എ.വിജയരാഘവന്റെ ഭാര്യക്ക് ചട്ടംമറികടന്ന് സര്‍ക്കാര്‍ നിയമനം നല്‍കി

Breaking Keralam News Politics

എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ ഭാര്യക്ക് ചട്ടംമറികടന്ന് സര്‍ക്കാര്‍ നിയമനം നല്‍കിയതായി പരാതി. വിജയരാഘവന്റെ ഭാര്യ ബിന്ദുവിനെ തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ വൈസ് പ്രിന്‍സിപ്പാള്‍ ആയി നിയമിച്ച നടപടിക്കെതിരെയാണ് ആരോപണം ഉയരുന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ സ്വന്തം കോളേജിലാണ് വഴിവിട്ട രീതിയില്‍ ഈ നിയമനം നടന്നിരിക്കുന്നതെന്നും പരാതി. സര്‍ക്കാര്‍ കോളേജുകളില്‍ വൈസ് പ്രിന്‍സിപ്പാള്‍ പോസ്റ്റ് നിലവില്‍ ഇല്ലാതിരിക്കേയാണ് ഇടതുമുന്നണി കണ്‍വീനറുടെ ഭാര്യയ്ക്ക് വേണ്ടി ഇത്തരം ഒരു പോസ്റ്റ് ക്രിയേറ്റ് ചെയ്ത് നിയമനം നല്‍കിയിരിക്കുന്നത്. യുജിസി റെഗുലേഷന്‍സിന് വിരുദ്ധമായാണ് നിയമനം നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പുറത്തിറങ്ങുന്നതിനു തൊട്ടു മുന്‍പ് ധൃതിപിടിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നാണ് ഇടതുമുന്നണി കണ്‍വീനറുടെ ഭാര്യയ്ക്ക് വേണ്ടി ഇല്ലാത്ത പോസ്റ്റ് ക്രിയേറ്റ് ചെയ്യുകയും ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പാള്‍ ആയി അവരോധിച്ച് ഉത്തരവിറക്കുകയും ചെയ്തിരിക്കുന്നത്. ഇതേ കോളെജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയാണ് വിജയരാഘവന്റെ ഭാര്യ.
അക്കാദമിക രംഗത്ത് വന്‍ കോളിളക്കമാണ് ബിന്ദുവിന്റെ നിയമനം സൃഷ്ടിച്ചിരിക്കുന്നത്. ചട്ടവിരുദ്ധവും രാഷ്ട്രീയവുമായ നിയമനം ആയതിനാലാണ് ഈ നിയമനത്തെക്കുറിച്ച് എതിര്‍പ്പ് രൂപപ്പെടുന്നത്. കോളേജ് പ്രിന്‍സിപ്പാളിന് അധികാരമുള്ള ഫണ്ടുകളുടെ ഉപയോഗവും ചുമതലകളും വൈസ് പ്രിന്‍സിപ്പാളിന് നല്‍കിയാണ് വിചിത്രമായ ഉത്തരവ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസരംഗം കുഴച്ച് മറിച്ച് അവിലൂസ് പരുവമാക്കി എന്ന ആക്ഷേപം നേരിടുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനു നേരെയാണ് ഈ നിയമനകാര്യത്തിലും ആക്ഷേപശരങ്ങള്‍ ഉയരുന്നത്. മാര്‍ക്ക് കൂട്ടിക്കൊടുക്കല്‍, വഴിവിട്ട നിയമനങ്ങള്‍ തുടങ്ങി സ്വര്‍ണ്ണക്കടത്ത് വരെയുള്ള ആക്ഷേപങ്ങള്‍ മന്ത്രി ജലീല്‍ നേരിട്ട് കൊണ്ടിരിക്കെയാണ് ബിന്ദുവിന്റെ നിയമനവും വിവാദമാകുന്നത്. സിപിഎമ്മിന് വേണ്ടി ജലീല്‍ നടത്തിയതാണ് എന്ന ആക്ഷേപമാണ് ഈ നിയമനത്തെക്കുറിച്ച് ഉയരുന്നത്.
കഴിഞ്ഞ മാസം മുപ്പതിന് തന്നെ ഉത്തരവ് ഇറങ്ങിയെങ്കിലും ഇതേ വരെ വൈസ് പ്രിന്‍സിപ്പാള്‍ ചാര്‍ജ് ഏറ്റെടുത്തിട്ടില്ല. ഇല്ലാത്ത തസ്തികയില്‍ എങ്ങനെ വൈസ് പ്രിന്‍സിപ്പാളിനെ അവരോധിക്കും, ചാര്‍ജ് കൈമാറ്റം നടത്തും എന്നതില്‍ സംശയം നിലനില്‍ക്കുന്നതിനാല്‍ യൂണിവേഴ്സിറ്റിക്കും ദേവസ്വം ബോര്‍ഡിനുമൊക്കെ കേരളവര്‍മ്മ കോളേജ് പ്രിന്‍സിപ്പാള്‍ കത്തെഴുതിയതിനാലാണ് ഇവര്‍ ചാര്‍ജ് ഏറ്റെടുക്കാത്തത് എന്നാണ് സൂചന. കോളേജുകളില്‍ പ്യൂണ്‍ മുതല്‍ പ്രിന്‍സിപ്പാള്‍ വരെ നിയമനം നടത്തിയാലും സര്‍വകലാശാല സര്‍ക്കാര്‍ അംഗീകാരം തേടണം. ഇല്ലാത്ത തസ്തികയ്ക്ക് എങ്ങിനെയാണ് അംഗീകാരം നല്‍കുക എന്ന പ്രശ്നം തുറിച്ചു നോക്കുന്നു. കോളേജ് കാര്യങ്ങളില്‍ ഫൈനല്‍ അഥോറിറ്റി പ്രിന്‍സിപ്പാള്‍ ആണ്. സാമ്പത്തികമായും അക്കാദമികമായും പ്രിന്‍സിപ്പാളിനാണ് കോളേജുകളില്‍ അധികാരമുള്ളത്. അതുകൊണ്ട് തന്നെ പ്രിന്‍സിപ്പാളിനെ കവച്ച് വയ്ക്കാന്‍ വിചിത്രമായ ഓര്‍ഡര്‍ ആണ് ഇറങ്ങിയിരിക്കുന്നത്. ഗവേണിങ് ബോഡി നിശ്ചയിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കേണ്ടത് വൈസ് പ്രിന്‍സിപ്പാള്‍ ആണ്. കോളേജിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കല്‍, വികസന പ്രവര്‍ത്തനങ്ങള്‍. കോളേജ് അക്രഡിറ്റെഷന്‍ തുടങ്ങി പ്രിന്‍സിപ്പാള്‍ ചെയ്യേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും പ്രിന്‍സിപ്പാളും വൈസ് പ്രിന്‍സിപ്പാളും യോജിച്ച് ചെയ്യണം എന്നാണ് ഉത്തരവില്‍ പറയുന്നത്.

പ്രിന്‍സിപ്പാള്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ വൈസ് പ്രിന്‍സിപ്പാളിനു നല്‍കുകയാണ് ഉത്തരവ് വഴി ചെയ്തിരിക്കുന്നത്. കിഫ്ബി, ഡെവലപ്മെന്റ് ഫോറം, പിടിഎ എന്നിവയുടെ സഹായത്തോടെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും എന്‍ഐആര്‍എഫ്, നാക്, ഐക്യുഎഎസ്സി ,റിസര്‍ച്ച് സെന്റെഴ്സ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വൈസ് പ്രിന്‍സിപ്പാളിനാണ് നല്‍കിയിരിക്കുന്നത്. പ്രിന്‍സിപ്പാള്‍ ചെയ്യണ്ട കാര്യങ്ങള്‍ വൈസ് പ്രിന്‍സിപ്പാളിന് നല്‍കി പ്രിന്‍സിപ്പാളിനെ നോക്കുകുത്തിയാക്കുകയാണ് ഉത്തരവിലൂടെ ചെയ്തത് എന്ന ആക്ഷേപമാണ് ഉയരുന്നത്. വൈസ് പ്രിന്‍സിപ്പാളെ നിയമിക്കണമെങ്കില്‍ അതിനു കോളേജ് പ്രിന്‍സിപ്പാള്‍ മുന്‍കൈ എടുക്കണം. ജോലിഭാരം മാനേജ്മെന്റിനെ ബോധ്യപ്പെടുത്തണം. പ്രിന്‍സിപ്പാള്‍ മാനേജ്മെന്റിനെ അറിയിച്ചാല്‍ പ്രിന്‍സിപ്പാലിന്റെ റെക്കമെന്റെഷന് അനുസരിച്ച് വൈസ് പ്രിന്‍സിപ്പാളിനെ നിയോഗിക്കാം. കോളേജിലെ മുതിര്‍ന്ന അദ്ധ്യാപകന് വേണം ഈ തസ്തിക നല്‍കാന്‍. എന്നൊക്കെ നിബന്ധനകളുണ്ട്. സര്‍ക്കാര്‍ കോളേജുകളില്‍ ഇതേ രീതിയില്‍ തസ്തികയില്ല. ഇത്തരം തസ്തികകള്‍ പ്രിന്‍സിപ്പാള്‍മാര്‍ സൃഷ്ടിക്കുകയുമില്ല. കാരണം കോളേജ് കണക്കുകള്‍ ഓഡിറ്റിനു വിധേയമാണ്.

ഉത്തരം പറയേണ്ടത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ ആണ്. അതിനാല്‍ വൈസ് പ്രിന്‍സിപ്പാള്‍ നിയമനം പ്രിന്‍സിപ്പാളിന് കുരിശാണ്. അതുകൊണ്ട് തന്നെ വൈസ് പ്രിന്‍സിപ്പാള്‍ നിയമനത്തിനു പ്രിന്‍സിപ്പാള്‍മാര്‍ ശുപാര്‍ശ ചെയ്യാറില്ല. കേരളവര്‍മ്മ കോളേജില്‍ പ്രിന്‍സിപ്പാള്‍ ഇത്തരം ഒരു നിയമനത്തിനു ശുപാര്‍ശ ചെയ്തിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെയാണ് ചാര്‍ജ് കൈമാറുമ്പോള്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ വിശദമാക്കണം എന്ന് പറഞ്ഞു ഉന്നത വിദ്യാഭ്യാസ അധികൃതര്‍ക്ക് പ്രിന്‍സിപ്പാള്‍ കത്ത് നല്കിയതും.

Leave a Reply

Your email address will not be published. Required fields are marked *