വീട്ടുകാരോട് പിണങ്ങി വീടുവിട്ട 15കാരിയെ വഴിയോരത്തിനിന്നും കൊട്ടജീപ്പില്‍ കയറ്റിക്കൊണ്ടുപോയി
മാനഭംഗപ്പെടുത്തി വഴിയില്‍ ഇറക്കിവിട്ടു

Breaking Crime Keralam

മലപ്പുറം: വീട്ടുകാരോട് പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ ബാലികയെ വഴിയോരത്തു നില്‍ക്കുന്നത് കണ്ട കൊട്ടജീപ്പിലെത്തിയ യുവാവ് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി പലയിടങ്ങളിലായി കറങ്ങി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ഇന്നാണ് തള്ളിയത്. താനൂര്‍ കുണ്ടുങ്ങല്‍ കെ പുരം പനങ്ങാന്റകത്ത് മന്‍സൂര്‍ അലി (30)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്. 2020 ഒക്ടോബര്‍ ആറിനാണ് കേസിന്നാസ്പദമായ സംഭവം. മഞ്ചേരി എളംകൂറിലെ വീട്ടില്‍ നിന്നും വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ ബാലിക താനൂര്‍ പൂരപ്പുഴ പാലത്തില്‍ നില്‍ക്കവെ കൊട്ട ജീപ്പിലെത്തിയ പ്രതി കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റുകയും പലയിടങ്ങളിലായി കറങ്ങി പിറ്റേന്ന് രാവിലെ താമരശ്ശേരിയില്‍ ഇറക്കി വിടുകയായിരുന്നു. വാഹനത്തില്‍ വെച്ച് ബാലികയെ പ്രതി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ മഞ്ചേരി പൊലീസ് ഒക്ടോബര്‍ ഏഴിന് കുട്ടിയെ മലപ്പുറത്തു നിന്നും കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 10ന് താനൂര്‍ വട്ടത്താണിയില്‍ വെച്ച് പ്രതിയെ വാഹനം സഹിതം പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *