ട്വന്റി ട്വന്റി സിനിമയിലെ നടി ഭാവനയുടെ കഥാപാത്രത്തെക്കുറിച്ചുള്ള
പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തി

Breaking Entertainment

തിരുവനന്തപുരം: ട്വന്റി ട്വന്റി സിനിമയിലെ നടി ഭാവനയുടെ കഥാപാത്രത്തെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തി. കഥാപാത്രം മരിച്ചുപോയതല്ലെയെന്നാണ് ഉദ്ദേശിച്ചത്. ട്വന്റി ട്വന്റി സിനിമയില്‍ ഭാവനയുടെ കഥാപാത്രം മരിക്കുന്നുണ്ട്. മരിച്ച ഒരാളെ രണ്ടാം ഭാഗത്തില്‍ എങ്ങനെ അഭിനയിപ്പിക്കുമെന്നാണ് താന്‍ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്. ഭാവന അമ്മയിലെ അംഗമല്ലാത്തതും അഭിനയിപ്പിക്കാന്‍ തടസമാണെന്നും ഇടവേള ബാബു പറഞ്ഞു.അതേസമയം ഭാവന അവതരിപ്പിക്കുന്ന അശ്വതി നമ്പ്യാര്‍ ട്വന്റി ട്വന്റി എന്ന സിനിമയില്‍ മരിച്ചെന്ന ഇടവേള ബാബുവിന്റെ വാദവും ശരിയല്ല. കഥാപാത്രം കോമയില്‍ കിടക്കുന്നതായാണ് സിനിമയില്‍ പറയുന്നത്. ഇടവേള ബാബുവിന്റെ ആദ്യ പ്രസ്താവനയെ നടി പാര്‍വ്വതി തെരുവോത്ത് ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇടവേള ബാബു നടത്തിയത് നാണംകെട്ട പരാമര്‍ശമാണെന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച പാര്‍വ്വതി അമ്മയില്‍ നിന്നും രാജിവയ്ക്കുന്നതായി പിന്നീട് പ്രഖ്യാപിച്ചു. അതേസമയം പാര്‍വ്വതിയുടെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.

ട്വന്റി ട്വന്റി മോഡല്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ഭാവനയുണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു റോളുണ്ടാകില്ലെന്നും മരിച്ചവരെ എങ്ങനെ തിരിച്ചു കൊണ്ടുവരുമെന്നും ഇടവേള ബാബു മറുപടി നല്‍കിയത്. ഇതിനെ പരിഹസിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. ഒരു വിഡ്ഢിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമര്‍ശം എന്ന കാപ്ഷനോടെ അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിന്റെ പ്രതികരണവും പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഇടവേള ബാബു നടി ഭാവനക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ തുറന്നടിച്ചു കൊണ്ടാണ് പാര്‍വ്വതിയുടെ രാജി പ്രഖ്യാപനം നടത്തിയത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് സംഘടനയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പാര്‍വതി ഫേസ്ബുക്കില്‍ എഴുതി.

‘ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്’, പാര്‍വതി പറഞ്ഞു. താന്‍ രാജിവെക്കുന്നതിനൊപ്പം ഇടവേള ബാബുവും രാജിവെക്കണമെന്ന് പാര്‍വ്വതി ആവശ്യപ്പെട്ടു.

2018 ല്‍ എന്റെ സുഹൃത്തുക്കള്‍ അമ്മയില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ അമ്മ ജനറല്‍സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിക്കുന്നു. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല.ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് മിസ്. ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങള്‍ ഈ പരാമര്‍ശം ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും നിങ്ങള്‍ കൈകാര്യം ചെയ്ത അതേമോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്. ഞാന്‍ അമ്മയില്‍ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാന്‍ നോക്കി കാണുന്നു.പാര്‍വതി തിരുവോത്ത്‌

Leave a Reply

Your email address will not be published. Required fields are marked *