മലപ്പുറം: ലോക്ഡൗണില്‍ അടച്ചിട്ട ആഢ്യന്‍പാറ വെള്ളച്ചാട്ടം ടൂറിസംമേഖല വീണ്ടും തുറന്നു. എട്ടുമാസങ്ങള്‍ക്കുശേഷമാണ് മലപ്പുറം ജില്ലയില്‍ പ്രധാന ടൂറിസം മേഖലയായ ആഡ്യന്‍പാറയില്‍ സന്ദര്‍കരെ അനുവദിക്കുന്നത്. മാസങ്ങള്‍ അടച്ചിട്ടതോടെ ടൂറിസം മേഖല കൂടുതല്‍ ഹരിതാഭമായിട്ടുണ്ട്.
സന്ദര്‍ശകര്‍ക്ക് അനുവാദം നല്‍കിയതോടെ ആഡ്യന്‍പാറ ടൂറിസംമേഖലയില്‍ ജീവനോപാധിയായി കച്ചവടം നടത്തിയിരുന്നവരെല്ലാം വീണ്ടും തിരിച്ചെത്തി. ഏറെ ഹരിതാഭമാണ് വെള്ളച്ചാട്ടത്തിനു സമീപമുള്ള പ്രകൃതി. വളരെ ശുചിത്വമുള്ള പരിസരവും നീന്തിത്തുടിക്കാവുന്ന നീരൊഴുക്കും ആഢ്യന്‍പാറയുടെ പ്രത്യേകതയാണ്. ഇവിടുത്തെ ജലത്തിന് ഔഷധ ഗുണമുണ്ടെന്നു പൊതുവെ കരുതപ്പെടുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ കുറുമ്പലകോട് വില്ലേജിലാണ് ആഢ്യന്‍ പാറ വെള്ളച്ചാട്ടം. നിലമ്പൂര്‍ പട്ടണത്തില്‍ നിന്നും 15 കിലോമീറ്ററോളം അകലെ ചാലിയാര്‍ പഞ്ചായത്തിലാണ് ആഡ്യന്‍ പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിന് ഏകദേശം 300 അടിയോളം ഉയരമുണ്ട്.
നിത്യഹരിത വനങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന, വേനല്കാലങ്ങളില് പോലും വറ്റാത്ത നീരുറവകളില്‍ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോഴിക്കോടിനും മലപ്പുറത്തിനും ഇടയ്ക്കുള്ള മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴ ചാലിയാറിന്റെ ഒരു കൈവഴിയാണ്. നിലമ്പൂരിലെ ചാലിയാര്‍ പഞ്ചായത്തിലൂടെ ഒഴുകുന്ന കാഞ്ഞിരപ്പുഴ ചാലിയാര്‍മുക്കില്‍ വെച്ച് ചാലിയാറില്‍ ചേരുന്നു.
ആഡ്യന്‍ പാറയും പരിസരപ്രദേശങ്ങളും ഇടതൂര്‍ന്നതും നയനമനോഹരവുമായ കാടിനാല്‍ സമ്പന്നവും വിനോദയാത്രയ്ക്കും അനുയോജ്യമാണ്. വൈവിധ്യമാര്‍ന്ന നിരവധി ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമാണിവിടം.
മലപ്പുറത്തു നിന്നും ആഢ്യന്‍പാറയിലേക്കു ഗതാഗത സൗകര്യമുണ്ട്. ജില്ലയിലെ മനോഹരമായ പ്രദേശങ്ങളിലൊന്നാണിത്.നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 16 കി.മീ. ദൂരെയാണ് ആഢ്യന്‍പാറ. കരിപ്പൂര്‍ വിമാനത്തവളത്തില്‍നിന്നും 58 കി. മീറ്റര്‍ ദൂരമാണുള്ളത്.
വീഡിയോ കാണാം..