തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ വീഴ്ച്ച. ഒക്ടോബര്‍ രണ്ടിന് മരിച്ച പത്തനാപുരം മഞ്ചല്ലൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹം 19 ദിവസമായിട്ടും സംസ്കരിച്ചിട്ടില്ലെന്നാണ് ബന്ധുക്കളുടെ പരാതി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് ഉള്ളത്.
മഞ്ചളൂരുള്ള ദേവരാജന്റെ വീടിന് പട്ടയമില്ലാത്തതിനാല്‍ മൃതദേഹം സംസ്കരിക്കാനാള്ള സൗകര്യം ഉണ്ടായിരുന്നില്ല. ഇതിനാല്‍ മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ മൃതദേഹം സംസ്കരിക്കാത്ത വിവരം അറിയാതെ കുടുംബം ഇയാളുടെ മരണാനന്തര ചടങ്ങുകളെല്ലാം നടത്തുകയും ചെയ്തിരുന്നു.ശ്വാസംമുട്ടലിനെത്തുടര്‍ന്ന് സെപ്തംബര്‍ 18നാണ് ദേവരാജനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഭാര്യ പുഷ്പ വീട്ടിലേക്ക് മടങ്ങി. പിന്നീട് പുഷ്പയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഒക്ടോബര്‍ രണ്ടിന് ദേവരാജന്‍ മരിച്ചെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പുഷ്പയെ ഫോണില്‍ വിവരമറിയിച്ചു. വീട്ടുവളപ്പില്‍ സ്ഥലമില്ലാത്തതിനാല്‍ കൊല്ലത്തെ പൊതുശ്മശാനത്തില്‍ സംസ്കരിക്കാമെന്നും അറിയിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു പ്രശ്നത്തില്‍ പൊലിസ് സ്റ്റേഷനെ സമീപിച്ചപ്പോഴാണ് മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ലെന്ന് കുടുംബം അറിഞ്ഞത്.
മോര്‍ച്ചറിയിലുള്ള മൃതദേഹം സംസ്കരിക്കണമെങ്കില്‍ ബന്ധുക്കളുടെ സത്യവാങ്മൂലം ആവശ്യമാണെന്നും എന്നാല്‍ ദേവരാജന്റെ ബന്ധുക്കള്‍ ഇത് നല്‍കിയിട്ടില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്്. സത്യവാങ്മൂലത്തിന്റെ കാര്യം കുടുംബത്തിന് അറിയില്ലായിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതര്‍ കുടുംബത്തെ ബോധ്യപ്പെടുത്തുമുണ്ടായിരുന്നില്ല.ശേഷം വ്യാഴാഴ്ച്ച കുടുംബം സത്യവാങ്മൂലം നല്‍കുകയായിരുന്നു.