ചൂണ്ടയിട്ട് പിടിക്കാന്‍ പുറപ്പെട്ട യുവാവിന് ദാരുണാന്ത്യം

Breaking

കോതമംഗലം: കിലോമീറ്ററുകള്‍ വനത്തിലൂടെ സഞ്ചരിച്ച് വലിയ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കാന്‍ പുറപ്പെട്ട യുവാവിന് ദാരുണാന്ത്യം. മാമലക്കണ്ടം ചാമപ്പാറ നിരപ്പേല്‍ കുട്ടപ്പന്‍ മകന്‍ റെജി (47) യാണ് പൂയംകൂട്ടി പുഴയിലെ കുഞ്ചിക്കുട്ടി ഭാഗത്ത് ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞത്.ഇന്നലെ ഉച്ചകഴിഞ്ഞാണ് ചൂണ്ടക്കാര്‍ക്ക് വലിയ മത്സ്യങ്ങള്‍ സ്ഥിരമായി കിട്ടിയിരുന്ന പുഴയിലെ ആഴമേറിയതും നിരവധി ചുഴികളുമുള്ള കുഞ്ചിക്കുട്ടി ഭാഗത്ത് റെജി എത്തിയത്. ഇവിടെ പുഴയിലെ പാറകളിലിരുന്ന് ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ സമീപത്തെ ജനവാസ മേഖലകളില്‍ നിന്നും നിരവധി പേര്‍ എത്തിയിരുന്നതായിരുന്നു.

രണ്ടും മൂന്നും കിലോ തൂക്കമുള്ള മത്സ്യങ്ങള്‍ ഈ ഭാഗത്തു നിന്നും ചൂണ്ടക്കാര്‍ക്ക് ലഭിച്ചിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.വനമേഖലയിലൂടെയുള്ള നടപ്പുവഴിയിലൂടെ 5 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇയാള്‍ ഇവിടെയെത്തിയത്.പൂയംകൂട്ടി പീണ്ടിമേടില്‍ നിന്നും വാഹനെമെത്തുന്ന ഭാഗത്തു നിന്നും വനത്തിലൂടെ എട്ടു കിലോമീറ്ററിലേറെ നടന്നാണ് അപകടം നടന്ന പുഴയുടെ ഭാഗത്ത് പൊലീസും വനം വകുപ്പധികൃതരും എത്തിയത്.ഇന്നലെ ഉച്ചകഴിഞ്ഞ് അപകടം നടന്നയുടന്‍ പ്രദേശത്ത് മീന്‍ പിടിക്കാന്‍ എത്തിയിരുന്നവരും വിവരമറിഞ്ഞെത്തിയ നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും മൃതദ്ദേഹം കണ്ടുകിട്ടിയില്ല. ഇതിന് പിന്നാലെ കുട്ടമ്പുഴ റെയിഞ്ചിലെ വനപാലകരും കുട്ടമ്പുഴ പൊലീസും കോതമംഗലത്തു നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്ന് രാത്രി വൈകുംവരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇന്ന് രാവിലെ കോതമംഗലം ഫയര്‍ഫോഴ്‌സിലെ സ്‌കൂബാ ടീം സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. പുഴയുടെ വിവിധ ഭാഗങ്ങളില്‍ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനെടുവില്‍ വൈകിട്ട് 3 മണിയോടെ അപകടം നടന്ന സ്ഥലത്തിനു സമീപത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
സ്‌കൂബാ ടീം അംഗങ്ങളായ അനില്‍കുമാര്‍, സിദ്ധീക്ക് ഇസ്മായില്‍, പി.എം. റഷീദ്, കെ.എന്‍.ബിജു ഇവരുടെ നേതൃത്വത്തില്‍ പി.സി.ജോഷി,കെ.കെ.ബിനോയി,സല്‍മാന്‍ഖാന്‍, വൈശാഖ്, ജേയ്സ് ജോയി എന്നിവരുടങ്ങുന്ന സംഘമാണ് തിരച്ചിലില്‍ പങ്കെടുത്തത്. മാമലക്കണ്ടം, പൂയംകൂട്ടി മേഖലയിലെ നാട്ടുകാരും ആവശ്യമായ സഹായങ്ങള്‍ നല്‍കി. കുട്ടമ്പുഴ പൊലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. നാളെ കോവിഡ് പരി ശോധന പൂര്‍ത്തിയാക്കി മൃത ദ്ദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും.ഭാര്യ: ബിന്ദുമക്കള്‍ :അപ്പു, ജിത്തു

Leave a Reply

Your email address will not be published. Required fields are marked *