സ്പീഡ് ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ വച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കരുതെന്ന് ഹൈക്കോടതി

Breaking Keralam News

കൊച്ചി: നിരത്തുകളിലെ സ്പീഡ് ക്യാമറയില്‍ പതിയുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ വച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കരുതെന്ന് ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമം പാലിക്കാതെ നിരത്തുകളില്‍ സ്ഥാപിച്ച സ്പീഡ് ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ വച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കരുതെന്നാണ്
ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അഭിഭാഷകനായ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മോട്ടോര്‍ വാഹന നിയമം പാലിക്കാതെ കേരളത്തില്‍ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്താണ് അഡ്വ. സിജു ഹൈക്കോടതിയെ സമീപിച്ചത്.മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഒരോ റോഡിലും വിവിധ വാഹനങ്ങള്‍ക്ക് പോകാവുന്ന പരമാവധി വേഗത എത്രയാണെന്ന് വ്യക്തമാക്കി കൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കണം. എന്നാല്‍ കേരളത്തില്‍ ഇത്തരം ബോര്‍ഡുകള്‍ വളരെ കുറവാണ്.പരമാവധി വേഗതയെക്കുറിച്ച് അറിവില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ പാതകളില്‍ സ്ഥാപിച്ച സ്പീഡ് ക്യാമറകളില്‍ പതിയുകയും പിന്നീട് അമിത വേഗതയിലുള്ള ഡ്രൈവിംഗിന് പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് വാഹന ഉടമകള്‍ക്ക് ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്ന് സിജു കമലാസനന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.
മോട്ടോര്‍ വാഹന ചട്ടമനുസരിച്ചു പിഴ ചുമത്താനുള്ള അധികാരം പൊലീസിന്റെ ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലെന്നും സിജുവിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകന്‍ ഹര്‍ജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിച്ചാണ് ജസ്റ്റിസ് രാജാ വിജയരാഘവന്‍ മോട്ടോര്‍ വാഹന ചട്ടമനുസരിച്ച് പിഴ ചുമത്തുന്നത് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *