സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി. റമീസിന് മുന്‍ കേന്ദ്രമന്ത്രിയുമായി ബന്ധമെന്ന് മൊഴി

Breaking Crime News

കൊച്ചി : തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ കെ.ടി. റമീസിന് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയുമായി ബന്ധമുണ്ടായിരുന്നുവെന്നു മൊഴി. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)ക്കു മുന്നില്‍ നാലാംപ്രതി സന്ദീപാണു ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്.
നേരത്തേ കസ്റ്റംസിന്റേതുള്‍പ്പെടെ പല കേസുകളിലും കുടുങ്ങിയപ്പോള്‍ അദ്ദേഹമാണു റമീസിനെ രക്ഷിച്ചതെന്നും സന്ദീപ് പറയുന്നു. സന്ദീപിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) അന്വേഷണം തുടങ്ങി.
ഇദ്ദേഹവുമായി റമീസ് ബന്ധം സ്ഥാപിച്ചത് എങ്ങനെയാണെന്നും അന്വേഷിക്കുന്നു. കേസുകളുമായി ബന്ധപ്പെട്ടാണു പ്രമുഖ അഭിഭാഷകന്‍ കൂടിയായിരുന്ന മുന്‍ കേന്ദ്രമന്ത്രിയുമായി അടുപ്പം സ്ഥാപിച്ചതെന്നു സംശയമുണ്ട്.
റമീസിനു പിന്നിലുള്ള സ്വര്‍ണക്കടത്തു മാഫിയ അഭിഭാഷകനെന്ന നിലയില്‍ സഹായം തേടിയിരുന്നോ എന്നും അന്വേഷിക്കും. കേസില്‍നിന്നു രക്ഷപ്പെടാനായി സന്ദീപ് മരണമടഞ്ഞയാളുടെ പേര് മനഃപൂര്‍വം ഉപയോഗിച്ചതാകാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.
റമീസിനെപ്പോലെ ഒരാളുമായി മുന്‍ കേന്ദ്രമന്ത്രിക്ക് അടുപ്പമുണ്ടാകാനുള്ള സാധ്യത ഭാവനയ്ക്ക് അപ്പുറമാണെങ്കിലും സ്വര്‍ണക്കടത്തിന്റെ വ്യാപ്തി അമ്പരപ്പിക്കുന്നതാണെന്ന് കോടതിയില്‍ എന്‍.ഐ.എ. നല്‍കിയ റിപ്പോര്‍ട്ടുകളിലുണ്ട്.
സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷും സരിത്തും സന്ദീപും പിടിക്കപ്പെട്ടതോടെ റമീസ് തന്റെ ഒരു മൊെബെല്‍ ഫോണ്‍ തീയിട്ടു നശിപ്പിച്ചിരുന്നു. മറ്റു രണ്ടെണ്ണം കസ്റ്റംസിനു കൈമാറി. ഒരു ഫോണ്‍ മാത്രം നശിപ്പിച്ചത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ ആദ്യം ജാമ്യം കിട്ടിയതു റമീസിനാണ്. ഇതും വിവാദമായിരുന്നു. മുസ്ലിം ലീഗും ബി.ജെ.പിയും ഒത്തുകളിച്ചെന്നായിരുന്നു ആരോപണം. ചില ലീഗ് നേതാക്കളുമായി കുടുംബബന്ധമുള്ളയാളാണു റമീസ്. അവര്‍ക്ക് ഉത്തരേന്ത്യന്‍ ബി.ജെ.പി. നേതാക്കളുമായുള്ള അടുപ്പം റമീസിനു തുണയായെന്നാണു കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *