മകളുടെ പേരിന് ജാതിയും മതവുമില്ലെന്ന് നടി അസിന്‍

Breaking News

മകള്‍ക്ക് ജാതിയും മതവുമില്ലെന്ന് നടി അസിന്‍. അവളുടെ പേരിന് ജാതിയോ മതമോ ഇല്ലെന്നാണ് മകളെക്കുറിച്ച് അസിന്‍ പറയുന്നത്. മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന അവള്‍ക്കു വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുകയാണ് അസിന്‍. വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട് നടി അസിന്‍ തോട്ടുങ്കല്‍. മകള്‍ അറിന്റെ ജന്മദിനാഘോഷ ചിത്രങ്ങള്‍ ആരാധര്‍ക്കായി പങ്കുവയ്ക്കുകയാണ് അസിന്‍ ഇപ്പോള്‍. മകളുടെ മൂന്നാം ജന്മദിന ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് അസിന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
അറിന്‍ റാഇന്‍ എന്നാണ് മകളുടെ പേര്. ജാതിയോ മതമോ ലിംഗ ഭേദമോ ഒന്നും തന്നെയില്ലാത്ത പേരാണ് തങ്ങള്‍ മകള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും അസിന്‍ പറയുന്നു.
പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ‘ഹൗസ്ഫുള്‍ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തില്‍നിന്നും അസിന്‍ തെലുങ്കിലേക്ക് പോയി. തെലുങ്കില്‍ ആദ്യമായി അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.
തെലുങ്കില്‍നിന്നും തമിഴ് സിനിമയിലേക്കും അവിടെനിന്നും പിന്നീട് ബോളിവുഡിലേക്കും അസിന്‍ പോയി. തമിഴിലെ ആദ്യ ചിത്രം ‘എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ‘ഗജിനി’ എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങളില്‍ അസിന്‍ അഭിനയിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.
തമിഴില്‍ വന്‍ ഹിറ്റായ ‘ഗജിനി’ ഹിന്ദിയില്‍ മൊഴിമാറ്റം ചെയ്തപ്പോള്‍ നായികയായതും അസിന്‍ ആയിരുന്നു. അസിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയായിരുന്നു ഇത്. ആമിര്‍ ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിന് ലഭിച്ചു. അതിനുശേഷം ലണ്ടന്‍ ഡ്രീംസ് എന്ന ഹിന്ദി ചിത്രത്തിലും അസിന്‍ അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *