കോഴിക്കോട്: അനശ്വര ഗായകന് മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയനായി മലയാളികളുടെ ‘ചോട്ടാ റഫി’ എന്ന പട്ടം ലഭിച്ച ഗായകനാണ് കോഴിക്കോട്ടുകാരന് സൗരവ് കിഷന്. തന്റെ മൂന്നാം വയസ്സ് മുതല്‍ സംഗീതം പഠിക്കുന്ന സൗരവ് തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതും സംഗീതത്തിനാണ്. അത് കഴിഞ്ഞേ മറ്റെന്തുമൊള്ളു. സംഗീതത്തില്‍ പല പരീക്ഷണങ്ങളും നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. തന്റെ മുത്തച്ഛന് രാമകൃഷ്ണനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സംഗീത മേഖലയിലേക്ക് താന്‍ കാലടുത്ത്വെച്ചതെന്ന് സൗരവ് പറയുന്നു. മുത്തച്ഛന് വളരെ മികച്ച ഒരു ഗായകനാണ്. മുത്തച്ഛനുമായി എനിക്ക് വലിയ ആത്മബന്ധമുണ്ട്. എനിക്ക് എല്ലാം എന്റെ സംഗീതമാണ്. എങ്കിലും ഇപ്പോള്‍ വിദ്യാര്‍ഥിയായതുകൊണ്ടു തന്നെ പഠനത്തിനു വേണ്ടിയും സമയം കണ്ടെത്താറുണ്ടെന്നും സൗരവ് പറയുന്നു.
മുത്തച്ഛന് വീട്ടില്‍ എന്നും റഫി സാറിന്റെ പാട്ടുകള്‍ ഗ്രാമഫോണില്‍ പ്ലേ ചെയ്യുമായിരുന്നു. ഞാന്‍ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതു വരെ ഈ പാട്ടുകളാണ് കേള്‍ക്കുക. അങ്ങനെ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ റഫി സാറിന്റെ പാട്ടുകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഗാനങ്ങളോട് ഒരു വല്ലാത്ത പ്രണയമാണ് എനിക്ക്. തന്റെ പ്രണയം പാട്ടുകളോടാണ്.
റഫി സാറിന്റെ ഏകദേശം എണ്ണൂറോളം ഗാനങ്ങള്‍ ഞാന്‍ പഠിച്ചിട്ടുമുണ്ട്. പിന്നെ ഞാന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത കാലത്ത് അവിടെ വിധികര്‍ത്താവായി എത്തിയ ജോണ്സണ് മാഷ് എന്നോടു പറഞ്ഞു, റഫി സാറിന്റെ ഗാനങ്ങളില്‍ കുറച്ചു കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്. അദ്ദേഹം തന്നെയാണ് എനിക്ക് കുട്ടി റഫി എന്ന ലേബല്‍ സമ്മാനിച്ചതും.
ആസ്വാദകരുടെ പ്രിയപ്പെട്ട ചോട്ടാ റഫിയായി തിളങ്ങുന്നതിനിടെ കഴിഞ്ഞ മാസമാണ് സൗരവിനു അപ്രതീക്ഷിതമായൊരു അംഗീകാരം ലഭിച്ചത്. മഹീന്ദ്ര ഗ്രൂപ്പ് കമ്പനികളുടെ അമരക്കാരന് ആനന്ദ് മഹീന്ദ്രയും പ്രമുഖ ഗായകന് ശങ്കര്‍മഹാദേവനും ട്വിറ്ററിലൂടെ പങ്കുവച്ച അഭിനന്ദനത്തിന്റെ ത്രില്ലിലായിരുന്നു സൗരവ് കിഷന്. പുതിയൊരു മുഹമ്മദ് റഫിക്കായി പതിറ്റാണ്ടുകളായി കാത്തിരിക്കുകയായിരുന്നു നമ്മള്. ആ കാത്തിരിപ്പ് അവസാനിക്കാറായെന്നു തോന്നുന്നു. എനിക്ക് ഈ വീഡിയോക്ലിപ്പ് നിര്‍ത്താന്‍ തോന്നുന്നില്ല എന്നാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. തേരീ ആംഖോം കെ സിവാ…എന്ന എക്കാലത്തെയും റഫി ഹിറ്റുകളിലൊന്നാണ് സൗരവ് അതേ ഭാവതനിമയോടെ ആലപിച്ചത്. മാസങ്ങള്‍ക്കു മുമ്പ് യൂടൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഷെയര്‍ ചെയ്യപ്പെട്ട് ആനന്ദിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഈ ടാലന്റ് കാണുക..എന്തൊരു ശബ്ദമാണിത്..ഇങ്ങനെ പാടുന്നതു കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം എന്ന കുറിപ്പോടെയാണ് ശങ്കര്‍മഹാദേവന്‍ വീഡിയോ പങ്കുവച്ചത്. നീതി ആയോഗ് സിഇഒയും കോഴിക്കോട്ടെ മുന്‍ കളക്ടറുമായ അമിതാഭ്കാന്ത് ഉള്‍പ്പെടെയുള്ളവരും പ്രശംസകളോടെ വീഡിയോ ഷെയര്‍ ചെയ്തു. ചേവരമ്പലം കൃഷ്ണ നിവാസില്‍ സുനില്‍ പി. നെടുങ്ങാട്ടിന്റെയും മിന്നികറാണിയുടെയും മകനാണ് സൗരവ് കിഷന്. ചൈനയിലെ സിന്‍ജിയാങ്ങ് സര്‍വകലാശാലയില്‍ എംബിബിഎസ് വിദ്യാര്‍ഥിയാണിപ്പോള്‍. സഹോദരന് വൈഭവ് കിഷന് ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. പിതാവ് സുനിലും മുത്തച്ഛന് ഡോ. രാമകൃഷ്ണനുമെല്ലാം സംഗീതത്തെ ഏറെ സ്നേഹിക്കുന്നവര്‍.
പ്രതാപന് കോഴിക്കോട്, സതീഷ്ബാബു കോഴിക്കോട് എന്നിവരാണ് ഗുരുക്കന്മാര്. റിയാലിറ്റിഷോകളിലൂടെയാണ് സൗരവ് ഈ രംഗത്തു ചുവടുറപ്പിക്കുന്നത്. റിയാലിറ്റി ഷോയില്‍ സുഹാനീ രാത് ധല്ചുകീ…എന്ന ഗാനമാലപിച്ചപ്പോള്‍ വിധികര്‍ത്താവായിരുന്ന സംഗീതസംവിധായകന് ജോണ്സണ് മാസ്റ്ററാണ് കുട്ടി റഫിയെന്ന് സൗരവിനെ വിശേഷിപ്പിച്ചത്. റഫി ഗാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന ഉപദേശവും അദ്ദേഹം നല്കി. ഇതു പിന്തുടര്‍ന്ന സൗരവിന്റെ ആലാപനം ആസ്വാദകര്‍ ഹൃദയത്തിലേറ്റുവാങ്ങി.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് റഫി ഫൗണ്ടേഷന്റെ നിരവധി വേദികളില്‍ സൗരവ് റഫിഗാനവിസ്മയം പുനസൃഷ്ടിച്ചു. വിദേശത്തുള്‍പ്പെടെയുള്ള സ്റ്റേജ്ഷോകളില്‍ തിളങ്ങിയതോടെ ചോട്ടാ റഫിയെന്ന വിളിപ്പേര് സ്ഥിരപ്പെടുകയായിരുന്നു. സംഗീതത്തെ ജീവശ്വാസമായി കൊണ്ടുനടക്കുന്ന ആസ്വാദകരുള്ള കോഴിക്കോട്ട് ജനിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നതെന്ന് സൗരവ് കിഷന് സമയം മലയാളത്തോടു പറഞ്ഞു. അതിനൊപ്പം കുടുംബത്തിന്റെയും കൂട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണയാണ് സംഗീതയാത്രയില്‍ മുന്നോട്ടുനയിക്കുന്നത്. സൗരവിനു പ്രോത്സാഹനവുമായി മുഹമ്മദ് റഫി ഫൗണ്ടേഷന് എന്നും കൂടെയുണ്ടാകുമെന്ന് പ്രസിഡന്റ് ടിപിഎം ഹാഷിര്‍ അലിയും പറഞ്ഞു.
