പഴകിയ ഈത്തപ്പഴങ്ങളും വിപണിയില്‍ സജീവം. തിരൂരില്‍ 15 ലക്ഷം രൂപയൂടെ അഞ്ച് ടണ്‍ ഈന്തപ്പഴം പിടിച്ചെടുത്ത് കത്തിച്ചു

Breaking News

മലപ്പുറം: കോവിഡ് ലോക്ഡൗണും മൂലം പഴകിയ ഈത്തപ്പഴങ്ങളും വിപണിയില്‍ സജീവം. തിരൂരില്‍ 15 ലക്ഷം വില വരുന്ന അഞ്ച് ടണ്‍ ഈന്തപ്പഴം പിടിച്ചെടുത്തു നശിപ്പിച്ചു. പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തില്‍ നിന്ന് വില്‍പ്പന നടത്തിയ ഈന്തപ്പഴ പാക്കറ്റ് പഴകിയതും പുഴു അരിച്ചതുമാണെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.

കച്ചവടക്കാര്‍ കാലാവധി കഴിഞ്ഞ ഈന്തപ്പഴം ‘ഒന്നെടുത്താല്‍ ഒന്ന് ഫ്രീ’ എന്ന തരത്തില്‍ പാക്കറ്റുകളായാണ് വില്‍പ്പന നടത്തിയിരുന്നത്. പരാതിയിലെ ഭക്ഷ്യ വസ്തുവിന്റെ ലേബലിലുള്ള വിലാസമനുസരിച്ച് പാക്കിങ് യൂണിറ്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സാല്‍വിയ എക്സ്പോര്‍ട്‌സ് ആന്റ് ഇംപോര്‍ട്സ് എന്ന സ്ഥാപനം എടവണ്ണയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. തുടര്‍ന്നാണ് കോട്ടക്കല്‍, തിരൂര്‍ എന്നീ സര്‍ക്കിളുകളിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്.

തിരൂര്‍ ആതവനാടുള്ള സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ 4885 കിലോഗ്രാം ഈന്തപ്പഴം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി ജയശ്രീയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തു നശിപ്പിച്ചു. സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഉണ്ടായിരുന്നില്ല. നിലവില്‍ പ്രവര്‍ത്തന രഹിതമായ സാല്‍വിയ എക്സ്പോര്‍ട്‌സ് ആന്റ് ഇംപോര്‍ട്സ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള ലൈസന്‍സ് ഉപയോഗിച്ച് അനധികൃതമായിട്ടാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. നിയമാനുസൃതം ലൈസന്‍സ് നേടാതെ പ്രവര്‍ത്തിച്ച സ്ഥാപനം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. പരിശോധനയില്‍ തിരൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ പി അബ്ദുള്‍ റഷീദ്, ഏറനാട് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ആര്‍ ശരണ്യ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *