ഇ ബുള്‍ജെറ്റ്; പ്രകോപനപരമായ പോസ്റ്റുകളിട്ടവർക്കെതിരെയും കേസ്

Crime Keralam News

കണ്ണൂര്‍: ഇ ബുള്‍ജെറ്റ് വിഷയത്തിൽ സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പോസ്റ്റുകൾ ഇട്ട ആളുകൾക്കെതിരെയും കേസ്. സർക്കാരിന്റെ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയെന്ന പേരിലാണ് പോസ്റ്റിട്ടവർക്കെതിരെ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

പോസ്റ്റിട്ടവരെ കൂടാതെ പ്രകോപനമുണ്ടാക്കുന്ന വീഡിയോകൾ പ്രചരിപ്പിച്ച ആളുകൾക്കെതിരെയും നിയമനടപടികൾ ഉണ്ടാകും. പോസ്റ്റിടുകയോ പ്രചരിപ്പിക്കുകയോ ചെയ്തവരുടെ സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിന് മുന്നില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയ പതിനേഴ് പേർക്കെതിരെ പോലീസ് അന്ന് തന്നെ കേസെടുത്തിരുന്നു. സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്‌ കൂട്ടംകൂടിയതിനായിരുന്നു കേസ്. ഇത് കൂടാതെ ഇവരുടെ അറസ്റ്റിന്റെ പേരിൽ കലാപത്തിന് ആഹ്വാനം നടത്തിയ ഒരു കൊല്ലം സ്വദേശിയുടെയും ആലപ്പുഴ സ്വദേശിയുടെയും പേരിലും കേസെടുത്തിരുന്നു.

എന്നാൽ ഉദ്യോഗസ്ഥര്‍ക്ക് മാഫിയ പണം കൊടുത്തതിന്റെ പേരിൽ ആസൂത്രണം ചെയ്ത് തങ്ങളെ കുടുക്കുകയായിരുന്നുവെന്നും തങ്ങളുടെ അറിവില്ലായ്‌മയെയും അവർ ചൂഷണം ചെയ്‌തെന്നും ഈ ബുൾജെറ്റ് സഹോദരങ്ങൾ ആരോപിച്ചിരുന്നു. കഞ്ചാവിനെതിരെ സംസാരിച്ച ഞങ്ങളെയാണ് പോലീസ് ഇപ്പോൾ കഞ്ചാവ് സംഘത്തോട് ബന്ധമുള്ളവരായി പറയുന്നതെന്നും പതിനെട്ട് ലക്ഷത്തോളം ആളുകളുടെ പിന്തുണയുള്ളതിനാൽ ഒരിക്കലും തോറ്റുകൊടുക്കില്ലെന്നും യൂട്യൂബ് വ്ലോഗിലൂടെ സഹോദരങ്ങൾ പറഞ്ഞിട്ടുണ്ട്.