സ്വപ്നയോടൊപ്പം മൂന്നു തവണ വിദേശ യാത്ര നടത്തിയെന്ന് ശിവശങ്കര്‍

Breaking Crime

തിരുവനന്തുപുരം: സ്വപ്നയോടൊപ്പം താന്‍ മൂന്നു തവണ വിദേശ യാത്ര നടത്തിയെന്ന് ശിവശങ്കറിന്റെ മൊഴി.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയാണ് പുറത്തുവന്നത്. താന്‍ പോയിന്റ് ഓഫ് കോണ്‍ടാക്ടാണെന്നും സ്വപ്നയോടൊപ്പം മൂന്നു തവണ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നും ശിവശങ്കറിന്റെ മൊഴിയില്‍ പറയുന്നു. അതേസമയം, താന്‍ സ്വപ്ന സുരേഷുമൊത്ത് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചോ എന്ന കാര്യം ഓര്‍മ്മയില്ലെന്നാണ് ശിവശങ്കറിന്റെ നിലപാട്. കള്ളക്കടത്ത് ബാഗ് വിട്ടുകിട്ടുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന തന്നെ സമീപിച്ചിരുന്നെന്നും ശിവശങ്കര്‍ വെളിപ്പെടുത്തി. എന്നാല്‍ അക്കാര്യത്തില്‍ താന്‍ സഹായിച്ചിട്ടില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.

അതേസമയം, മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ ഐസിയുവില്‍ കഴിയുന്ന ശിവശങ്കറിനായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയാറാക്കി. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത്, ഡോളര്‍ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ധങ്ങളും വിതരണം ചെയ്തതിലെ അന്വേഷണം ഇവയെല്ലാം ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക.

മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റിന് സ്വപ്ന സുരേഷ് നേരത്തേ മൊഴി നല്‍കിയിരുന്നു. യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറിന് ആയിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതല്‍ എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കര്‍ തന്നെ വിളിച്ചിരുന്നു. മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നെന്നും സ്പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയില്‍ പറയുന്നുണ്ട്. ശിവശങ്കറെ തനിക്ക് അടുത്തറിയാമായിരുന്നു. കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി ആയതു മുതല്‍ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നു. സ്പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നും സ്വപ്ന മൊഴിയില്‍ പറയുന്നു. സ്പേസ് പാര്‍ക്കിലെ അവസരത്തെക്കുറിച്ച് എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന്, ശിവശങ്കറാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

അതിനിടെ, മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശിവശങ്കറിനെ ഇന്നും എംആര്‍ഐ സ്‌കാനിംഗിന് വിധേയനാക്കും. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും. ഇതിന് ശേഷമാകും തുടര്‍ചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക. കലശലായ നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ ഡോക്ടര്‍മാരോട് പറഞ്ഞു.

ശിവശങ്കറിന്റെ ചികിത്സയ്ക്കായി ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡില്‍ കാര്‍ഡിയോളജി, ന്യൂറോ സര്‍ജറി, ന്യൂറോ വിഭാഗം ഡോക്ടര്‍മാരാണുള്ളത്. നിലവില്‍ ശിവശങ്കര്‍ ഐസിയുവില്‍ തന്നെ തുടരട്ടെയെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഡോക്ടര്‍മാരുടെ തീരുമാനത്തിന് അനുസരിച്ചാകും കസ്റ്റംസിന്റെ തുടര്‍നടപടികളും. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനവും ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. ഇന്നലെയാണ് സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ശിവശങ്കറിനെ മാറ്റിയത്.

അതേസമയം, നയതന്ത്ര സ്വര്‍ണക്കടത്തിലൂടെയും ലൈഫ് മിഷനിലെ ഇടപാടിലൂടേയും സ്വരൂപിച്ച 1.4 കോടി രൂപ ഡോളറാക്കി വിദേശത്തേക്കു കടത്തിയ കേസില്‍ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരേ കസ്റ്റംസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. ഈ കേസില്‍ ശിവശങ്കറും പ്രതിയാകും. പണം വിദേശതീവ്രവാദികളുടെ കൈകളിലെത്തിയെന്നാണു കസ്റ്റംസ് കണ്ടെത്തല്‍. രൂപ ഡോളറാക്കാന്‍ സഹായിച്ചതു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കേസ് നാളെ കോടതി പരിഗണിക്കും. സ്വര്‍ണ്ണ കടത്ത് കേസിലെ ഭീകര ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ കണ്ടെത്തുലകള്‍. ഇതോടെ എന്‍ഐഎ കേസിലും ശിവശങ്കര്‍ പ്രതിയാകാനുള്ള സാധ്യത കൂടുകയാണ്. ഈ സാഹചര്യത്തിലാണ് ശിവശങ്കര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടുന്നത്.

സ്വപ്നയും സന്ദീപും ചേര്‍ന്ന് പലതവണകളായാണു 1.4 കോടി രൂപ ഡോളറാക്കിയത്. ഇതിനു സമ്മര്‍ദം ചെലുത്തിയതു ശിവശങ്കറാണെന്നാണു ബാങ്ക് മാനേജരുടെ മൊഴി. നയതതന്ത്ര സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഡോളറാക്കി വിദേശത്തേക്കു കടത്തി. കരമനയിലെ ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥനാണു രൂപ ഡോളറാക്കി നല്‍കിയത്. ഇതു തീവ്രവാദികളുടെ കൈകളിലെത്തിയെന്നും അതേ പണം വീണ്ടും സ്വര്‍ണക്കടത്തിനും മയക്കുമരുന്ന് ഇടപാടിനും വിനിയോഗിച്ചിട്ടുണ്ടെന്നും കസ്റ്റംസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. സ്വര്‍ണം, മയക്കുമരുന്ന് ഇടപാടുകളിലും തീവ്രവാദസംഘങ്ങള്‍ക്കു പങ്കുണ്ട്. ഇതോടെ എന്‍ഐഎയും പിടിമുറുക്കും.

തിരുവനന്തപുരം, കവടിയാറില്‍ യു.എ.ഇ. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ഈജിപ്റ്റ് പൗരന്‍ ഖാലിദിനാണു 1.9 ലക്ഷം യു.എസ്. ഡോളര്‍ കൈമാറിയത്. ഇതു വിദേശത്തേക്കു കടത്തിയതു ഖാലിദാണെന്നും കസ്റ്റംസ് കണ്ടെത്തി. സ്വപ്നയുടെയും സന്ദീപിന്റെയും വിദേശയാത്രകളും പരിശോധിച്ചുവരുന്നു. വിദേശയാത്രകളില്‍ ഇവരെ ആരൊക്കെ അനുഗമിച്ചെന്നറിയാന്‍ എമിഗ്രേഷന്‍ വിഭാഗവുമായി കസ്റ്റംസ് ബന്ധപ്പെട്ടു. ഇതില്‍ പലതിലും ശിവശങ്കറും പോയിട്ടുണ്ടെന്നാണ് സൂചന.

സ്വര്‍ണക്കടത്ത് കേസില്‍ കൂട്ടുപ്രതികളെ കുരുക്കി സന്ദീപ് നായരുടെ രഹസ്യമൊഴി എന്‍ഐഎ അടക്കമുള്ളവര്‍ക്ക് കേസില്‍ നിര്‍ണ്ണായക തെളിവാണ്. പ്രതികളുടെ തീവ്രവാദ ബന്ധത്തിലേക്കു വിരല്‍ ചൂണ്ടിക്കാട്ടിയതും സന്ദീപാണ്. അഞ്ചാംപ്രതി കെ.ടി. റമീസിന്റെ ഇടപാടുകള്‍ ദുരൂഹമാണെന്നും പല ഉന്നതരുമായും റമീസിനു ബന്ധമുണ്ടെന്നും മജിസ്‌ട്രേറ്റിനു മുന്നില്‍ സന്ദീപ് നല്‍കിയ മൊഴിയിലുണ്ടെന്നാണു വിവരം. സന്ദീപിന്റെ മൊഴിയില്‍ പരാമര്‍ശമുള്ള ഏഴ്, 12, 13 പ്രതികള്‍ക്കാണു ജാമ്യം നിഷേധിച്ചത്. സന്ദീപിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നവര്‍ക്കു ജാമ്യം ലഭിക്കാനിടയില്ലെന്ന വിലയിരുത്തലിലാണു ഒന്നാം പ്രതി പി.എസ്. സരിത്ത്, രണ്ടാം പ്രതി സ്വപ്ന സുരേഷ് എന്നിവര്‍ എന്‍.ഐ.എ. കോടതിയിലെ ജാമ്യ ഹര്‍ജി പിന്‍വലിച്ചത്. അതുകൊണ്ട് തന്നെ ശിവശങ്കറിനും ജാമ്യം കിട്ടാന്‍ സാധ്യത കുറവാണ്.

സ്വര്‍ണക്കടത്ത് കമ്മീഷനായി കിട്ടേണ്ട വന്‍തുക നല്‍കാതെ റമീസ് കബളിപ്പിച്ചുവെന്നും സന്ദീപിന്റെ മൊഴിയില്‍ പറയുന്നു. സ്വര്‍ണക്കടത്ത് പ്രതികളെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി റമീസാണെന്നും സ്വര്‍ണക്കടത്തുകാരെയും പണം മുടക്കിയവരെയും ജൂവലറിക്കാരെയും ബന്ധിപ്പിക്കുന്നതു റമീസാണെന്നും സന്ദീപ് വെളിപ്പെടുത്തി. സ്വപ്നയ്ക്കും സരിത്തിനും തനിക്കും ഇവരെ നേരിട്ടു പരിചയമില്ല. പല രാജ്യാന്തരസംഘങ്ങളുമായും റമീസിനു ബന്ധമുണ്ട്.

റമീസ് പലതവണ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 13-ാം പ്രതി ഷറഫുദ്ദീനൊപ്പമാണ് ഇയാള്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ പോയത്. ഇവര്‍ ഒന്നിച്ചുനില്‍ക്കുന്ന ചിത്രവും എന്‍.ഐ.എ. ഹാജരാക്കിയിട്ടുണ്ട്. അവിടെ രത്‌നവ്യാപാരത്തിനു ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ലെന്നും റമീസ് മൊഴിനല്‍കിയിരുന്നു. സ്വര്‍ണം, ലഹരി, രത്‌നം, ആയുധം എന്നിവ റമീസ് പലപ്പോഴായി കടത്തിയിട്ടുണ്ടെന്ന് തനിക്കറിയാമെന്നും സന്ദീപിന്റെ മൊഴിയില്‍ പറയുന്നു. പ്രതികളില്‍ ചിലരുടെ മൊെബെലുകളില്‍നിന്നും മറ്റും ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങളുടെ പകര്‍പ്പ് ലഭിച്ചിട്ടുണ്ട്.

മതപ്രഭാഷകരുടെ പടങ്ങളും ലഘുലേഖകളും ചില കത്തുകളും ലാപ്‌ടോപ്പില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഇവയില്‍ ചിലതിന്റെ വിശദാംശങ്ങള്‍ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ബംഗളുരുവില്‍നിന്നു സന്ദീപും സ്വപ്നയും പിടിയിലാകുമ്പോള്‍ സന്ദീപിന്റെ കൈവശമുണ്ടായിരുന്ന ബാഗിന്റെ താക്കോല്‍ സ്വപ്നയുടെ കൈയിലായിരുന്നു. ഈ ബാഗില്‍നിന്നു ലാപ്‌ടോപ്പും ഏതാനും സിം കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്. ഇതിനുള്ളില്‍ ഒരാളുടെ ഫോട്ടോയും ഉണ്ടായിരുന്നതായാണ് സന്ദീപിന്റെ മൊഴി. ഫോട്ടോ ഒരു മതപ്രഭാഷകന്റേതാണെന്നു മാത്രമാണു സന്ദീപിന് അറിയാവുന്നത്. ഇത് സാക്കീര്‍ നായിക്കാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *