പാലായിലെ സ്ഥാനാര്‍ഥി മോഹവുമായി കെ.എം.മാണിയുടെ മരുമകന്‍ പാണക്കാടെത്തി

Breaking News Politics

മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ അശീര്‍വാദം തേടി കെ.എം.മാണിയുടെ മരുമകന്‍ പാണക്കാടെത്തി. കെ.എം മാണിയുടെ മകളുടെ ഭര്‍ത്താവ് എം.പി ജോസഫാണ് ഇന്ന് പാണക്കാട് ഹൈദരലി തങ്ങളെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. ഉച്ചയോടെയാണ് പാണക്കാടെത്തിയത്. തുടര്‍ന്ന് മുസ്ലിംലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ലീഗ് എം.എല്‍.എമാരും പാണക്കാടുണ്ടായിരുന്നു. മാണിയുടെ പാത പിന്തുടരാനാണ് താന്‍ പാണക്കാടെത്തിയതെന്നും സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിന് മുമ്പ് കെ.എം. മാണി ഹൈദരലി തങ്ങളുമായി ചര്‍ച്ച നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ രാഷ്ട്രീയം തന്നെയാണ് താന്‍ പിന്തുടരുന്നത്. കുഞ്ഞാലിക്കുട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് കെ.എം.മാണി പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും കെ.എം.മാണിയുടെ അനുഗ്രഹം വാങ്ങിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ എത്തിയതുമായി ബന്ധപ്പെട്ട് തങ്ങളുമായി സംസാരിച്ചുവെന്നും പൂര്‍ണ പിന്തുണ ഹൈദരലി തങ്ങള്‍ വാഗ്ദാനംചെയ്തതായും അദ്ദേഹം പറഞ്ഞു. പാണക്കാട് തങ്ങളുടെ അനുഗ്രഹവും അശീര്‍വാദം വാങ്ങാനാണ് താനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിനെതിരെ എം.പി ജോസഫ് നേരത്തെ രംഗത്തുവന്നിരുന്നു. ഈ തീരുമാനം സി.പി.ഐ.എം സഹകരണം കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ജോസഫ് പറഞ്ഞിരുന്നു. ജോസ് കെ. മാണിക്ക് എല്‍.ഡി.എഫില്‍ ഭാവിയില്ലെന്നും അധികം വൈകാതെ തന്നെ മുന്നണി വിടേണ്ടി വരുമെന്നും ജോസഫ് പറഞ്ഞു. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് ജോസഫ്. കോണ്‍ഗ്രസ് മനോഭാവമുള്ള ഒരു വ്യക്തിക്ക് വളരെ ബുദ്ധിമുട്ടായിരിക്കും ഇടത് പ്രവര്‍ത്തകന് വോട്ട് ചെയ്യാന്‍. മാണി സാറിന് പോലും അവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല. ആ ഭീഷ്മാചാര്യന് പോലും അവിടെ മൂന്ന് വര്‍ഷത്തില്‍ താഴെയെ നില്‍ക്കാന്‍ പറ്റിയുള്ളൂ. അദ്ദേഹം തിരിച്ചുവന്നു. കഴിഞ്ഞ തവണ പോലും കുറച്ചുനാള്‍ യു.ഡി.എഫില്‍ നിന്നും മാറി നിന്നെങ്കിലും അദ്ദേഹം തിരിച്ചുവരികയായിരുന്നെന്നും ജോസഫ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *