കെ.എം.ഷാജി ലീഗ് ബാധ്യതയാകുമോ ? പാണക്കാട് വിളിപ്പിച്ചു

Breaking Keralam Politics

മലപ്പുറം: കെ.എം.ഷാജി എം.എല്‍.എയെ പാണക്കാട്ടേക്ക് വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞ് മുസ്ലിംലീഗ് ഉന്നതാധികാര സമിതി. കെ.എം ഷാജിക്കെതിരായ എന്‍ഫോഴ്സ്മെന്റ് നടപടി പാര്‍ട്ടിക്ക് തിരിച്ചടിയാകാനുള്ള സാധ്യതയും വിഷയത്തില്‍ ഷാജിയുടെ നിലപാടും അറിയാനാണ് ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ച്ചയായുള്ള എന്‍ഫോഴ്സ്മെന്റ് നടപടികളില്‍ ലീഗ് നേതൃത്വത്തിന് അസ്വസ്ഥത മുറുകുന്നുണ്ട്.
എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വിളിച്ചുവരുത്തിയത്. നേതൃത്വത്തിന് ഷാജി നേരിട്ട് വിശദീകരണം നല്‍കും.അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ നേരത്തെ ഷാജിയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഷാജിയുടെ വരുമാന ഉറവിടത്തെക്കുറിച്ചായിരുന്നു ഇ.ഡി പ്രധാനമായും ചോദിച്ചറിഞ്ഞത്.വേണ്ടത്ര രേഖകള്‍ ഇ.ഡിക്ക് കൈമാറിയിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ഷാജി വ്യക്തമാക്കിയിരുന്നു. കോഴിക്കോട് മാലൂര്‍കുന്നില്‍ ഷാജി നിര്‍മ്മിച്ച വീടുമായി ബന്ധപ്പെട്ടും ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ യുഡിഎഫ് നേതാക്കളോട് പ്രതികാരം ചെയ്യുന്നുവെന്ന് കുഞ്ഞാലിക്കുട്ടി. കെ എം ഷാജിക്കെതിരെ വിജിലന്‍സ് ഇല്ലാത്ത കേസ് ഉണ്ടാക്കുകയാണ്. ഇത് നെറികെട്ട നിലപാടാണെന്നും രാഷ്ട്രീയമായി തന്നെ ഇതിനെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തുടര്‍ച്ചയായി ഇഡി ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഉന്നതാധികാര സമിതി യോഗം ചേര്‍ന്നതിന് തൊട്ട് പിന്നാലെയാണ് ഷാജിയെ വിളിച്ച് വരുത്തി വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടത്. യൂത്ത് ലീഗിന്റെ സെക്രട്ടറിയാണ് നിലവില്‍ കെഎം ഷാജി. ഷാജിയെ ഇഡി വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ തുടരുകയാണ്. തദ്ദേശഭരണ തെരെഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി.
16 മണിക്കൂറാണ് കെ എം ഷാജിയെ നേരത്തെ ചോദ്യം ചെയ്ത്. കുറച്ച് രേഖകള്‍ കൂടി ഹാജരാക്കാനുണ്ടെന്നും അതിനായി പത്ത് ദിവസം അനുവദിച്ചതായും കെഎം ഷാജി പറഞ്ഞു. ചോദ്യങ്ങളെ നേരിട്ടത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണെന്നും അദ്ദേഹം ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു.അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി കോഴ വാങ്ങിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെ.എം ഷാജിയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനും മൊഴിയെടുക്കലുമായും ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് നേരത്തെ തന്നെ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എം ഷാജിയുടെ ഭാര്യ കെ.എം ആശയെയും ലീഗ് നേതാവ് ഇസ്മായിലിനേയും മൊഴിയെടുക്കാനായി വിളിപ്പിച്ചിരുന്നു.

എല്ലാ രേഖകളും ഇ.ഡിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കേസ് അന്വേഷിക്കുന്നത് ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയാണെന്നും അതുകൊണ്ട് തന്നെ ഉത്തരവാദിത്തത്തോടെ മറുപടി നല്‍കേണ്ട ബാധ്യത തനിക്കുണ്ടെന്നും ആദ്യ ദിവസം ചോദ്യം ചെയ്യലിന് ശേഷം കെഎം ഷാജി പ്രതികരിച്ചിരുന്നു. മറ്റു തരത്തിലുള്ള രാഷ്ട്രീയപരമായ നീക്കം പോലെയല്ല. ഇ.ഡിയുടേത് സ്വാഭാവിക സംശയങ്ങളാണ് അതിനെ ദൂരികരിക്കാനുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. അതിന് ഉത്തരം കൊടുക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും രാഷ്ട്രീയപരമായ സ്വാധീനം ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ ബാധിക്കില്ലെന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.തിങ്കളാഴ്ച കെ.എം.ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസില്‍ എത്തി മൊഴി നല്‍കിയിരുന്നു. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് മൊഴി കൊടുക്കാനായി എത്തിയത്. ലീഗ് നേതാവും മുന്‍ പിഎസ് സി അംഗവുമായ ടിടി ഇസ്മായിലിന്റെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ഷാജിയും ടിടി ഇസ്മായിലും മറ്റൊരു ലീഗ് നേതാവും ചേര്‍ന്നായിരുന്നു മാലൂര്‍കുന്നില്‍ ഭൂമി വാങ്ങിയത്. പിന്നീടിത് ഷാജി സ്വന്തമാക്കുകയും ഭാര്യ ആശയുടെ പേരിലേക്ക് മാറ്റുകയുമായിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് താന്‍ നേരത്തെ നല്‍കിയ മൊഴിയില്‍ വ്യക്തത തേടാനാണ് തന്നെ വിളിപ്പിച്ചതെന്ന് ടിടി ഇസ്മയില്‍ പറഞ്ഞു. ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണമാണ് ഷാജിക്ക് ഇപ്പോള്‍ കുരുക്കായിരിക്കുന്നത്. 2017 ല്‍ അഴിക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. ഇതാണ് ഇഡി അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *