പറമ്പിലേക്ക് വീണുകിടന്ന ചെടിയുടെ കമ്പ് മുറിച്ച അയല്‍വാസിയെയും മകനെയുംവീട്ടില്‍ കയറി
വെട്ടിയ യുവാവ് പിടിയില്‍

Breaking Crime News

മല്ലപ്പള്ളി: പറമ്പില്‍ വീണുകിടക്കുകയായിരുന്ന ചെടിയുടെ കമ്പ് മുറിച്ച അയല്‍വാസിയെയും മകനെയും വീട്ടില്‍ കയറി തുരുതുരാ വെട്ടിയ യുവാവിനെ പൊലീസ് രണ്ടു ദിവസം പിന്തുടര്‍ന്ന് പിടികൂടി. പൊലീസിനെ കണ്ട് തുണിയില്ലാതെ ആറ്റില്‍ച്ചാടിയ പ്രതി മുണ്ടെടുക്കാന്‍ വേണ്ടി വീട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. പരിയാരം ഇരട്ടികാലായില്‍ രവി(65), മകന്‍ ഇആര്‍ സിജിന്‍ (36) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രതി ഇരട്ടി കാലായില്‍ അനീഷ്‌കുമാറിനെ(40)യാണ് കീഴ്വായ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സിടി സഞ്ജയ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22 ന് രാത്രിയിലാണ് ആക്രമണം നടന്നത്. അന്ന് തന്നെ പകലാണ് രവിയും മകനും ചേര്‍ന്ന് അനില്‍ കുമാറിന്റെ വീട്ടിലെ ചെടിയുടെ കമ്പ് മുറിച്ചത്. ഇതേചൊല്ലി അപ്പോള്‍ തന്നെ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. രാത്രിയില്‍ വെട്ടുകത്തിയുമായി അയല്‍വാസിയുടെ വീട്ടില്‍ ഓടിക്കയറിയ അനില്‍ അച്ഛനെയും മകനെയും തലങ്ങും വിലങ്ങും തുരുതുരാ വെട്ടുകയായിരുന്നു. വെട്ടേറ്റ് സിജിന്റെ മൂക്ക്, ചെവി എന്നിവ അറ്റു. ചുണ്ട് രണ്ടായി പിളര്‍ന്നു. രവിക്ക് കൈക്കാണ് പരുക്ക്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. അക്രമത്തിന് ശേഷം അനില്‍കുമാര്‍ ഒളിവില്‍ പോയി. ഇയാളെ തെരഞ്ഞു വരുന്നതിനിടെ ശനിയാഴ്ച പകല്‍ പൊലീസിന്റെ മുന്നില്‍ വന്നു പെട്ടു. തുടര്‍ന്ന് ഓടി മണിമലയാറ്റില്‍ ചാടി. ഓുടന്ന വഴി ഉടുമുണ്ട് നഷ്ടമായിരുന്നു. ആറ് നീന്തിക്കടന്ന പ്രതിക്ക് തുണിയില്ലാത്തതിനാല്‍ വേറെ എങ്ങോട്ടും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് രാത്രി വീട്ടില്‍ മുണ്ടെടുക്കാനെത്തിയപ്പോഴാണ് കാത്തു നിന്ന പൊലീസ് സംഘം പിടികൂടിയത്. എസ്‌ഐമാരായ കുരുവിള ജോര്‍ജ്, കെഎസ്മധു, എഎസ്‌ഐ സദാശിവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *