മലപ്പുൃറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമുണ്ടെന്ന പ്രചരണത്തെ തുടര്‍ന്ന് മലബാറില്‍ ‘നിക്കാഹുകളുടെ പെരുമഴ. വിവാഹപ്രായം ഉയര്‍ത്തരുതെന്ന നിലപാടിലാണ് മുസ്ലിംമതസംഘനളെങ്കിലും പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍കൂടി പ്രചരിച്ചതോടെയാണ് മലബാറിലും പ്രത്യേകിച്ച് മലപ്പുറത്തും 21വയസ്സിന് താഴേയുള്ള പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ വ്യാപകമായി നടക്കുന്നത്. ഇത്തരത്തില്‍ ധൃതിയില്‍ നടത്തുന്ന നിക്കാഹുകള്‍ സ്വപ്നങ്ങളെ തച്ചുടക്കാതിരിക്കട്ടെയെന്ന് എം.എസ്.എഫ് ഹരിത സംസ്ഥാന അധ്യക്ഷയും വയനാട്ടുകാരി മുഫീദ തസ്നി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. വിവാഹം ചെയ്തുവീടുകളിലേക്കു കൂട്ടിക്കൊണ്ടുപോകാതെ നിക്കാഹ് കഴിച്ച് പെണ്‍കുട്ടികളെ അവരവരുടെ വീടുകളില്‍തന്നെ നിര്‍ത്തുന്ന രീതിയും വ്യാപകമായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏതുനിമിഷവും നിയമം പ്രാബല്യത്തിലാക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഈ നീക്കം. നവംബര്‍ നാലിന് പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരണം നടന്നിരുന്നു. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞതായാണ് സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍, മന്ത്രിയോ സര്‍ക്കാര്‍ വൃത്തങ്ങളോ ഇതുസംബന്ധിച്ച് ഓദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നുംനടത്തിയിട്ടില്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉടന്‍ പുതുക്കി നിശ്ചയിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസങ്ങള്‍ക്കു മുമ്പ് അറിയിച്ചിരുന്നു. എന്നാല്‍, ഇതു എത്രയാണ് പ്രായമെന്നോ, എപ്പോള്‍ നടപ്പിലാക്കുമെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. തുടര്‍ന്ന് ഇതിനെ ചുറ്റിപ്പറ്റിയാണിപ്പോള്‍ അഭ്യൂഹങ്ങള്‍ പടച്ചുവിടുന്നത്. ഇതിനോടകം വിവാഹം ഉറപ്പിച്ചുവെച്ച 18 വയസ്സ് തികഞ്ഞ എന്നാല്‍, 21നു താഴെ പ്രായമുള്ളവരുടെ കുടുംബങ്ങളെല്ലാം വിവാഹങ്ങള്‍ വേഗത്തില്‍ നടത്തുകയാണ്. വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ ഭൂരിഭാഗം മുസ്ലിംമത സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. വികസിത രാഷ്ട്രങ്ങളുള്‍പ്പെടെ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 മുതല്‍ 18 വരെയാണെന്നിരിക്കെ ഇന്ത്യന്‍ വിവാഹ പ്രായത്തില്‍ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്നാണ് സംഘടനകളുടെ അഭിപ്രായം. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടാണ് വിവാഹങ്ങളും നിക്കാഹുകളും വ്യാപകമായി നടക്കുന്നത്.
പെണ്‍കുട്ടികളുടെ വിവാഹം പ്രായം 21 ആക്കുന്നതിലൂടെ സാംസ്കാരിക അധഃപതനത്തിനും മൂല്യച്ച്യുതിക്കും കാരണമാകുമെന്നാണ് സമസ്തയുടെ നിലപാട്. അതിനുപുറമെ പെണ്‍കുട്ടികളുടെ ശാരീരിക-മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാണിതെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. വിവാഹ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാനും വിവിധ രാഷ്ട്രീയ-മത-സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുവാനുള്ള തീരുമാനവും എടുത്തിരുന്നു.
നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21ഉം ആണ്. ഇത് പുതുക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സാമൂഹ്യപ്രവര്‍ത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനമെടുക്കുക.മാതൃമരണ നിരക്ക് കുറക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹപ്രായം ഉയര്‍ത്തുന്നതിന്റെ ലക്ഷ്യമായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്‍കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. നമ്മുടെ പെണ്മക്കളുടെ ശരിയായ വിവാഹപ്രായം തീരുമാനിക്കാനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതുവരെ ബന്ധപ്പെട്ട സമിതി എന്തുകൊണ്ടാണ് തീരുമാനം അറിയിക്കാത്തതെന്ന് രാജ്യമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ എന്നോട് കത്തുകളിലൂടെ ചോദിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഈ റിപ്പോര്‍ട്ട് വരുന്ന ഉടന്‍ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ദിവസങ്ങള്‍ക്കു പ്രധാനമന്ത്രി പറഞ്ഞത്. അതേ സമയം പ്രസ്താവന നടത്തിയ പ്രാധാനമന്ത്രിയെ ട്രോളിയുള്ള പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രസ്താവനയെ തുടര്‍ന്ന് നിരവധി വിവാഹങ്ങളും നിക്കാഹുകളും നടന്നതോടെ ‘ഒരാഴ്ച്ചകൊണ്ട് ഒരുപാട് പേരുടെ നിക്കാഹ്’ കഴിപ്പിച്ച ബല്ലാത്ത ജാതി ബാപ്പ’ എന്ന പേരില്‍ മോഡിയുടെ ചിത്രം സഹിതം സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.
