‘സംഘികള്‍ കുരങ്ങന്മാരെ പോലെ’ എന്ന ഖുശ്ബുവിന്റെ ആദ്യകാല ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ എതിരാളികള്‍. തെന്നിന്ത്യന്‍ നടി ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ നടിയുടെ ആദ്യകാല ട്വീറ്റുകള്‍ കുത്തിപ്പൊക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ എതിരാളികള്‍. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലുള്ളവര്‍ വേണം. മോദി രാജ്യത്തെ ശരിയായ പാതയില്‍ നയിക്കുന്നു, തുടങ്ങിയ പ്രസ്താവനകളോടെയായിരുന്നു ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് ഖുശ്ബുവിന്റെ പഴയ ട്വീറ്റുകള്‍ ചര്‍ച്ചയായത്. ഒരാഴ്ച മുമ്പ് വരെ മോദിയെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ ഖുശ്ബു പങ്കുവെച്ചിട്ടുണ്ട്.കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഖുശ്ബുവിന്റെ കാലുമാറ്റം തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
ഖുശ്ബു അങ്ങനെ ചെയ്തത് ദൗര്‍ഭാഗ്യകരമാണ്. അവര്‍ക്ക് പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയില്ലെന്നും പാര്‍ട്ടി വിട്ടത് വരാനിരിക്കുന്ന തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നം ഗുണ്ടുറാവു പി.ടി.ഐയോട് പ്രതികരിച്ചു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മാത്രം ബാക്കി നില്‍ക്കെയായിരുന്നു കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നത്.
ഒരാഴ്ച മുമ്പ് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചിരുന്ന ആളാണ് ഇപ്പോള്‍ ബി.ജെ.പിയില്‍ പോയി അംഗത്വമെടുത്തിരിക്കുന്നതെന്നും ഗുണ്ടു റാവു പരിഹസിച്ചു. ഇതൊന്നും ഞങ്ങളെ ബാധിക്കില്ല, അവര്‍ ഒരു നടിയായതിനാല്‍ മാധ്യമങ്ങള്‍ കുറച്ചുദിവസത്തേക്ക് കൈകാര്യം ചെയ്യും. പിന്നീട് ഈ വിഷയം മാഞ്ഞുപോകുമെന്നും ഗുണ്ടുറാവു കൂട്ടിച്ചേര്‍ത്തു.
