കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന് അറസ്റ്റില്‍ കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുതുടങ്ങിയ കേസിലാണ് അറസ്റ്റില്‍.ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലേക്ക് കടക്കും മുമ്പ് നിര്‍ണായക കൂടിക്കാഴ്ച്ചകള്‍ ഡല്‍ഹയില്‍ നടന്നിരുന്നു. കേരളത്തില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന് കള്ളപ്പണ കേസില്‍ കേരളത്തില്‍ അറസ്റ്റിലാകുന്നത് ഇതാദ്യമാണ്.
അറസ്റ്റ് സംബന്ധിച്ച് ഇഡി ഓഫീസില്‍ നിര്‍ണായക കൂടിയാലോചനകള്‍ നടക്കുന്നിരുന്നു. ഡല്‍ഹിയിലെ കസ്റ്റംസ്, ഇഡി തലവന്മാരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ചെന്നൈയില്‍ നിന്ന് ഇഡി സ്പെഷ്യല്‍ ഡയറക്ടറും ജോയിന്റ് ഡയറക്ടറും കൊച്ചിയില്‍ എത്തിയ ശേഷമാണ് ശിവശങ്കരന്റെ അറസ്റ്റു വാര്‍ത്ത പുറത്തുവന്നത്.
ഇ.ഡി സ്പെഷ്യല്‍ ഡയറക്ടറും ജോയിന്റ് ഡയറക്ടറുമാണ് കൊച്ചിയിലെത്തി അറസ്റ്റിന് നേതൃത്വം നല്‍കിയത്. ശിവശങ്കറിനെ നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാകും ഹാജരാക്കുക. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷില്‍ നിന്നും കള്ളപ്പണം സൂക്ഷിച്ചതായി അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം മറ്റു ബിനാമി ഇടപാടുകള്‍ നടത്തിയതിന്റെ തെളിവുകളും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. നാളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ നല്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇ.ഡി കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കും.
കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മിനിറ്റുകള്‍ക്കകമായിരുന്നു ഇഡി ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തത്. ഹൈക്കോടതി മുന്‍കൂര്‍ജാമ്യ ഹര്‍ജി തള്ളിയതിന് തൊട്ട് പിറകെ വഞ്ചിയൂരിലെ ആയുര്‍വേദാശുപത്രിയിലെത്തി ഉദ്യോഗസ്ഥര്‍ സമന്‍സ് കൈമാറുകയായിരുന്നു. കസ്റ്റഡിയിയിലെടുത്ത ശിവശങ്കറുമായി കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിശ്രമത്തിനായി ശിവശങ്കറിനെ ചേര്‍ത്തലിയിലെ ഹോട്ടലില്‍ ഇറക്കി. തൊട്ട് പിറകെ കസ്റ്റംസ് സംഘവും ഹോട്ടലിലെത്തി. 3.20 ഓടെ എം ശിവശങ്കറുമായി വാഹനം കൊച്ചിയിലെ എന്‍ഫോസ്മെന്റ് ആസ്ഥാനത്തെത്തി.
ചേര്‍ത്തല മുതല്‍ ഇഡി സംഘത്തെ അനുഗമിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘവും ഇഡി ഓഫീസിലേക്ക് എത്തുകയും പിന്നാലെ ഡിജിറ്റല്‍ തെളിവുകളടക്കം വെച്ചുള്ള ചോദ്യം ചെയ്യല്‍ തുടങ്ങുകയുമായിരുന്നു. അതിന് ശേഷം പത്തേകാലോടെയാണ് അറസ്റ്റു വാര്‍ത്ത പുറത്തുവന്നത്.
സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം. മുന്‍കൂര്‍ ജാമ്യ ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്ന ഇഡി ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപയാണ് ശിവശങ്കറിനെതിരെ ശക്തമായ തെളിവായത്. ഈ ലോക്കര്‍ തുറക്കാന്‍ മുന്‍കൈ എടുത്തത് ശിവശങ്കറായിരുന്നു. സ്വന്തം ചാര്‍ട്ടേഡ് അക്കൗണ്ടിനെ സ്വപ്നക്കൊപ്പം സംയുക്ത ഉടമയാക്കി. ഇത് കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം എന്നും തെളിഞ്ഞു. പ്രതികള്‍ക്ക് താമസിക്കാന്‍ ശിവശങ്കര്‍ ഫ്ളാറ്റ് ബുക്ക് ചെയ്തത് മറ്റൊരു പ്രധാന തെളിവായി. പ്രതികളുമായുള്ള അടുപ്പത്തിന്റെ ആഴം ഇതിലൂടെ വ്യക്തമായി. സ്വപ്നയുടേയും വേണുഗോപാലിേന്റയും മൊഴികളാണ് നിര്‍ണായകമായത്.