അത്ഭുതപ്പെട്ടുപോകും എ.വിജയരാഘവന്റെ ജീവിതം വായിച്ചാല്‍

Breaking News Politics

മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറിയായ ചുമതലയേല്‍ക്കുന്ന എ.വിജയരാഘവന്‍ ആരാണ്.
1956 മാര്‍ച്ച് 23ന് മലപ്പുറത്തെ കര്‍ഷക കുടുംബത്തിലെ പമ്പാടന്‍ പരങ്ങോടന്റെയും
മാളുക്കുട്ടിയമ്മയുടേയും മകനായി ജനിച്ച വിജയരാഘവന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
വിദ്യാഭ്യാസവും വിവേകവുമുള്ള എ വിജയരാഘവനെപ്പോലെത്തെ നേതാക്കളാണ് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ മുതല്‍ക്കൂട്ട്. ഒരു എസ്എഫ്ഐ നേതാവിനെ പാര്‍ലിമെന്റിലേക്ക് മല്‍സരിപ്പിക്കുക വഴി കേരളത്തിന്റെ യുവത്വത്തിന്റെ പിന്തുണ ഇടതുമുന്നണി നേടിക്കഴിഞ്ഞു. അടിസ്ഥാന വര്‍ഗത്തില്‍നിന്ന് പൊരുതിക്കയറിവരുന്ന ഇത്തരം ആളുകളാണ് ഈ സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുക. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്ത് നടത്തിയ ഒരു തെരഞ്ഞെുടുപ്പാണ് പാലക്കാട്ട് കാണാന്‍ കഴിയുന്നത്. ‘- 1989ലെ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ‘ശ്രദ്ധേയമായ ഒരു മാറ്റം’ എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ എക്സപ്രസ് ദിനം പത്രം എഴുതിയ വാര്‍ത്തയിലെ വാചകങ്ങള്‍ ആണിത്.

ആ റിപ്പോര്‍ട്ട് അക്ഷരം പ്രതിശരിയായിരുന്നു. അന്ന് കേരളത്തിലെ യുവത്വത്തിന്റെ ആശയും ആവേശവുമായിരുന്നു എ വിജയരാഘവന്‍ എന്ന 32കാരന്‍. എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ്. ഏറ്റവും താഴെക്കിടയില്‍നിന്ന് പടിപടിയായി ഉയര്‍ന്ന് എത്തിയ നേതാവ്. അക്കാലത്ത് യുഡിഎഫിന്റെ കുത്തകയായിരുന്നു പാലക്കാട് സീറ്റില്‍ വിജയരാഘവന്‍ ശരിക്കും കൊടുങ്കാറ്റായി. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള കാമ്പസുകളില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ പാലക്കാട്ടേക്ക് ഒഴുകിയെത്തി. തെരുവുനാടകങ്ങളും, കവിത ചൊല്ലലും വീടുകയറിയുള്ള കാമ്പയിനിങ്ങുമൊക്കെയായി അവര്‍ രംഗം കൊഴുപ്പിച്ചു. ഫലം വന്നപ്പോള്‍ എ വിജയരാഘവന് അട്ടിമറി വിജയം. ഇവിടെ ഇനീഷ്യല്‍ എടുത്തുപറയണം. കാരണം കോണ്‍ഗ്രസ് നേതാവ് വി എസ് വിജയരാഘവനെയാണ് ഈ യുവനേതാവ് അട്ടിമറിച്ചത്. ശക്തമായ ഇടതുവിരുദ്ധ തരംഗം വീശിയ തെരഞ്ഞെടുപ്പായിരുന്നു അത്. വെറും മൂന്നേ മൂന്ന് സീറ്റാണ് 89ലെ ലോക്സഭയില്‍ ഇടതുമുന്നണിക്ക് കിട്ടിയത്. അവിടെയാണ് പാലക്കാട് സീറ്റ് പിടിച്ചെടുക്കുന്നത് എന്ന് അറിയുമ്പോഴാണ് വിജയരാഘവന്റെ വ്യക്തി പ്രഭാവത്തിന് മാര്‍ക്ക് വീഴുന്നത്.

അന്ന് കേരളത്തിന്റെ ഇടതുയുവത്വങ്ങളുടെ ആശയും പ്രതീക്ഷയും ആയിരുന്നു വിജയരാഘവന്‍. അദ്ദേഹം പടിപടിയാണ് വളര്‍ന്ന് രാജ്യസഭാംഗമായി, ഇടതുമുന്നണി കണ്‍വീനറായി, സിപിഎം കേന്ദ്രകമ്മറി അംഗമായി ഒടുവിലിതാ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലയും വിജയരാഘവന് വന്ന് ചേര്‍ന്നിരിക്കയാണ്. ഇതോടെ അദ്ദേഹം ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയാനും ഇടയുണ്ട്. 89ലെ പ്രതീക്ഷ അനുസരിച്ച് രാഷ്ട്രീയ വളര്‍ച്ച എ വിജയരാഘവന് ഉണ്ടായെങ്കിലും, ബൗദ്ധിക വളര്‍ച്ച ഉണ്ടായോ എന്നത് ഇന്നും സംശയമാണ്. അന്ന് പരുഷമേധാവിത്വത്തത്തിനെതിരെ സംസാരിച്ച ആ മനുഷ്യന്‍ തന്നെ പിന്നീട പല സ്ത്രീവിരുദ്ധ പ്രസംഗങ്ങള്‍ നടത്തി. വിജയരാഘവന്റെ വിടുവായത്തങ്ങള്‍ ചാനല്‍ ചര്‍ച്ചകളായി. ഈ 64ാം വയസ്സില്‍, സിപിഎം സെക്രട്ടറി പദത്തിലും വിജയരാഘവന്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ട വരിക സ്വന്തം നാക്കിനെ അടക്കുന്ന കാര്യത്തില്‍ ആയിരിക്കും. പക്ഷേ ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ജീവിതകഥയൊക്കെ പോലെ ഏത് മോട്ടിവേഷന്‍ ക്ലാസിലും ഉപയോഗിക്കാവുന്ന ഒന്നാണ് എ വിജയരാഘവന്റെ ജീവിതവും. ബേക്കറി-ഹോട്ടല്‍ തൊഴിലാളിയായൊക്കെ ജോലി നോക്കിയിരുന്നു, മലപ്പുറത്തെ കഷ്ടതകള്‍ നിറഞ്ഞ കുടുംബത്തില്‍നിന്ന് സ്വ പ്രയത്നത്താന്‍ ഉയര്‍ന്നുവന്ന വ്യക്തിയാണ് അദ്ദേഹം.

1956 മാര്‍ച്ച് 23ന് മലപ്പുറത്തെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ പമ്പാടന്‍ പരങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടേയും മകനായാണ് വിജയരാഘവന്‍ ജനിച്ചത്. ചെറുപ്പകാലത്ത് അദ്ദേഹവും സഹോദനും ചെറിയ ജോലികള്‍ ചെയ്താണ് കുടുംബം പോറ്റിയത്. ബേക്കറി- ഹോട്ടല്‍ തൊഴിലാളിയായൊക്കെ അദ്ദേഹം പ്രവര്‍ത്തിച്ചു. അക്കാലത്തും രാഷ്ട്രീയ പ്രവര്‍ത്തനം ശക്തമായിരുന്നു. എസ്ഫ്ഐയാണ് വിജയരാഘവനെ കൈപടിച്ച് ഉയര്‍ത്തിയത്. 1989ലെ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയുടെ ദത്തുപുത്രന്‍ എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പക്ഷേ വിജയരാഘവന്‍ ഒരിക്കലും തന്റെ കഷ്ടതകള്‍ നിറഞ്ഞ ഭൂതകാലം മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ഇത്രയും പൊരുതി വളര്‍ന്ന നേതാവാണ് അദ്ദേഹമെന്ന് അധികം ആര്‍ക്കും അറിയില്ല.

198693 കാലഘട്ടത്തില്‍ അദ്ദേഹം ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചു. എസ്എഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റായിരിക്കേ തീപ്പൊരി പ്രാസംഗികനുമായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍തന്നെ പാര്‍ട്ടിയോട് ചേര്‍ന്ന് നിന്ന് ആര്‍ജ്ജിച്ചെടുത്ത മികവിന്റെ ബലത്തില്‍ കിട്ടിയ സ്ഥാനമായിരുന്നു ഇത്. ഇസ്ലാമിക ചരിത്രത്തിലെ ബിരുദാനന്തര ബിരുദവും, പിന്നീട് നിയമ ബിരുദവും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടായി. അങ്ങനെയിരിക്കെയാണ് 89ല്‍ എ വിജയരാഘവനെ പാര്‍ട്ടി വലിയ ദൗത്യം ഏല്‍പ്പിക്കുന്നത്. പാലക്കാട് ലോക്‌സഭ മണ്ഡലം തിരിച്ചുപിടിക്കുകയെന്നതായിരുന്നു ആ ഉത്തരവാദിത്തം. പാലക്കാട്ടെ കരുത്തന്‍ സിറ്റിംങ് എംപി വി എസ് വിജയരാഘവനായിരുന്നു എതിരാളി. അന്ന് കേരളത്തിലെ ക്യാമ്പസുകളിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ സംസ്ഥാനത്തെമ്പാടുനിന്നും ഫണ്ട് പിരിച്ചതും, പാലക്കാട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പോയതുമെല്ലാം അന്നത്തെ സംഘടന പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നുണ്ട്. എ വിജയരാഘവന്‍ അന്ന് വിദ്യാര്‍ത്ഥികള്‍ക്കിടിയല്‍ ആവേശമായിരുന്നു.

സിപിഎമ്മിന്റെ സ്വാഭാവിക സ്ഥാനകയറ്റ രീതി അനുസരിച്ച് ഡിവൈഎഫ്ഐയിലായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാല്‍ വര്‍ഗ രാഷ്ട്രീയ പ്രവര്‍ത്തനം കൂടുതല്‍ സാധ്യമാകുന്ന കര്‍ഷക സംഘത്തിലായിരുന്നു എ വിജയരാഘവന്‍ തെരഞ്ഞെടുത്തത്. പിന്നീട് സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലെത്തി. കേന്ദ്ര കമ്മിറ്റിക്കും, പൊളിറ്റ്ബ്യൂറോയ്ക്കും ഇടയില്‍ ഇടക്കാലത്ത് കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരിച്ചപ്പോള്‍ അതിലും സ്ഥാനം നേടി എ വിജയരാഘവന്‍. കേരളത്തില്‍നിന്ന് പിബി യിലേക്ക് പോലും എത്തുമെന്നുപോലും വാര്‍ത്തകള്‍ ഉണ്ടായി. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. കേന്ദ്ര സെക്രട്ടറിയേറ്റു പോലും പിന്നീട് പ്രവര്‍ത്തനം അവസാനിപ്പിക്കയാണ് ഉണ്ടായത്.<

ശേഷം വിജയരാഘവന്റെ പ്രവര്‍ത്തനം. 1998ല്‍ രാജ്യസഭാംഗമായി. രാജ്യസംഭയിലും ഏറെ ശോഭിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. വിജയരാഘവന്റെ എം പി ഫണ്ട് വിനിയോഗവും ആസൂത്രണവുമൊക്കെ ദേശീയ പത്രങ്ങളിലും വലിയ വാര്‍ത്തയായി. ഡോ സെബാസ്റ്റ്യന്‍പോളിനേപ്പോലുള്ളവര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടയിട്ടുണ്ട്. 2014 കോഴിക്കോടുനിന്ന് പതിനാറാം ലോകസഭയിലേക്ക് മല്‍സരിച്ചെങ്കിലും അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. അപ്പോഴേക്കും വിജയരാഘവന്റെ ഇമേജ് പതുക്കെ മാറുകയായിരുന്നു. വിനയാന്വിനായ എസ്എഫഐക്കാരനില്‍നിന്ന് അഹങ്കാരിയായ നേതാവ് എന്ന രീതിയിലേക്ക് അദ്ദേഹത്തിന്റെ പ്രതിഛായ മാറി. വിജയരാഘവന്റെ ഈ മാറ്റം ഞെട്ടിക്കുന്നത് തന്നെയാണെന്നാണ് എസ്എഫ്ഐക്കാലത്തെ സുഹൃത്തുക്കളും പറയുന്നത്. തുടക്കത്തില്‍ വി എസ് പക്ഷക്കാരനായാണ് അദ്ദേഹം അറിയപ്പെട്ടത്. പക്ഷേ സിപിഎമ്മില്‍ രണ്ടായിരാമാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ രൂക്ഷമായ വി എസ്- പിണറായി വിഭാഗീയതയില്‍ ഇദ്ദേഹവും ഔദ്യോഗിക പക്ഷത്തേക്ക് മാറി. വിജയരാഘവന്റെ വാക്കുകള്‍ രൂക്ഷമാവുന്നതും ഇക്കാലത്താണ്. ‘സിപിഎം എന്നാല്‍ ഒരു മീറ്റര്‍ നീളമുള്ള തുണിയോ, ഒരു കിലോ അരിയോ ഒന്നുമല്ല എന്നും, അരിക്കച്ചവടക്കാര്‍ക്കും മരക്കച്ചവടക്കാര്‍ക്കും വിലക്കെടുക്കാവുന്ന ഒന്നല്ല പാര്‍ട്ടി’ എന്നുമുള്ള വിജയരാഘവന്റെ വിവാദ പ്രസംഗമാണ് ഇടതു എംഎല്‍എ മഞ്ഞളാംകുഴി അലിയെ യുഡിഎഫിലെത്തിക്കുന്നതില്‍ ഒരു പങ്ക് വഹിച്ചതെന്ന് പാര്‍ട്ടിക്കാര്‍ തന്നെ പറയുന്നുണ്ട്. കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ യാതൊരു പിശുക്കം അദ്ദേഹം കാട്ടാറില്ല.

പിണറായി വിജയന്റെ കേരള ജാഥകളില്‍ വിജയരാഘവന്‍ അംഗമായി. പിണറായി വിജയന്റെ ജാഥയില്‍ പങ്കെടുക്കുമ്പോള്‍ നടത്തിയ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധതയുണ്ടായതിനെ തുടര്‍ന്ന് വിവാദമായി. പുച്ഛവും പരിഹാസവും സ്ത്രീ വിരുദ്ധവുമായ സമീപനമാണ് വിജയരാഘവന്റെ പ്രസംഗങ്ങളില്‍ സ്ഥിരമായി ഉണ്ടാകുന്നതെന്ന ആക്ഷേപം ഉണ്ടായി.ലോക്സഭയില്‍ കോഴിക്കോട് എം കെ രാഘവനോട് തോറ്റെങ്കിലും, പിന്നീട് രാജ്യസഭയിലുമെത്തി. തുടര്‍ച്ചയായി തോല്‍വികളും തിരിച്ചടികളും ഉണ്ടാകുമ്പോഴും വിജയരാഘവന് രാഷ്ട്രീയ വളര്‍ച്ചയുണ്ടാവുന്നതിന് പിന്നില്‍ ഔദ്യോഗികപക്ഷത്തിന് അദ്ദേഹത്തിനോടുള്ള അചഞ്ചല വിശ്വാസം തന്നെയാണ്. 2018ലാണ് വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ആവുന്നത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലോളി മുഹമ്മദ് കുട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ ശേഷമാണ് വൈക്കം വിശ്വന്‍ കണ്‍വീനറാകുന്നത്. ആരോഗ്യകരമായ കാരണങ്ങളാല്‍ തന്നെ ഒഴിവാക്കണമെന്ന് വിശ്വന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് തീരുമാനം. കെജെ തോമസിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും വിജയരാഘനെ സെക്രട്ടറിയേറ്റ് യോഗം പരിഗണിക്കുകയായിരുന്നു. ഇടതുമുന്നണി കണ്‍വീനര്‍ ആയിട്ടും അദ്ദേഹത്തിന് ആ പദവിക്ക് അനുസരിച്ച് വാക്കുകള്‍ പ്രയോഗിക്കാന്‍ കഴിഞ്ഞോ എന്ന് സംശയമാണ്. കൃത്യമായി ശുദ്ധമായ മലയാളത്തില്‍ സംസാരിക്കുന്ന വൈക്കം വിശ്വന്റെ പിന്‍ഗാമിയായി വന്നയാള്‍ ‘ഉത്കൃഷ്ടേച്ച, ഉല്‍പ്പതിഷ്ണുത്വം’ വാക്കുകള്‍ ചാനല്‍ കോമഡി പരിപാടികളിലെ സ്ഥിരം വിഭവങ്ങള്‍ ആയി.<

വലിയ പ്രതീക്ഷകളുമായുള്ള തുടക്കം, വളരെ വേഗത്തിലുള്ള വളര്‍ച്ച, പിന്നീട് അരാഷ്ട്രീയതയുടെയും നിലപാടില്ലായ്മയുടെയും സ്വാധീനത്തില്‍ എന്തെങ്കിലുമൊക്കെ പറയുക, വിവാദമാകുക, പലപ്പോഴും പരിഹാസ്യനാകുക. അപ്പോഴും ഉന്നത സ്ഥാനം നിലനിര്‍ത്താന്‍ കഴിയുന്ന സാമര്‍ത്ഥ്യം പ്രകടിപ്പിക്കുക. സിപിഎമ്മില്‍ ഈ സവിശേഷതകള്‍ ഒത്തുചേര്‍ന്ന നേതാവാണ് വിജയരാഘവന്‍. സ്ത്രീവിരുദ്ധവും അരാഷ്ട്രീയവും ശത്രക്കളുടെ കൈയില്‍ ആയുധം കൊടക്കുന്നതുമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ പ്രകടമാക്കുന്ന കഴിവാണ് കഴിഞ്ഞ കുറെക്കാലമായി എ വിജയരാഘവനെ വാര്‍ത്തകളില്‍ നിറക്കുന്നത്. പ്രസ്താവനകള്‍, വിവാദങ്ങള്‍, തിരുത്തലുകള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കണ്‍വീനറുടെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി ഇതുകൂടിയാണെന്ന് പറയാം.

കഴിഞ്ഞ പാര്‍ലെന്റ് തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസിനെതിരെ നടത്തിയ അപകീര്‍ത്തി കരമായ പ്രസ്താവന അവരുടെ വിജയത്തില്‍ ഒരു ഘടകമായി എന്നാണ് സിപിഎം പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുമായി ചേര്‍ത്തായിരുന്നു രമ്യാ ഹരിദാസിനെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ നടത്തിയ പ്രസംഗത്തെ ആദ്യം ന്യായീകരിക്കാനും പിന്നീട് ഖേദം പ്രകടിപ്പിക്കാനും അദ്ദേഹം തയ്യാറായെങ്കിലും രാഷ്ട്രീയമായ അപരിഹാര്യമായ തിരിച്ചടി അത് ഉണ്ടാക്കി കഴിഞ്ഞിരുന്നു.
യൂണിവേഴ്‌സിറ്റി കോളേജിലെ ഉത്തരക്കടലാസ് കത്തിക്കുത്ത് കേസിലെ പ്രതിയില്‍ നിന്നു കണ്ടെടുത്തപ്പോള്‍ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഉത്തരമെഴുതിയാല്‍ മാത്രമെ അതു ഉത്തരക്കടലാസാകു എന്നും അല്ലെങ്കില്‍ അതു വെറും കടലാസ് മാത്രമാണെന്നുമായിരുന്നു വിജയരാഘവന്റെ വാദം. ഒരുപാട് വിമര്‍ശനമുയര്‍ന്നപ്പോഴും ഈ വാക്കുകളൊന്നും പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് വരുമ്പോള്‍ മുന്നണിയേയും പാര്‍ട്ടിയേയും ആറ് വര്‍ഷങ്ങള്‍ മുമ്പ് നടത്തിയ ചരിത്രം വേട്ടയാടുകയാണ്. ഇതില്‍നിന്ന് രക്ഷപെടാനാണ് വിജയരാഘവന്‍ വിവിദപരമായ പ്രസ്താവന നടത്തിയത്. ബാര്‍ കോഴ ഇല്ലെന്ന് അറി്ഞ്ഞു കൊണ്ട് തന്നെയാണ് അന്ന് കെ എം മാണിക്കെതിരെ സമരം നടത്തിയതെന്നായിരുന്നു വിജയരാഘവന്റെ പ്രസ്താവന. സിപിഎമ്മും ഇടതു മുന്നണിയും നടത്തുന്ന സമരങ്ങളെ അരാഷ്ട്രീയമാക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഒരു പ്രസ്താവന കൊണ്ട് കണ്‍വീനര്‍ ചെയ്തത്. വിവാദമായതിനെ തുടര്‍ന്ന് അഭിമുഖത്തിലെ വാക്കുകള്‍ തന്റെതല്ലെന്ന് പ്രസ്തവനയുമായി രംഗത്തെത്തി. ബാര്‍ കോഴക്കേസില്‍ യുഡിഎഫ് നേതൃത്വം കെ എം മാണിക്കെതിരെ ഉണ്ടാക്കിയെടുത്തതാണെന്നായിരുന്നു വിശദീകരണ കുറിപ്പ്. പക്ഷേ ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും വിശ്വസിച്ചിട്ടില്ല. സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗവും കേരളവര്‍മ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയുമായ ആര്‍ ബിന്ദുവാണ് ഭാര്യ. .വിജയരാഘവന്റെ ഭാര്യ ബിന്ദു ഇന്നലെയാണ് തൃശൂര്‍ കേരള വര്‍മ്മ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ആയി ചാര്‍ജ് എടുത്തത്. ചട്ടങ്ങള്‍ മറികടന്നുള്ള നിയമനം എന്ന ആക്ഷേപം ഉയര്‍ന്നത് അവഗണിച്ച് ബിന്ദു ചാര്‍ജ് എടുത്തതിന് തൊട്ടു പിന്നാലെയാണ് വിജയരാഘവന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചാര്‍ജ് കൂടി ലഭിക്കുന്നത്. ഇതില്‍ ക്രമവിരുദ്ധമായി ഒന്നുമില്ല എന്ന് അധികൃതര്‍ പറയുമ്പോഴും സംശയങ്ങള്‍ ബാക്കിയാണ്. കോടിയേരിക്ക് നേരെ വന്ന മക്കള്‍- കുടുംബ ആരോപണങ്ങളില്‍നിന്ന് വിജയരാഘവനും മാറിനില്‍ക്കാന്‍ കഴിയുമോ എന്നാണ് എതിരാളികളുടെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *