സ് അസോസിയേഷന് വേണ്ടി അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജിന്റെയും വാദം അംഗീകരിച്ചാണ് മൂന്നു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തള്ളിയത്.

നിയമം കൈയിലെടുക്കുന്നത് അനുവദിക്കാനാവില്ല. അക്രമാസക്തരായി 12 മിനിറ്റ് നേരം അക്രമം അഴിച്ചുവിട്ട് അത് ലൈവായി സമൂഹമാധ്യമത്തിലൂടെ പ്രക്ഷേപണം ചെയ്ത പ്രതികള്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് ചെയ്തത്. ജാമ്യാപേക്ഷയുമായി എത്തേണ്ടവര്‍ ശുദ്ധമായ കരങ്ങളോടെയാണ് എത്തേണ്ടത്. നിയമത്തെയും നീതിന്യായ നിര്‍വഹണ സിസ്റ്റത്തെയും ബഹുമാനിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള വിവേചനപരിഹാരത്തിന് അര്‍ഹതയില്ല.

കണ്ണിന് കണ്ണ് , പല്ലിന് പല്ല് എന്ന നയം ആരംഭിച്ച് എല്ലാവരും നിയമം കയ്യിലെടുത്താല്‍ സമൂഹത്തില്‍ അരാജകത്വമുണ്ടാകും. കുറ്റവും ശിക്ഷയും ജനങ്ങള്‍ സ്വയം നടപ്പാക്കിയാല്‍ ജനങ്ങളുടെ സമാധാന ജീവിതം അസാദ്ധ്യമാകും. ഇത്തരം കേസുകളില്‍ പ്രതികളെ സ്വതന്ത്രരാക്കി വിട്ടയച്ചാല്‍ സാധാരണക്കാര്‍ക്ക് നിയമത്തിലും കോടതിയിലുമുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന മെന്‍സ് റൈറ്റ് അസോസിയേഷന്റെ വാദത്തിന് അടിസ്ഥാനമുണ്ട്. കസ്റ്റഡിയില്‍ വെച്ച് പ്രതികളെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ട്. കൃത്യത്തിനുപയോഗിച്ച വാഹനം തൊണ്ടിയായി ഹാജരാക്കേണ്ടതുണ്ട്.

പ്രതികള്‍ കൃത്യം ചെയ്തതിന്റെ സ്വയമായി ഉണ്ടാക്കിയ ഷൂട്ട് ചെയ്ത വീഡിയോ തെളിവ് , പ്രതികള്‍ കുത്യസ്ഥലത്തേക്ക് വന്നതിന്റെ സിസിറ്റി വി ഫൂട്ടേജ് എന്നിവ പിടിച്ചെടുത്ത് തൊണ്ടിയായി ഹാജരാക്കണമെന്ന അസോസിയേഷന്റെ വാദത്തിന് കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ പൊതുതാല്‍പര്യത്തിനും പൊതു നീതിക്കും പൊതുസമാധാനത്തിനും വിരുദ്ധമാകുമെന്ന വാദവും പ്രോസിക്യൂഷനും മറ്റ് കക്ഷിയും ഉയര്‍ത്തി. ഇതെല്ലാം പ്രതിഫലിക്കുന്നതായിരുന്നു കോടതി ഉത്തരവ്. ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കള്‍ക്കും കോടതിയുടെ രൂക്ഷ വിമര്‍ശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയില്‍ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

2020 സെപ്റ്റംബര്‍ 26 നാണ് ഫെമിനിസ്റ്റുകള്‍ സംഘം ചേര്‍ന്ന് വിജയ്. പി.നായരെ ആക്രമിച്ചത്. യൂട്യൂബ് ചാനലില്‍ സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തെന്നാരോപിച്ച് യൂട്യൂബറെ ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ ഫെമിനിസ്റ്റുകള്‍ കൈയേറ്റം ചെയ്ത കേസില്‍ അറസ്റ്റ് ഭയന്ന് ഭാഗ്യലക്ഷ്മിയടക്കം മൂന്നു ഫെമിനിസ്റ്റുകള്‍ വെവ്വേറെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സെപ്റ്റംബര്‍ 28 ന് സമര്‍പ്പിക്കുകയായിരുന്നു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള ഇരുഭാഗത്തെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ സര്‍ക്കാര്‍ നിലപാട് ഒക്ടോബര്‍ 7 ന് അറിയിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

സെപ്റ്റംബര്‍ 26 നാണ് സംസ്ഥാനമൊട്ടുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായ കേരളക്കരയെ ഞെട്ടിച്ച അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. യൂ ട്യൂബ് ചാനലില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഫെമിനിസ്റ്റുകളായ ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയസന , സിനിമ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ സംഘം ചേര്‍ന്ന് യൂട്ഊബര്‍ നേമം തെന്നൂര്‍ സ്വദേശി വിജയ്.പി.നായരെ മര്‍ദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും മുണ്ടുരിഞ്ഞ് ചെറിയണം ദേഹത്ത് ഇടുകയും ചെയ്യുകയായിരുന്നു. സംഭവം മുഴുവന്‍ ഫെമിനിസ്റ്റുകള്‍ വീഡിയോയില്‍ പകര്‍ത്തുകയും ഇതിന്റെ ഫെയ്സ് ബുക്ക് ലൈവ് ദിയസന തന്റെ അക്കൗണ്ടിലൂടെ പങ്ക് വക്കുകയും ചെയ്തു. യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
വിജയ് താമസിക്കുന്ന തമ്പാനൂര്‍ ഗാന്ധാരി അമ്മന്‍കോവില്‍ റോഡിലുള്ള ലോഡ്ജ് മുറിയില്‍ അതിക്രമിച്ചു കടന്ന് കയറിയാണ് ആക്ടിവിസ്റ്റുകള്‍ അരങ്ങ് തകര്‍ത്തത്. തുടര്‍ന്ന് വിജയിന്റെ ലാപ്ടോപ്പ് , മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പിടിച്ചുപറിച്ചു കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് തമ്പാനൂര്‍ പൊലീസില്‍ വിജയ് തങ്ങളെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി കൈയേറ്റവും ബലപ്രയോഗവും ചെയ്തെന്ന് കാട്ടി പരാതി നല്‍കി. പരാതിയില്‍ തമ്പാനൂര്‍ പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 354 ചുമത്തി തമ്പാനൂര്‍ ക്രൈം 1764/2020 നമ്പരായി കേസ് എടുക്കുകയായിരുന്നു. അന്ന് തന്നെ വിജയ്.പി. നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിയടക്കം 3 ആക്ടിവിസ്റ്റുകളുടെ പേരില്‍ തമ്പാനൂര്‍ പൊലീസ് ക്രൈം 1765/2020 നമ്പരായി ജാമ്യമില്ലാ വകുപ്പുപുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 452 ( ദേഹോപദ്രവം ഏല്‍പ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരുക്കം കൂട്ടിയുള്ള ഭവനഭേദനം) , 294 (ബി) (അശ്ലീല പദപ്രയോഗം നടത്തല്‍) , 323 (ദേഹോപദ്രവം ഏല്‍പ്പിക്കല്‍) , 506 ( ഭീഷണിപ്പെടുത്തല്‍) , 392 ( പിടിച്ചുപറിക്കല്‍) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവര്‍ത്തിക്കല്‍) എന്നീ വകുപ്പുകള്‍ 3 ഫെമിനിസ്റ്റുകള്‍ക്കുമെതിരെ ചുമത്തിയാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *