സോളാര്‍ കേസ് വീണ്ടും

Breaking Crime Keralam Politics

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലും ബിനീഷ് കോടിയേരിയുടെ അറസ്റ്റിലും മുഖംനഷ്ടമായ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രതിരോധിക്കാന്‍ വീണ്ടും സോളാര്‍കേസ് പൊടിതട്ടിയെടുക്കുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ നടത്തിയ സര്‍വേയില്‍ കേരളത്തില്‍ പിണാറായി സര്‍ക്കാറിന് ഭരണത്തുടര്‍ച്ച് പ്രവചിച്ചിരുന്നു. കേരളം കോവിഡിനെ പ്രതിരോധിച്ചിരുന്ന സമയത്തായിരുന്നു ഇത്. എന്നാല്‍, ഈ സര്‍വേക്ക് പിന്നാലെ വിവാദങ്ങളുടെ വേലിയേറ്റം തന്നെയുണ്ടായി. ഈ വിവാദങ്ങളില്‍പെട്ട് സര്‍ക്കാറിന് തീര്‍ത്തും മുഖംപോയ അവസ്ഥയായി. ഇതിനിടെ വന്ന സ്വര്‍ണ്ണക്കടത്തു കേസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ശരിക്കും പിടിച്ചു കുലുക്കുന്ന അവസ്ഥയിലുമായി. ഇപ്പോള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി കേസുകള്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലാണ്. ബിനീഷ് കോടിയേരി മയക്കുമരുന്നു കേസില്‍ പണമിറക്കിയെന്ന ആരോപണത്തില്‍ ഇഡി അറസ്റ്റു ചെയ്തതും എം ശിവശങ്കരന്റെ അറസ്റ്റുമെല്ലാം സര്‍ക്കാറിന്റെ പ്രതീക്ഷകളെ മങ്ങളേല്‍പ്പിച്ചു. ഇങ്ങനെ തുടര്‍ച്ചയായി തിരിച്ചടികള്‍ ഏല്‍ക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ മുഖം മിനിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിനായി ഇടതു മുന്നണിയെ അധികാരത്തില്‍ എത്തിച്ച അതേ സോളാര്‍ കേസ് വീണ്ടും പൊടിതട്ടി എടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ തുടക്കം യുഡിഎഫ് തിരിച്ചറിഞ്ഞു കഴിഞ്ഞു. അനില്‍കുമാറിനെതിരായ ബലാത്സംഗ പരാതിയില്‍ മൊഴിയെടുത്തത് ആദ്യ പടിയാണെന്ന സൂചന പുറത്തു വന്നു കഴഞ്ഞു. അനില്‍ കുമാറിനെ കൂടാതെ മറ്റു നേതാക്കളെയും ലക്ഷ്യം വെച്ചുകൊണ്ടാണ് സര്‍ക്കാര്‍ നീങ്ങുന്നത്. പഴകിദ്രവിച്ച ആരോപണം ആണെങ്കിലും ഇടതു സര്‍ക്കാര്‍ ഈ വിഷയം എടുത്തിട്ടു സര്‍ക്കാറിനെതിരായ ആരോപണങ്ങളെ മറികടക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. കോണ്‍ഗ്രസ് നേതാവ് എ.പി. അനില്‍കുമാറിന് എതിരായ കേസില്‍ പരാതിക്കാരിയുടെ മൊഴി വിളിച്ചുവരുത്തി രേഖപ്പെടുത്തിയതിനു പിന്നാലെ മറ്റുള്ളവര്‍ക്ക് എതിരായ കേസുകളുടെ അവസ്ഥയും വിലയിരുത്തി. ബലാത്സംഗ പരാതിയിലാണ് മൊഴി രേഖപ്പെടുത്തലും തെളിവു ശേഖരിക്കലും നടക്കുന്നത്. ഇതില്‍ നേതാക്കളെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെങ്കില്‍ അതിന് വേണ്ടിയും ശ്രമിക്കണമെന്ന രാഷ്ട്രീയ ബുദ്ധിയാണ് സര്‍ക്കാറിനുള്ളത്. പൊലീസിലെ ഉന്നതരുമായി ഇതേക്കുറിച്ചു സംസാരിച്ചു കഴിഞ്ഞുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഈ നീക്കം മുന്നില്‍ കണ്ടാണ് ഡിജിപിക്കെതിരെ പ്രതിപക്ഷ നേതാവ് ചെന്നിത്തല രംഗത്തെത്തിയത്.

പീഡനപരാതി നിലനില്‍ക്കില്ലെങ്കില്‍ സാമ്പത്തിക തട്ടിപ്പെന്ന കുറ്റം നിലനില്‍ക്കുമോ എന്നാണ് ആലോചിക്കുന്നത്. നിയമോപദേശവും തേടിയേക്കും. സ്വര്‍ണക്കടത്തും ലഹരിക്കടത്തും പ്രോട്ടോക്കോള്‍ ലംഘനവുമൊക്കെയായി സര്‍ക്കാരും അടുപ്പക്കാരും കേസുകളാല്‍ വരിഞ്ഞ് മുറുകിയിരിക്കുമ്പോള്‍ കേസുകള്‍ രാഷ്ട്രീയ ആയുധമാണ് എന്നാണ് സര്‍ക്കാര്‍ ഉറച്ച് വിശ്വസിക്കുന്നത്. ആ സാഹചര്യത്തില്‍ പ്രത്യാക്രമണത്തിനുള്ള ആയുധം പഴയ സോളറിലുണ്ടോയെന്നാണു സര്‍ക്കാര്‍ തിരയുന്നത്. പീഡന പരാതിയില്‍ 7 കേസുകളാണ് നിലവിലുള്ളത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള, എ.പി. അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരായാണു കേസുകള്‍. 2018 അവസാനവും 2019 ആദ്യവുമായി എടുത്ത ഈ കേസുകളില്‍ ഒന്നും ചെയ്യാനാവില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഡിജിപി രാജേഷ് ദിവാനും എഡിജിപി അനില്‍കാന്തുമൊക്കെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുതിര്‍ന്ന നേതാക്കളെ ബലാത്സംഗ കേസില്‍ അറസ്റ്റു ചെയ്യാനാകില്ലെന്ന നിലപാടിലാണ് പൊലീസിലെ പ്രമുഖര്‍. അതിന് തുനിഞ്ഞാല്‍ അത് തങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. എന്നാല്‍, പൊലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദവും ശക്തമായി ഉയരുന്നുണ്ട്.

ഇടക്കാലം കൊണ്ട് ഈ ബലാത്സംഗ കേസില്‍ എഡിജിപി ഷെയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമുണ്ടാക്കി ഓരോ കേസും ഓരോ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചെങ്കിലും പിന്നീട് അനക്കമറ്റ അവസ്ഥയിലായിരുന്നു. ഇതിനിടെയാണ് രണ്ടു ദിവസം മുന്‍പ് പരാതിക്കാരിയെ വിളിച്ചുവരുത്തി എ.പി. അനില്‍കുമാറിനെതിരായ കേസില്‍ മൊഴിയെടുത്തത്. ഇതോടെ എല്ലാ കേസിലും മൊഴിയെടുപ്പ് പൂര്‍ത്തിയായി. അതിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയരെ ചോദ്യം ചെയ്ത് മുന്നോട്ടു പോകാനാണ് ആലോചന.

കോണ്‍ഗ്രസിന്റെ ദേശീയ നേതാവായ കെ സി വേണുഗോപാലിനെ അടക്കം ഉന്നമിട്ടു കൊണ്ടാണ് രാഷ്ട്രീയ നീക്കങ്ങള്‍. കെ സി വേണുഗോപാലിനെതിരെ നടപടി കൈക്കൊണ്ടാല്‍ അത് ദേശീയ തലത്തില്‍ വാര്‍ത്തയാകുകയും ബിജെപി അടക്കമുള്ളവര്‍ ആഘോഷിക്കുകയും ചെയ്യും. അതുകൊണ്ട് കെസിയിലൂടെ പിണറായി ലക്ഷ്യമിടുന്നത് ഒരുവെടിക്ക് രണ്ട് പക്ഷിയെന്ന ലൈനാണ്.
അതേസമയം നേതാക്കളെ രാഷ്ടീയ വൈരം തീര്‍ക്കാന്‍ അനില്‍കുമാറും ഹൈബി ഈഡനും അടക്കമുള്ളവരെയും ഒടുവില്‍ ഉമ്മന്‍ ചാണ്ടിയെയും പറ്റുമെങ്കില്‍ സാങ്കേതിക അറസ്റ്റെങ്കിലും വേണമെന്ന ആലോചനയും രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ട്. എന്നാല്‍, അത്തരത്തില്‍ സംഭവിച്ചില്‍ അത് കേരള രാഷ്ട്രീയത്തില്‍ ഇല്ലാത്ത രാഷ്ട്രീയ വൈരം തീര്‍ക്കല്‍ കേസായി മാറുമെന്ന ഭയവും അധികാര കേന്ദ്രങ്ങള്‍ക്കുണ്ട്.

എന്നാല്‍ പരാതി തെളിയിക്കുക ബുദ്ധിമുട്ടാണെന്ന് ഉദ്യോഗസ്ഥരെല്ലാം തന്നെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ പീഡനം എന്നതൊഴിവാക്കി സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പുതിയ കേസെടുത്ത് വിജിലന്‍സിന് കൈമാറിയാലോ എന്നാണ് ആലോചനയും സജീവമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും സോളാര്‍ പൊടിതട്ടി എടുക്കാനുള്ള നീക്കം നടന്നിരുന്നു. ആ സമയത്താണ് ഹൈബി ഈടന്‍, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെ സോളാര്‍ സംരംഭകയെ പീഡിപ്പിച്ചകേസില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

ക്രൈംബ്രാഞ്ചാണ് കേസെടുത്തു എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇത് കൂടാതെ മുന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി എന്നിവര്‍ക്കെതിരെ പീഡന, ബലാത്സംഗ കേസുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. യുവതി എ.ഡി.ജി.പി എസ് . അനില്‍കാന്തിന് സമര്‍പ്പിച്ച ആറ് പരാതികളില്‍ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസിലും കെ.സി. വേണുഗോപാല്‍ ഡല്‍ഹിയടക്കം പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനക്കേസുകള്‍ ചുമത്തിയിട്ടുണ്ട്. കെ.സി. വേണുഗോപാലിനെതിരെ ബലാത്സംഗത്തിനാണ് കേസ്. യുവതി സമര്‍പ്പിച്ച മറ്റ് നാല് പരാതികളില്‍ മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ് അടക്കം യുഡിഎഫിലെ മറ്റ് നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് പരിശോധിച്ചുവരുകയായിരുന്നു. സോളാര്‍കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ മുമ്പാകെ യുവതി സമര്‍പ്പിക്കപ്പെട്ട കത്തുകളില്‍ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ പീഡന ആരോപണം ഉന്നയിച്ചിരുന്നു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം മുന്നോട്ടുപോയിരുന്നില്ല.

സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. എ.പി.അബ്ദുള്ളക്കുട്ടിയുടെയും കെ.സി.വേണുഗോപാലിനും അനില്‍കുമാറിനുമെതിരെ മൊഴി പരാതിക്കാരി നല്‍കിയിട്ടുണ്ട്. ലൈംഗിക പീഡനകേസുകള്‍ തേഞ്ഞുമാഞ്ഞുപോകുന്നതില്‍ എല്ലാ ഇരകള്‍ക്കും അസ്വസ്ഥതയുണ്ടാക്കുമെന്നും അവര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *