പ്രിയങ്ക ഗാന്ധിയെ കൂടുതല്‍ ഉയര്‍ത്തിക്കാട്ടുന്നു. പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നു

Breaking India

കോണ്‍ഗ്രസ് പ്രതിസന്ധി ഘട്ടത്തിലൂടെ മുന്നോട്ടു പോകുന്നതിനിടയില്‍ പാര്‍ട്ടിയിലും പുറത്തും പ്രിയങ്കഗാന്ധിക്കു ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വീകാര്യത മുതലെടുത്ത് കൂടുതല്‍ ചുമതലകള്‍ നല്‍കാന്‍ നീക്കം.
സോണിയ ഗാന്ധി തന്നെ ഇടക്കാല അദ്ധ്യക്ഷയായി തുടരുന്നു. രാഹുല്‍ ഇടയ്ക്ക് സജീവമായും ഇടയ്ക്ക് മൗനം പാലിച്ചും അങ്ങനെ. അദ്ധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുക്കുമോയെന്ന കാര്യത്തില്‍ മനസ്സ് തുറക്കുന്നുമില്ല. കാര്‍ഷിക ബില്ലും, ഹത്രസ് സംഭവവും രാഷ്ട്രീയമായി അല്‍പം മൈലേജ് കോണ്‍ഗ്രസിന് നല്‍കിയെങ്കിലും തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അതൊന്നും പോരാ. ഇതെല്ലാം മനസ്സില്‍ കണ്ടാവണം, ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിയെ കൂടുതല്‍ ഉയര്‍ത്തിക്കാട്ടാനാണ് പാര്‍ട്ടിയുടെ ശ്രമം.

ഹത്രസ് സംഭവം അടക്കം യുപിയിലെ സംഭവങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി അവതരിപ്പിക്കുമോ? അങ്ങനെ കരുതുന്നവര്‍ ഏറെ. പാര്‍ട്ടി സ്ഥാപകദിനത്തില്‍ അത്തരത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പലരും. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വക്താവായ സുരേന്ദ്ര രാജ്പുത്തിന്റെ പരോക്ഷ പരാമര്‍ശം ഇങ്ങനെ: ‘പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി രണ്ടുമാസത്തിന് ശേഷം സമ്പൂര്‍ണമായ പ്രചാരണം തുടങ്ങും

സ്ഥാപകദിനം ഇത്തവണ വിപുലമായി ആഘോഷിക്കാനാണ് പാര്‍ട്ടി തീരുമാനം. അതേസമയം, പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കണമോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ട്. പാര്‍ട്ടിയുടെ മുഖ്യസംഘാടകയും, താരപ്രചാരകയുമായി അവര്‍ തുടര്‍ന്നാല്‍ മതിയെന്ന വാദവും പ്രബലമാണ്. എന്നാല്‍, പ്രിയങ്കയെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ സമ്മര്‍ദ്ദമേറുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്ചെയ്യുന്നത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് പ്രിയങ്കയെ ആദ്യമായി ഔദ്യോഗിക ഭാരവാഹി ആക്കിയതും, കിഴക്കന്‍ യുപിയുടെ ചുമതല നല്‍കിയതും. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി, യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ് എന്നിവയെയും എല്ലാ അനുബന്ധ സംഘടനകളെയും, ജില്ലാ, നഗര കമ്മിറ്റികളെയും കഴിഞ്ഞ ഒരുവര്‍ഷമായി പ്രിയങ്ക പുനരുജ്ജീവിപ്പിച്ചു. പഴയമട്ടില്‍ യുപിസിസി ജംബോ കമ്മിറ്റിയല്ല. കാര്യങ്ങള്‍ പഠിക്കാനും, നടത്തിയെടുക്കാനും ശേഷിയുള്ള 55 ഔദ്യോഗിക ഭാരവാഹികളെയാണ് പ്രിയങ്ക തിരഞ്ഞെടുത്തിരിക്കുന്നത്. മിക്കവരും 45-50 പ്രായത്തിന് ഇടയില്‍ ഉള്ളവരാണ്.

സഞ്ജയ് ഗാന്ധി 1970 ല്‍ പാര്‍ട്ടിക്ക് വേണ്ടി ഉണ്ടാക്കിയ പുനരുദ്ധാരണ പദ്ധതിയുടെ ചുവട് പിടിച്ചാണ് പ്രിയങ്കയുടെ നീക്കം. അന്ന് സഞ്ജയ് സിങ്, അരുണ്‍ കുമാര്‍ മുന്ന, നിര്‍മല്‍ ഖാത്രി, ഹരീഷ് റാവത്ത് എന്നിങ്ങനെ യുവതുര്‍ക്കികളുടെ പട തന്നെ വന്നു. അടിയന്തരവസ്ഥയ്ക്ക് ശേഷം പാര്‍ട്ടി അധികാരത്തില്‍ നിന്ന് അകന്നുനില്‍ക്കുമ്പോളായിരുന്നു സഞ്ജയ് ഗാന്ധിയുടെ പുനരുജ്ജീവന പദ്ധതി. പ്രിയങ്കയും സമാനമായ രീതിയില്‍, പാര്‍ട്ടി ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന യുവതലമുറയെ ആണ് തിരഞ്ഞടുത്തിരിക്കുന്നത്. സോന്‍ഭദ്ര കൂട്ടക്കൊലയായാലും ഹത്ര മാനഭംഗക്കേസായാലും യുപിസിസി അദ്ധ്യക്ഷന്‍ ചടുലനായ അജയ് കുമാര്‍ ലല്ലൂവിന്റെ നേതൃത്വത്തില്‍ ശക്തമായ സമരമാണ് യോഗി സര്ഡക്കാരിനെ വെല്ലുവിളിച്ച് നടക്കുന്നത്.

ഡിസംബര്‍ അവസാനത്തോടെ പാര്‍ട്ടിയുടെ ബ്ലോക്ക്-വില്ലേജ്, ബൂത്ത് ലെവല്‍ തലത്തില്‍ ചട്ടക്കൂടാകുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് യുപി കോണ്‍ഗ്രസ് കമ്മിറ്റി വക്താവായ സുരേന്ദ്ര രാജ്പുത് പറയുന്നു. ഡല്‍ഹിയിലെ ഭൂരിപക്ഷം നേതാക്കളും പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കണമെന്ന അഭിപ്രായക്കാരാണ്. ഇക്കാര്യത്തില്‍ ഗാന്ധി കുടുംബത്തിന്റെ അംഗീകാരമാണ് വേണ്ടത്. എല്ലാവശങ്ങളും പരിശോധിച്ച ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളു.

യുപിയില്‍ പൊരുതി നോക്കാന്‍ പ്രിയങ്ക

അടുത്തകാലത്തായി ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ പ്രിയങ്ക കൂടുതല്‍ ഇടപെടല്‍ നടത്തിയിരുന്നു. ബിജെപിക്കും യോഗി ആദിത്യനാഥിനും എതിരെ മാത്രമല്ല മായാവതിക്കും ബിഎസ്പിക്കും എതിരെ കൂടിയാണ് പ്രിയങ്കയുടെ തുറന്ന യുദ്ധം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അടുത്ത സുഹൃത്തെന്ന് അറിയപ്പെട്ടിരുന്ന മായാവതി അടുത്ത കാലത്തായി കളം മാറ്റിപ്പിടിക്കുകയാണ്. ബിജെപി പക്ഷത്തേക്ക് മായാവതി ചായുന്നത് തിരിച്ചറിഞ്ഞതോടെയാണ് കോണ്‍ഗ്രസും കളി മാറ്റുന്നത്. ഉത്തര്‍ പ്രദേശില്‍ മായാവതിയെ പൂട്ടാനുറച്ചാണ് പ്രിയങ്ക ഗാന്ധിയുടെ കരുനീക്കങ്ങള്‍. ബിഎസ്പി വോട്ടുബാങ്കിലാണ് പ്രിയങ്കയും കോണ്‍ഗ്രസും കണ്ണുവെക്കുന്നത്.

സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത വെച്ച പ്രിയങ്കയെ കോണ്‍ഗ്രസ് ആദ്യം തന്നെ നിയോഗിച്ചത് ഉത്തര്‍ പ്രദേശിലേക്കാണ്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയേറ്റു. 2022ല്‍ ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയുടെ അഭിമാനം തിരിച്ച് പിടിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പ്രിയങ്കയ്ക്കുള്ളത്. സംസ്ഥാനത്ത് ബിജെപിക്കും യോഗി ആദിത്യ നാഥിനും എതിരെ തുടര്‍ച്ചയായി, രൂക്ഷമായ ആക്രമണം തന്നെ പ്രിയങ്ക ഗാന്ധി ഓരോ ദിവസവും അഴിച്ച് വിടുന്നത്. ഹത്രസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്ന പ്രിയങ്കയുടെ ദൃശ്യങ്ങള്‍ പാര്‍ട്ടിയുടെ ഇമേജിനെ പുഷ്ടിപ്പെടുത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *