അനധികൃത സ്വത്ത്; കെ.എം. ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്

Breaking Keralam News Politics

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍യ്ക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ജഡ്ജി കെ വി ജയകുമാര്‍ വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കി. പൊതുപ്രവര്‍ത്തകനായ അഡ്വ. എം ആര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് കോടതി ഇടപെടല്‍.

വരവില്‍ കവിഞ്ഞ സ്വത്ത് എംഎല്‍എ സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പരാതി നല്‍കിയത്. സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്ന വരുമാനവും ഷാജിയുടെ ആഡംബര വീട് നിര്‍മാണത്തിന് ഉപയോഗിച്ച തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. അനധികൃതമായി നിര്‍മിച്ച ആഡംബര വീടിന് 1.62 കോടി രൂപ വിലമതിക്കുമെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ കണ്ടെത്തിയത്. ആര്‍ക്കികെട്റ്റുകളുമായി സംസാരിച്ചപ്പോള്‍ ഇത് നാല് കോടി രൂപയെങ്കിലും വരുമെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചതെന്നും ഹരീഷിന്റെ പരാതിയില്‍ പറയുന്നു.

ആവശ്യം പരിഗണിച്ച കോടതി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് എസ്പിയാണ് അന്വേഷണം നടത്തേണ്ടത്. എംഎല്‍എയ്ക്കെതിരെ നടക്കുന്ന അന്വേഷണത്തിന് എന്തെങ്കിലും അനുമതി സര്‍ക്കാരില്‍ നിന്ന് ആവശ്യമുണ്ടെങ്കില്‍ അത് വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു. കേസ് ജനുവരി ഒമ്പതിന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *