സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ‘ഡിസംബര്‍ 8,10,14’ തീയ്യതികളില്‍

Breaking Keralam

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ വി ഭാസ്‌ക്കരന്‍ വാര്‍ത്താസമ്മേളനത്തിലാണ് തീയ്യതി പ്രഖ്യാപിച്ചത്. ഡിസംബര്‍ 8,10,14 തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പു നടക്കുക.വോട്ടെണ്ണല്‍ ഡിസംബര്‍ 16ാം തീയ്യതി നടക്കും. വോട്ടെടുപ്പു ഇവി എം ഉപയോഗിച്ചാകും. വോട്ടെടുപ്പു സമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു മണി വരെയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും മൂന്നാം ഘട്ടത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും.

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരുന്ന വിധത്തിലാകും തിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി.ഭാസ്‌കരന്‍ വ്യക്തമാക്കി.
941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍, 87 മുനിസിപ്പാലിറ്റികളിലെ 3078 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളിലെ 416 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ പത്തിന് പ്രസിദ്ധീകരിക്കും.

നവംബര്‍ 19 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക്
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം

മാതൃക പെരുമാറ്റച്ചട്ടം ഇന്നുമുതല്‍ നിലവില്‍ വന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി നവംബര്‍ 19നാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന നംവംബര്‍ 20ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി നവംബര്‍ 23നാണ്. ഡിസംബര്‍ 14ന് വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ക്രിസ്തുമസിന് മുമ്പായി പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടത്താനും ക്രമസമാധാനം ഉറപ്പാക്കാനും പൊലീസ് തയ്യാറാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടേയും സര്‍ക്കാരിന്റേയും അഭിപ്രായം ശേഖരിച്ചിരുന്നതായി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌ക്കരന്‍ പറഞ്ഞു .പൊതുതെരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിന് പ്രഖ്യാപിച്ചിരുന്നു. 2.72 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുള്ളത്.

1.29 കോടി പുരുഷന്മാരും 1.41 കോടി സ്ത്രീകളും 282 ട്രാന്‍സ്ജെന്‍ഡേഴ്സും വോട്ടര്‍ പട്ടികയിലുണ്ട്. ഈ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒക്ടോബര്‍ 27 മുതല്‍ നാല് ദിവസം അവസരം നല്‍കി. അവരെ കൂടി ചേര്‍ത്ത് നവംബര്‍ പത്തിന് പുതുക്കിയ പട്ടിക പ്രഖ്യാപിക്കും.പോളിങ് സ്റ്റേഷനുകളില്‍ ബ്രേക്ക് ദ ചെയിന്‍ പോളിസി നടപ്പാക്കും. പോളിങ് സ്റ്റേഷന് പുറത്ത് സാനിറ്റൈസര്‍ വിതരണം ചെയ്യും. വോട്ടര്‍മാരെ തിരിച്ചറിയാനായി പോളിങ് ഓഫീസര്‍ക്ക് മുന്നില്‍ മാസ്‌ക് മാറ്റേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *