ന്യൂയോര്‍ക്: ഇന്ത്യ മാലിന്യം നിറഞ്ഞ രാജ്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇവിടങ്ങളിലെ വായുവും അങ്ങേഅറ്റം മാലിന്യം നിറഞ്ഞതാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
ഇന്ത്യയും ചൈനയും റഷ്യയുമെല്ലാം മാലിന്യം നിറഞ്ഞ രാജ്യങ്ങളാണെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിരാളി ജോ ബൈഡനുമായുള്ള സംവാദത്തിനിടെ് ട്രംപിന്റെ പരാമര്‍ശം. പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയത് അമേരിക്കയുടെനന്മക്കു വേണ്ടിയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിന് തൊഴിലുകളുടേയും ആയിരക്കണക്കിന് കമ്പനികളുടേയും കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും ഞാന്‍ ഒരുക്കമായിരുന്നില്ല. പാരിസ് ഉടമ്പടി ഒരിക്കലും നീതിപൂര്വ്വമുളളതായിരുന്നില്ല. നമുക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടം വരുത്തുന്നതായിരുന്നു അത്- ട്രംപ് ചൂണ്ടിക്കാട്ടി.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനു കാര്‍ബണ്‍ പുറന്തള്ളല്‍ ലഘൂകരിക്കാനുള്ള 2015ലെ പാരിസ് ഉടമ്പടി കാലാവസ്ഥ വ്യതിയാനം തടയാനുള്ള ലോകരാജ്യങ്ങളുടെ ഒന്നിച്ചുള്ള മുന്നേറ്റമായിരുന്നു. ആഗോള താപനം 2 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ പിടിച്ചുനിര്‍ത്തുക എന്നതായിരുന്നു 187 രാജ്യങ്ങള്‍ അംഗീകരിച്ച കരാറിന്റെ മുഖ്യലക്ഷ്യം. ഇതിനേറ്റ വലിയ തിരിച്ചടിയായിരുന്നു അമേരിക്കയുടെ പിന്മാറ്റം.
ആഗോള താപനത്തിനു കാരണമാവുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറം തള്ളുന്നതില്‍ രണ്ടാം സ്ഥാനത്താണ് അമേരിക്ക. രാജ്യാന്തര സമൂഹത്തിന്റെ ആശങ്കകള്‍ പോലും കണക്കിലെടുക്കാതെ അമേരിക്ക ഫസ്റ്റ് എന്ന നയവുമായി തന്നെ മുന്നോട്ടു പോകുമെന്ന നിലപാടാണ് അന്ന് ട്രംപ് കൈക്കൊണ്ടത്.
സംവാദം പുരോഗമിക്കുകയാണ്. കൊവിഡ് വ്യാപനം തടയാന്‍ ട്രംപിന് വ്യക്തമായ പദ്ധതിയില്ലെന്നും കറുത്ത തണുപ്പുകാലത്തേക്കാണ് രാജ്യം നീങ്ങുന്നതെന്നും ജോ ബൈഡന് ആരോപിച്ചു.ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് വാക്സിന് തയ്യാറാകുമെന്ന് ട്രംപ് പ്രതികരിച്ചു.
തന്റെ പദ്ധതികള്‍ കൃത്യമായ സമയക്രമത്തില്‍ നീങ്ങുന്നുണ്ടെന്നാണ് ട്രംപ് വാദിക്കുന്നത്. ഡെമോക്രാറ്റ് ഭരണത്തില്‍ ന്യുയോര്‍ക് പ്രേതനഗരമായി. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന ഇടങ്ങളില്‍ രോഗവ്യാപനം കൂടുതലാണെന്നും ട്രംപ് ആരോപിച്ചു.
നികുതി അടച്ചതിന്റെ രേഖകള്‍ ട്രംപ് പുറത്തുവിടണമെന്ന് ബൈഡന് ആവശ്യപ്പെട്ടു. 2016 മുതല്‍ ട്രംപ് നികുതി രേഖകള്‍ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഡോളര്‍ താന്‍ നികുതി അടയ്ക്കുന്നുണ്ടെന്ന് ട്രംപ് തിരിച്ചടിച്ചു.
