തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഡോക്ടര്‍മാരായ ഒരുപിടി സ്ഥാനാര്‍ഥികളുണ്ട്. ആതുര സേവനത്തിനൊപ്പം തന്നെ ജനസേവനത്തിലും സജീവമാകലാണ് ഇവരുടെ ലക്ഷ്യം.
ഹോമിയോ ഡോക്ടര്‍ സമീന ഹസ്കര്‍
ഹോമിയോ ഡോക്ടറാണ് മലപ്പുറം നഗരസഭയിലെ 29-ാം വാര്‍ഡ് കോണോംപാറയിലെ സിപിഎം സ്ഥാനാര്‍ഥി ഡോ. സമീന ഹസ്കര്‍. തിരഞ്ഞെടുപ്പു പ്രചാരണച്ചൂടിനിടയിലും തന്നെ കാണാനെത്തുന്ന രോഗികള്‍ക്ക് ആശ്വാസം നല്‍കാനും സമീന ഡോക്ടര്‍ സമയം കണ്ടെത്തുന്നു. മലപ്പുറത്തെ ജില്ലാ സഹകരണ ആശുപത്രിയില്‍ 2015 മുതല്‍ ജോലി ചെയ്യുന്ന സമീനയുടെ സ്വദേശം കോഴിക്കോട് ചെലവൂരിലെ മൂഴിക്കലാണ്. ഭര്‍ത്താവ് ഹസ്കര്‍ കപ്പൂര്‍ മലപ്പുറത്തു തന്നെ ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്നു. ഭര്‍തൃപിതാവ് കുഞ്ഞിമുഹമ്മദ് കപ്പൂര്‍ 2005ല്‍ ഇതേ വാര്‍ഡില്‍ ജനവിധി തേടിയിരുന്നു. തിരഞ്ഞെടുപ്പു കളത്തില്‍ ഡോക്ടറുടെ ആദ്യ മത്സരമാണിത്. സി.കെ.നാജിയ ഷിഹാര്‍ ആണ് കോണോംപാറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി.
യുവ ഡോക്ടര്‍ പി.ഉമ്മു ഹബീബ
നന്നമ്പ്ര പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ (പനക്കത്താഴത്ത്) യുഡിഎഫില്‍നിന്ന് കോണ്‍ഗ്രസിനായി മത്സരിക്കുകയാണ് യുവ ഡോക്ടര്‍ പി.ഉമ്മു ഹബീബ (24). തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കല്‍ കോളജില്‍ നിന്ന് 2018ല്‍ ബിഎച്ച്എംഎസ് പൂര്‍ത്തിയാക്കിയ ഉമ്മു ഹബീബ നേരത്തേ സ്വകാര്യ ക്ലിനിക് ആരംഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ വീട്ടില്‍ തന്നെയാണ് പ്രാക്ടീസ്. ഭര്‍ത്താവ് മറ്റത്ത് ഇസ്ഹാഖിനൊപ്പം പനക്കത്താഴം വാര്‍ഡില്‍ത്തന്നെയാണ് താമസം. കഴിഞ്ഞ തവണ ലീഗ് ഒറ്റയ്ക്ക് മത്സരിച്ചു വിജയിച്ച വാര്‍ഡാണ്. ഇത്തവണ യുഡിഎഫ് സംവിധാനമായതിനാല്‍ കോണ്‍ഗ്രസിന് സീറ്റ് നല്കി. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശിനിയായ ഉമ്മു ഹബീബയുടെ ആദ്യ തിരഞ്ഞെടുപ്പു പോരാട്ടം കൂടിയാണിത്. കെ.സുലോചനയാണ് ഇവിടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി.
ഡോ.ഉമ്മു ഹബീ
ദന്ത ഡോക്ടര്‍ സൈഫു കടവത്ത്
നഗരസഭയിലെ 29 -ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന സൈഫു കടവത്ത് (31) ദന്ത ഡോക്ടറാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണു മത്സരം. എആര്‍ നഗര്‍ മമ്പുറം സ്വദേശി മംഗലശ്ശേരി ആസിഫിന്റെ ഭാര്യയാണ്. സൈഫുവിന്റെ പിതാവ് കടവത്ത് സെയ്തലവി കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയാണ്. കോതമംഗലം സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജില്‍ നിന്നു ബിഡിഎസ് പൂര്‍ത്തിയാക്കിയ സൈഫു ചെമ്മാട്ടെ സ്വകാര്യ ക്ലിനിക്കുകളില്‍ സേവനം ചെയ്തിരുന്നു. ഇപ്പോള്‍ പുകയൂരില്‍ സ്വന്തം ക്ലിനിക് നടത്തുന്നു. കഴിഞ്ഞതവണ എല്‍ഡിഎഫ് സ്വതന്ത്രന് ജയിച്ച വാര്‍ഡ് യുഡിഎഫിനായി തിരിച്ചു പിടിക്കുകയാണ് പുഞ്ചിരി ഡോക്ടറുടെ ലക്ഷ്യം. നദീറ കുന്നത്തേരിയാണ് ഇവിടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി.
ആയുര്‍വേദ ഡോക്ടര്‍ കെ.ഹനീഷ
ആയുര്‍വേദ ഡോക്ടറായ കെ.ഹനീഷ (42) നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ (ടൗണ്‍) നിന്ന് ജനവിധി തേടുന്നു. യുഡിഎഫിനു വേണ്ടി ലീഗ് ടിക്കറ്റിലാണ് മത്സരം. ആദ്യ തിരഞ്ഞെടുപ്പു പോരാട്ടം കൂടിയാണിത്. ഭര്‍ത്താവും ആയുര്‍വേദ ഡോക്ടറുമായ ഡോ. എ.വി.ഹംസയ്ക്കൊപ്പം വിവിധ സ്ഥാപനങ്ങള്‍ നടത്തുകയാണ് ഇപ്പോള്‍. ഹനീഷയുടെ മാതാവ് ടി.വി.സുലൈഖാബി നിലവില്‍ നഗരസഭാ സ്ഥിരസമിതി അധ്യക്ഷയാണ്. നഗരസഭാ മുന്‍ അധ്യക്ഷയും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്. പിതാവ് കെ.എം.റഷീദ് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്ഥിരസമിതി അധ്യക്ഷനാണ്. കൈതവളപ്പില്‍ സുമയ്യയാണ് വാര്‍ഡിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി.