ട്രംപ് താഴെ വീഴുന്നു.. അമേരിക്കയില്‍ ജോ ബൈഡന്റെ പടയോട്ടം

Breaking International

വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ കോട്ട എന്നറിയെപ്പെട്ടുന്ന സംസ്ഥാനങ്ങളും തകര്‍ത്ത് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ പടയോട്ടം. റിപ്പബ്ലിക്കന്‍സിന്റെ ഉറച്ച സംസ്ഥാനമായ ജോര്‍ജിയ കീഴടക്കിയ ബൈഡന്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പെന്‍സില്‍വാനിയയിലും ലീഡുയര്‍ത്തി മുന്നേറുകയാണ്. മൂന്നുദിവസം പിന്നിട്ട വോട്ടെണ്ണല്‍ അന്തിമഘട്ടത്തോട് അടുക്കവെ ഉറച്ച കോട്ടയായി ട്രംപ് കരുതിയിരുന്ന പെന്‍സില്‍വാനിയയില്‍ 5000 വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്‍.പെന്‍സില്‍വാനിയയിലെ 20 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ബൈഡന്റെ ജയം ഉറപ്പാണ്.പെന്‍സില്‍വാനിയയില്‍ നേരത്തെ ട്രംപിനേക്കാള്‍ 18000 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു ബൈഡന്‍.

പെന്‍സില്‍വാനിയയിലെ ഡെമോക്രാറ്റ് പാര്‍ട്ടിക്ക് പ്രാബല്യമുള്ള ഫിലാഡെല്‍ഫിയയിലെ മെയില്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോഴാണ് ബൈഡന്റെ ലീഡ് നില ഉയര്‍ന്നത്. 30000 വോട്ടുകള്‍ മാത്രമാണ് ഇനി ഫിലാഡെല്‍ഫിയയില്‍ എണ്ണാന്‍ ബാക്കിയുള്ളത്.തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപും ബൈഡനും ഒരുപോലെ കളത്തിലറങ്ങിയ പ്രധാന സംസ്ഥാനങ്ങളിലൊന്നായിരുന്നു പെനിസില്‍വാനിയ. 20 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ഉള്ള സംസ്ഥാനത്ത് ബൈഡന്‍ തെരഞ്ഞെടുപ്പ് ദിനത്തിന്റെ തലേന്നത്തെ രാത്രിയില്‍ പോലും പ്രചരണ റാലി നടത്തിയിരുന്നു. പെന്‍സില്‍വാനിയക്കു സമാനമായി ജോര്‍ജിയയിലും ബൈഡന്‍ വിജയക്കുതിപ്പിലാണ്.അവസാന ലാപ്പില്‍ നിലവില്‍ 264 ഇലക്ടറല്‍ സീറ്റ് ലഭിച്ച ബൈഡന്‍ ഇപ്പോള്‍ നെവാദ, ജോര്‍ജിയ, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലായി 42 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ഉറപ്പിച്ചു.പ്രസിഡന്റ് സ്ഥാനത്തെത്താന്‍ വേണ്ടത് 270 ഇലക്ടറല്‍ വോട്ടുകളാണ്. ലീഡ് നിലനിര്‍ത്തിയാല്‍ ബൈഡന് 306 ഇലക്ടറല്‍ വോട്ടുകളാവും ലഭിക്കുക. ജോര്‍ജിയയില്‍ 99 ശതമാനം വോട്ടെണ്ണി കഴിഞ്ഞു. 16 ഇലക്ടറല്‍ വോട്ടുകളാണ് ഇവിടെയുള്ളത്. ബൈഡന് 2449582 വോട്ടും ട്രംപിന് 2448485 വോട്ടുമാണ് ലഭിച്ചത്. നേരിയ വോട്ട് വ്യത്യാസമായതിനാല്‍ ഇവിടെ വീണ്ടും വോട്ടെണ്ണേണ്ടി വന്നേക്കാം.

നെവാദയില്‍ 84 ശതമാനം വോട്ടെണ്ണിയപ്പോള്‍ ബൈഡന് 604251 വോട്ടും ട്രംപിന് 592813 വോട്ടുമാണ് ലഭിച്ചത്. ആറ് ഇലക്ടറല്‍ വോട്ടുകളാണ് ഇവിടെയുള്ളത്. പെന്‍സില്‍വാനിയയില്‍ 98 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. 3295327 വോട്ട് ബൈഡന് ലഭിച്ചു. 3289731 വോട്ട് ട്രംപിനും ലഭിച്ചു. ലീഡ് നിലനിര്‍ത്തിയാല്‍ ഇവിടെയുള്ള 20 ഇലക്ടറല്‍ വോട്ടും ബൈഡന് ലഭിക്കും. നോര്‍ത്ത് കരോലിനയില്‍ മാത്രമാണ് ട്രംപ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ഇവിടെയുള്ള 15 ഇലക്ടറല്‍ വോട്ടുകള്‍ കിട്ടിയാലും ട്രംപിന് 229 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമേ ആകെ ലഭിക്കൂ. ട്രംപിന്റെ വാര്‍ത്താ സമ്മേളനം മാധ്യമങ്ങള്‍ പാതിയില്‍ നിര്‍ത്തിയതടക്കം എല്ലാ കാര്യങ്ങളും ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ കസേരയിളകിയെന്ന സൂചന തന്നെയാണ്.

തപാല്‍ വോട്ടുകള്‍ ഇപ്പോഴും പല സംസ്ഥാനങ്ങളിലേക്കും വരുന്നുണ്ട്. ഇത് ബൈഡന്‍ പക്ഷത്തിന് തന്നെയാണ് കരുത്തേകുന്നത്. ജോര്‍ജിയക്ക് പുറമെ റിപ്പബ്ലിക്കന്‍ ക്യാംപിനെ ഞെട്ടിച്ചിരിക്കുകയാണ് അരിസോണയും. ഇതും റിപ്പബ്ലിക്കന്‍സിന്റെ കോട്ടയായാണ് അറിയപ്പെട്ടത്. 11 ഇലക്ടറല്‍ വോട്ടുകള്‍ ഉള്ള അരിസോണയില്‍ ആദ്യം മുതല്‍ ബൈഡനാണ് ലീഡ് ചെയ്തത്. ഇവിടെ ബൈഡന്‍ ജയിക്കും എന്നാണ് വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഉറപ്പിച്ചു പറയുന്നത്. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയോട് ചായ്വ് കാണിക്കുന്ന ഫോക്‌സ് ന്യൂസും ബൈഡന്‍ ജയിക്കും എന്നാണ് പ്രവചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *