കേരളത്തിലെ ആദ്യ ആസൂത്രിത കലാപ ശ്രമങ്ങളിലെ ഇര മരിച്ചു

Breaking Crime

മലപ്പുറം: ശരീരത്തില്‍ 56 വെട്ടേല്‍ക്കുകയും തുടര്‍ന്ന് അറ്റു തൂങ്ങിയ വലതുകൈയുമായ രണ്ട്
പതിറ്റാണ്ടോളം ജീവിച്ച ഷംസു പുന്നക്കല്‍ അന്തരിച്ചു. മലപ്പുറം മഞ്ചേരിയിലെ ഇടതു ട്രേഡ് യൂണിയന്‍ നേതാവും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗവുമായ ഷംസുവിന്റെ മരണം ഇന്ന് പുലര്‍ച്ചെ വീട്ടില്‍ വച്ചായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ദിവസങ്ങള്‍ക്ക് മുമ്പ് ഹൃദയസംബന്ധമായ ചികിത്സക്കായി ആശുപത്രിയില്‍ പോയിരുന്നെങ്കിലും ന്യൂമോണിയ ബാധിച്ചതിനാല്‍ ശസ്ത്രക്രിയ നടത്താനാകാതെ തിരിച്ചുപോരുകയായിരുന്നു. ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു ഷംസു പുന്നക്കല്‍. എന്‍ഡിഎഫ് തീവ്രവാദികളുടെ അക്രമത്തിനിരയായി അറ്റു തൂങ്ങിയ വലതുകൈയുമായാണ് ഷംസുപുന്നക്കല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം ജീവിച്ചത്. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടായി രൂപം മാറിയ എന്‍ഡിഎഫിന്റെ കേരളത്തിലെ ആദ്യത്തെ ആസൂത്രിത കലാപ ശ്രമങ്ങളില്‍ ഒന്നായിരുന്നു 2001 ജനവരി 16ന് മഞ്ചേരിയില്‍ വെച്ച് നടന്ന അക്രമം. പട്ടാപകല്‍ നഗരമദ്ധ്യത്തില്‍ എന്‍ഡിഎഫ് നടത്തിയ ആദ്യ അക്രമമായിരുന്നു അത്. വൈകിട്ട് അഞ്ചിന് മഞ്ചേരി പാണ്ടിക്കാട് റോഡില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് മുന്നില്‍ സഹോദരി ഭാര്‍ത്താവ് അബ്ദുല്‍ സലാമിനൊപ്പം നില്‍ക്കുമ്പോഴാണ് ഷസുവിനെ ഓട്ടോയില്‍ സായുധരായ നാലംഗസംഘമെത്തി തുരുതുരാ വെട്ടിയതായാണ് പരാതി. അക്രമത്തില്‍ വലതു കൈയും വലതു കാലും മുറിഞ്ഞുതൂങ്ങി. മുതുകിലും തലക്കും നെഞ്ചിലും വെട്ടേറ്റു. മഞ്ചേരി അങ്ങാടിയിലെ തൊഴിലാളികളും പാര്‍ട്ടി പ്രവര്‍ത്തകരും ചോരയില്‍ കുളിച്ചു കിടന്ന ഷംസുവിനെ വാരിയെടുത്ത് മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും കോയമ്പത്തൂര്‍ ഗംഗാ ആശുപത്രിയിലും. പിന്നീട് മാസങ്ങളോളം കോയമ്പത്തൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നു. കൈയിലും കാലിലുമായി പത്തിലധികം ശസ്ത്രക്രിയകള്‍. രണ്ട് വര്‍ഷത്തോളം വീട്ടിനകത്ത് പുറത്തിറങ്ങാനാകാതെയും കിടന്നു. ആ കാലങ്ങളിലെല്ലാം മഞ്ചേരിയിലെ ചുമട്ടുതൊഴിലാളികളായിരുന്നു ഷംസുവിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തത്. 56 വെട്ടുകളാണ് ഷംസുവിന്റെ ശരീരത്തിലുണ്ടായിരുന്നത്.
പിന്നീട് രണ്ട് പതിറ്റാണ്ടോളം കാലം അറ്റുതൂങ്ങിയ ആ കെയുമായാണ് ഷംസു ജീവിച്ചത്. മഞ്ചേരിയില്‍ ചുമട്ടുതൊഴിലാളിയായും ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായും വളര്‍ന്നു വരുന്ന സമയത്താണ് യാതൊരു പ്രകോപനവും കൂടാതെ സംഘര്‍ഷ സാധ്യതകള്‍ ഏതുമില്ലാത്ത മഞ്ചേരി നഗരഹൃദയത്തില്‍ വെച്ച് എന്‍ഡിഎഫുകാര്‍ ഷംസുവിനെ അക്രമിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ട വിശ്രമത്തിനും ആശുപത്രി വാസത്തിനും ശേഷം ഷംസു വീണ്ടും പൊതുപ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങി.
തുടര്‍ന്ന് മഞ്ചേരി നഗരസഭ കൗണ്‍സിലറായി വിജയിച്ചു. ഭാര്യ: മീര(ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മഞ്ചേരി). മക്കള്‍: ആദിത്യന്‍, താനി.

Leave a Reply

Your email address will not be published. Required fields are marked *