മാസ്‌ക് ധരിച്ച ഫോട്ടോയുമായി സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍

Breaking Keralam Politics

പത്തനംതിട്ട: മാസ്‌ക് ധരിച്ച ഫോട്ടോയുമായുമായുള്ള സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്റര്‍ ചര്‍ച്ചയാകുന്നു. പത്തനംതിട്ട അടൂര്‍ നഗരസഭയിലെ 15-ാം വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ചന്ദ്രശേഖരനാണ് മാസ്‌ക് വച്ച ചിത്രവുമായി പോസ്റ്റര്‍ അടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. മുഖം മറച്ചാലും തന്റെ വോട്ടര്‍മാര്‍ക്ക് തന്നെ തിരിച്ചറിയാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അനൂപ്. മാത്രവുമല്ല, തന്നെ കൊണ്ട് കഴിയാവുന്ന രീതിയില്‍ കോവിഡ് ബോധവല്‍ക്കരണമായിക്കോട്ടെയെന്നും അനൂപ് പറയുന്നു.
ദിവസങ്ങള്‍ നീണ്ട യുദ്ധത്തിനൊടുവിലാണ് 15-ാം വാര്‍ഡില്‍ അനൂപിന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറിയായ എസ് ബിനുവാണ് ഈ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചത്. 16-ാം വാര്‍ഡിലെ മുന്‍ കൗണ്‍സിലറാണ് ബിനു. വാര്‍ഡ് കമ്മറ്റി ഒന്നടങ്കം അനൂപിന് വേണ്ടി നിലകൊണ്ടു. തര്‍ക്കത്തെ തുടര്‍ന്ന് ബ്ലോക്ക് കമ്മറ്റിയിലും മൂന്നു ദിവസത്തെ ചര്‍ച്ച നടന്നു. എന്നിട്ടും തീരുമാനമാകാതെ വന്നപ്പോള്‍ ഡിസിസിയുടെ സ്‌ക്രുട്ട്ണിങ് കമ്മറ്റിക്ക് വിടുകയായിരുന്നു.സ്ഥാനാര്‍ത്ഥികള്‍ അതത് വാര്‍ഡുകളില്‍ നിന്നുള്ളവര്‍ തന്നെയാകണമെന്ന കെപിസിസി സര്‍ക്കുലര്‍ അനൂപിന് അനുകൂലമാവുകയായിരുന്നു.വാര്‍ഡിലെ മൂന്‍ കൗണ്‍സിലര്‍ കൂടിയാണ് അനൂപ്.മാസ്‌ക് വച്ച ചിത്രവുമായുള്ള പോസ്റ്ററുകള്‍ വാര്‍ഡില്‍ വ്യാപകമായി പതിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *