കേരള സര്‍ക്കാറിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് മുസ്ലിംസംഘടനകളുടെ യോഗം

Breaking Keralam News

മലപ്പുറം: സുപ്രീംകോടതിയുടെ വിധിവരുന്നതിനുമുമ്പ് തന്നെ മുന്നാക്ക സംവരണം നടപ്പാക്കിയ കേരള സര്‍ക്കാറിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത മുസ്്ലിം സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തിന്റെ നിയമസാധുത പരിശോധിക്കാനുള്ള ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിവിധ സംവരണ സംഘടനകള്‍ ഇതില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. കേസില്‍ തീരുമാനമാകും മുന്‍പേ സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക സംവരണം നടപ്പാക്കിയത് പിന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയും മുന്നാക്ക പ്രീണനവുമാണ്. സംവരണത്തിന്റെ അടിസ്ഥാനപ്രമാണത്തെ തകര്‍ക്കുന്ന തീരുമാനം അടിയന്തിരമായി നിര്‍ത്തിവെക്കണമെന്നും ജനസംഖ്യാനുപാതികമായി സംവരണ തോത് പുനഃക്രമീകരിക്കണമെന്നും യോഗത്തിന് ശേഷം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് 28ന് എറണാകുളത്ത് സംവരണ സമുദായ നേതാക്കളുടെ അടിയന്തിര യോഗം ചേരുമെന്നും തുടര്‍ സമര പരിപാടികളെ സംബന്ധിച്ചു യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.
ജനസംഖ്യാനുപാതികമായി നോക്കിയാല്‍ 10 ശതമാനത്തില്‍ താഴെ മാത്രം വരുന്ന മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കവിഭാഗങ്ങള്‍ക്ക് 10% എന്ന പരമാവധി സംവരണം നല്‍കിയത് നീതീകരിക്കാനാവില്ല. കേരളത്തിലെ വിവിധ വിഭാഗങ്ങളുടെ തൊഴില്‍ വിദ്യാഭ്യാസ പ്രാതിനിത്യത്തെകുറിച്ച് വ്യക്തമായ പഠനം നടത്തണം. അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മേഖലയിലും തൊഴില്‍മേഖലയിലും സംവരണ തോത്പുനഃക്രമീകരിക്കണം. മുന്നാക്ക സംവരണം നടപ്പാക്കിയപ്പോള്‍ വിദ്യാഭ്യാസരംഗത്ത് നീതീകരിക്കാനാവാത്ത വലിയ അന്തരം മുന്നാക്ക പിന്നാക്ക വിഭാഗങ്ങളുടെ സീറ്റുകള്‍ തമ്മില്‍ ഉണ്ടായിട്ടുണ്ട്. മെഡിക്കല്‍ പി.ജി പ്രവേശനം ഇതിനുദാഹരണമാണ്. ഈഴവര്‍ക്ക് മൂന്ന് ശതമാനവും മുസ്്ലിംകള്‍ക്ക് രണ്ടു ശതമാനവും മറ്റുപിന്നാക്ക ഹിന്ദുക്കള്‍ക്ക് ഒരു ശതമാനവും സംവരണം ഉള്ളപ്പോള്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനമാണ് സംവരണം. എം.ബി.ബി.എസ്, ഹയര്‍സെക്കന്ററി എന്നിവയിലെല്ലാം ഈഴവര്‍ക്ക് ഒമ്പത് ശതമാനവും മുസ്്ലിങ്ങള്‍ക്ക് എട്ട് ശതമാനവും മാത്രമേ സംവരണം ഉള്ളൂ. എന്നാല്‍ ജനസംഖ്യാനുപാതികമായി പിന്നില്‍ നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഇവിടെയും ലഭിക്കുന്നു. ഇത് അര്‍ഹരുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതാണെന്നും യോഗം വിലയിരുത്തി.
കോവിഡ് ബാധിച്ച് മരിക്കുന്ന മൃതദേഹങ്ങളോട് കേരളം കാണിക്കുന്ന അനാദരവ് ഒരു രീതിയിലും ന്യായീകരിക്കാനാവില്ല. ലോക ആരോഗ്യ സംഘടനകളുടെ മാനദണ്ഡങ്ങള്‍ പോലും കാറ്റില്‍ പറത്തിയാണ് കേരളത്തില്‍ മൃതദേഹങ്ങളെ കുഴിയില്‍ തള്ളുന്നത്. മരിച്ചാല്‍ മൃതശരീരം വൃത്തിയാക്കി യാത്രയയപ്പ് നല്‍കുക എന്നത് മതാഭിപ്രായങ്ങള്‍ക്കപ്പുറം ഒരു മാനുഷിക പരിഗണനയുടെ ഭാഗമാണ്. ഇതിനു പോലും അനുവദിക്കാതെ കുഴിയില്‍ കൊണ്ടുപോയി തള്ളുന്ന അവസ്ഥ പല മതവിഭാഗങ്ങളുടെയും വിശ്വാസത്തിനു പോലും വിരുദ്ധമാണ്. ഇതിന് ഒരു നിയമത്തിന്റെയും പിന്‍ബലമില്ലെന്ന് മാത്രമല്ല. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ സര്‍വ്വ മാനദണ്ഡങ്ങളെയും കാറ്റില്‍ പറത്തുന്നതാണ്. സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചു കോവിഡ് മൃതശരീരങ്ങള്‍ വൃത്തിയാക്കാനും മറവു ചെയ്യാനും അവസരമൊരുക്കണം. മൃതശരീരങ്ങളില്‍ നിന്നും വൈറസ് പുറംതള്ളില്ലെന്ന് പ്രമുഖ ആരോഗ്യ വിദഗ്ദര്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നാല്‍ ആറടി താഴ്ചയില്‍ മറവ് ചെയ്യേണ്ട മൃത ശരീരങ്ങള്‍ പത്തടി താഴ്ചയുള്ള അഗാധഗര്‍ത്തത്തില്‍ കൊണ്ടു പോയി തള്ളുന്ന സാഹചര്യമൊഴിവാക്കണം. കര്‍ണാടക സര്‍ക്കാര്‍ ചെയ്ത പോലെ പ്രത്യേക മാര്‍ഗനിര്‍ദേശം ഇതിനായി തയ്യാറാക്കണം. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇതു സംബന്ധിച്ച് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആശങ്കാജനകമാണ്. ഇതില്‍ പലരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളുണ്ട്. മാത്രമവുമല്ല വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം കൂടിയാണ്. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ അവസ്ഥ ബന്ധപ്പെട്ടവര്‍ മനസിലാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അഭാവത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലികുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ. കുട്ടി അഹമ്മദ് കുട്ടി (മുസ്ലിം ലീഗ്), എന്‍.വി അബ്ദുറഹിമാന്‍, ഡോ. മജീദ് സ്വലാഹി (കെ.എന്‍.എം), ഡോ. ഇ.കെ അഹമ്മദ് കുട്ടി (കെ.എന്‍.എം മര്‍ക്കസുദഅ്വ), ടി.കെ അഷ്റഫ്, മുഹമ്മദ് അജ്മല്‍ (വിസ്ഡം), മുഹമ്മദ് ഇബ്രാഹീം മലപ്പുറം (സമസ്ത എ.പി വിഭാഗം), ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്ലാമി), ഇ.പി അഷ്റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), പ്രഫ. ഇ.പി ഇമ്പിച്ചി കോയ (എം.എസ്.എസ്), വി. മൊയ്തുട്ടി (എം.ഇ.എസ്), ശംസുദ്ദീന്‍ ഖാസിമി (ജംഇയ്യത്തുല്‍ ഉലമ ഹിന്ദ്), അബ്ദുല്‍ ഹൈര്‍ മൗലവി (തബ്ലീഗ് ജമാഅത്ത്) പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *