ഊട്ടിയിലേക്കുള്ള വിനോദ യാത്രക്കിടെ രണ്ട് അധ്യാപകര്‍
ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു

Breaking Crime

കോഴിക്കോട്: ഊട്ടിയിലേക്കുള്ള വിനോദ യാത്രക്കിടെ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ബാലുശ്ശേരിയിലെ അദ്ധ്യാപകന്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സൂദാ മന്‍സിലില്‍ സിയാദിനെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. സംഭവത്തില്‍ മറ്റൊരു അദ്ധ്യാപകന്‍ പ്രബീഷ് ഒളിവിലാണ്. ഇയാള്‍ പീഡനത്തിന് കൂട്ടുനിന്നതായാണ് പരാതി. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ സിയാദിനെ റിമാന്റ് ചെയ്തു.കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. സ്‌കൂളില്‍ നിന്നും ഊട്ടിയിലേക്ക് പഠനയാത്ര പോയ സംഘത്തിലെ വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ തന്നെ രണ്ട് അദ്ധ്യാപകര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. യാത്ര കഴിഞ്ഞെത്തിയ ഉടന്‍ തന്നെ പ്രിന്‍സിപ്പാളിന് വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പൊലീസിന് കൈമാറാതെ പ്രിന്‍സിപ്പല്‍ ഹയര്‍ സെക്കന്ററി ഡയരക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായത്. ഇതിനിടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളെ അദ്ധ്യാപകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയുണ്ട്.
സകൂള്‍ അധികൃതരുടെ ഭാഗത്തു നിന്നും നടപടി വൈകിയതിനാലാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പ്രിന്‍സിപ്പളടക്കം മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നേരത്തെ വിദ്യാര്‍ത്ഥി നല്‍കിയ പരാതി പൊലീസിന് കൈമാറിയില്ല എന്ന കാരണത്താലാണ പ്രിന്‍സിപ്പലിനും പീഡനത്തിനു കൂട്ടു നിന്നെന്ന പരാതിയില്‍ മറ്റൊരു അദ്ധ്യാപകനെതിരെയും പൊലീസ് കേസെടുത്തു.

വിദ്യാര്‍ത്ഥി സ്റ്റേഷനിലെത്തി പരാതി നല്‍കിയതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കിയ സ്‌കൂള്‍ അദ്ധ്യാപകന്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ സിയാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബാലുശ്ശേരി എസ്എച്ച്ഒ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ എസ്‌ഐമാരായ പി.പ്രജീഷ്, എം.മധു എന്നിവര്‍ തിരുവനന്തപുരം ആറ്റിങ്ങലിലെ വീട്ടില്‍ എത്തിയാണ് സിയാദിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അതേസമയം വിദ്യാര്‍ത്ഥിയുടെ ബന്ധു മര്‍ദ്ദിച്ചെന്നാരോപിച്ച് ഇപ്പോള്‍ ഒളിവിലുള്ള പ്രബീഷും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രബീഷിന്റെ പരാതിയില്‍ വിദ്യാര്‍ത്ഥിയുടെ ബന്ധുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. യാത്ര കഴിഞ്ഞെത്തിയ ഉടന്‍ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിന് നല്‍കിയ പരാതിയില്‍ നടപടിയില്ലാത്തത് അന്വേഷിക്കാന്‍ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ ബന്ധു മര്‍ദ്ദിച്ചു എന്നാണ് പ്രബീഷ് നല്‍കിയ പരാതിയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *