കോട്ടയം: കോട്ടയത്ത് ഹാണിട്രാപ്പ് കേസില്‍ അറസ്റ്റിലായ സംഘം ഉന്നത രാഷ്ട്രീയ നേതാവിനെയും ഹാണിട്രാപ്പില്‍ കുടുക്കാന്‍ പദ്ധതിയിട്ടു. ഉന്നത രാഷ്ട്രീയ നേതാവിനെ കുടുക്കാനുള്ള പദ്ധതികള്‍ നീക്കുന്നതിനിടെയാണ് കോട്ടയത്തെ ഹണിട്രാപ്പ് സംഘം കഴിഞ്ഞ ദിവസം പിടിലായതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. ഉന്നത രാഷ്ട്രീയ നേതാവിനെയും സ്വര്‍ണക്കട മുതലാളിയെയും വലയിലാക്കി കോടികള്‍ തട്ടുക എന്ന ലക്ഷ്യത്തോടെ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ചിങ്ങവനത്തെ സ്വര്‍ണ വ്യാപാരി കെണിയിലാകുന്നതും പ്രതികള്‍ പൊലീസ് പിടിയിലായതും.
സ്ഥലം ഇടപാടിനെന്ന പേരിലാണ് കോട്ടയത്തെ പ്രമുഖ രാഷ്ട്രീയക്കാരനെ പ്രതികള്‍ സമീപിച്ചത്. ഹണിട്രാപ്പ് കെണിയൊരുക്കുന്ന സ്ത്രീകളില്‍ ഒരാള്‍ താന്‍ വിധവയാണെന്നാണ് നേതാവിനോട് പറഞ്ഞത്. വീട്ടിലെത്തിയ പ്രതികള്‍ നേരിട്ട് സംസാരിച്ചു. സ്ഥലം വില്പനയ്ക്കായി എത്താന്‍ നിര്‍ദ്ദേശിച്ച തീയതിക്ക് തൊട്ടു മുന്‍പാണ് ഇവര്‍ പിടിയിലായത്. സ്വര്‍ണം വില്‍ക്കാനുണ്ടെന്ന വ്യാജേനയാണ് കോട്ടയം നഗരത്തിലെ സ്വര്‍ണ വ്യാപാരിയെ സംഘം കുടുക്കാന്‍ ശ്രമിച്ചത്. ഫ്ളാറ്റില്‍ എത്താന്‍ പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും ജുവലറിയില്‍ നേരിട്ടെത്താന്‍ വ്യാപാരി അറിയിച്ചു. വീണ്ടും രണ്ടു തവണ കൂടി സംഘം ബന്ധപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതോടെയാണ് സംഘത്തിന്റെ പദ്ധതി പാളിയത്.
കേസിലെ മുഖ്യ ആസൂത്രകന്‍ തളിപ്പറമ്പ് കുറ്റിയാട്ടൂര്‍ മയ്യില്‍ നൗഷാദ് (41), ഇയാളുടെ മൂന്നാം ഭാര്യ തൃക്കരിപ്പൂര്‍ എളമ്പച്ചി പുത്തന്‍ പുരയില്‍ ഫസീല (34), ഉദിനൂര്‍ സ്വദേശി അന്‍സാര്‍ (23), അന്‍സാറിന്റെ ഭാര്യ സുമ (30) എന്നിവരെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. കര്‍ണാടകയില്‍നിന്നാണ് ഇവരെ കോട്ടയം ഡിവൈ.എസ്പി. ആര്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പൊലീസ് സംഘം ഒരാഴ്ചയായി കാസര്‍കോട് താമസിച്ചാണ് പ്രതികളെ പിടികൂടിയത്. കോവിഡിനെ തുടര്‍ന്ന് ഹവാലാ പണത്തില്‍നിന്നുള്ള വരുമാനം നഷ്ടപ്പെട്ടതോടെ പ്രതി നൗഷാദ് പുതിയ വരുമാനമാര്‍ഗം തേടിയാണ് സുഹൃത്തിന്റെ സഹായത്തോടെ കോട്ടയത്തെത്തിയത്.
രണ്ടാം ഭാര്യയെയും കൂട്ടുകാരിയെയും ഉപയോഗിച്ച് ബിസിനസ് ആവശ്യത്തിനെന്ന വ്യാജേന ചിങ്ങവനം സ്വദേശിയായ സ്വര്‍ണവ്യാപാരിയെ കോട്ടയം നഗരത്തിലെ അപ്പാര്‍ട്ട്മെന്റിലേക്ക് വരുത്തി. കൂട്ടാളികളുടെ സഹായത്തോടെ മര്‍ദിച്ച് അവശനാക്കി പെണ്‍കെണി മാതൃകയില്‍ സ്ത്രീയോടൊപ്പം ഇരുത്തി ഫോട്ടോ എടുത്തശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ തട്ടുകയായിരുന്നു. കോട്ടയം നഗരത്തിലെ ചില പ്രമുഖരെ കുടുക്കാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസിനോട് പ്രതികള്‍ സമ്മതിച്ചു. മറ്റൊരു സ്വര്‍ണവ്യാപാരിയും പ്രമുഖ രാഷ്ട്രീയക്കാരനെയും കുടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ചിങ്ങവനം സ്വദേശി പൊലീസില്‍ പരാതിപ്പെട്ടതോടെ പ്രതികള്‍ ഒളിവില്‍പോവുകയായിരുന്നു. തട്ടിപ്പിന് സഹായികളായി പ്രവര്‍ത്തിച്ച പ്രവീണ്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഹാനിഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം സ്വദേശിയായ ഗുണ്ടയും മറ്റൊരു കാസര്‍കോട് സ്വദേശിയും ഒളിവിലാണ്. ഇവരെ അന്വേഷിച്ചുവരുകയാണ്. പൊലീസ് പിന്തുടരുന്നതറിഞ്ഞ നൗഷാദ് തല മുണ്ഡനംചെയ്തു വേഷംമാറി കഴിയുകയായിരുന്നു.
കണ്ണൂര്‍ ജില്ലയിലും സമീപ പ്രദേശങ്ങളിലും, കര്‍ണാടക സംസ്ഥാനത്തുമായി ഇയാള്‍ക്കെതിരേ ഇരുപതിലധികം സംഘംചേര്‍ന്ന് കവര്‍ച്ചക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒറ്റതവണ അഞ്ചുകോടി രൂപ കവര്ച്ചചെയ്തിട്ടുണ്ട്. മൂന്നാം ക്ലാസ് മാത്രം വിദ്യാഭ്യാസം ഉള്ള ഇയാള്‍ക്ക് മൂന്നുഭാര്യമാരും ഉണ്ട്. ഹവാലപണവും നികുതി വെട്ടിച്ചു കടത്തുന്ന വലിയ തുകകളും നിരീക്ഷിച്ചു അവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ വിവിധ റോഡുകളില്‍ െവച്ചു ആക്രമിച്ച് പണം തട്ടുന്നതാണ് നൗഷാദിന്റെ രീതി. ഇയാളുടെ രണ്ടുസഹോദരങ്ങളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടയം ഈസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ നിര്‍മ്മല്‍ ബോസ്, എസ്ഐ. രഞ്ജിത്ത് വിശ്വനാഥന്, കോട്ടയം ഡിവൈ.എസ്പി. ഓഫീസിലെ എഎസ്ഐ.അരുണ്‍കുമാര്‍ കെ.ആര്, എസ്ഐ. ഷിബുക്കുട്ടന്, സൈബര്‍ സെല്ലിലെ മനോജ് കുമാര്‍ വി എസ്. എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
രണ്ടു പ്രതികളായ പ്രവീണിനെയും മുഹമ്മദ് ഹാനിഷിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആസൂത്രകന്‍ കുപ്രസിദ്ധ ഗുണ്ട കുടമാളൂര്‍ സ്വദേശിയും കണ്ണൂരില്‍ കൊലക്കേസ് പ്രതിയുമായ കുപ്രസിദ്ധ ഗുണ്ടയാണ് കേസിലെ പ്രധാന ആസൂത്രകന്‍. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ബംഗളൂരുവിലുണ്ടെന്നാണ് സൂചന.
