പി.വി അന്‍വര്‍എം.എല്‍.എ പ്രവാസിയുടെ 50ലക്ഷം തട്ടിയ കേസന്വേഷണത്തിന്റെ മേല്‍നോട്ടം കോടതി ഏറ്റെടുത്തു

Breaking Crime Keralam News

മലപ്പുറം: അന്‍വര്‍ എം.എല്‍.എ പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ ക്രൈം ബ്രാഞ്ച് അന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കി സി.ജെ.എം എസ്. രശ്മി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യുകയോ ക്രഷര്‍ സംബന്ധമായ രേഖകള്‍ കണ്ടെടുക്കുകയോ ചെയ്യാതെ വ്യാജരേഖകള്‍ ചമച്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരന്‍ മലപ്പുറം നടുത്തൊടി സ്വദേശി സലീം സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.
കേസില്‍ ഇതുവരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് 26ന് കോടതിയില്‍ സമര്‍പ്പിക്കാനും തുടര്‍ന്ന് എല്ലാ രണ്ടാഴ്ചയും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തോട് കോടതി നിര്‍ദ്ദേശിച്ചു. കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നാണ് കേസ്. 2018ന് ശേഷം ക്രഷര്‍ യൂണിറ്റും പരിസരത്തെ സ്ഥലവും പി.വി അന്‍വറിന്റെ പേരില്‍ ഉള്ളതായി തെളിവു ലഭിച്ചിട്ടുണ്ടെന്നും സലീം അന്‍വറിന് പണം കൈമാറിയ സമയത്ത് അന്‍വറിന്റെ പേരില്‍ വസ്തുക്കള്‍ ഉണ്ടായിരുന്നോ എന്നതില്‍ തെളിവ് ലഭിച്ചില്ലെന്നും അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഇനിയും കൂടുതല്‍ സമയം തേടിയുള്ള വിചിത്ര റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പി. വിക്രമന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
പണം വാങ്ങുന്ന സമയത്ത് ക്രഷറും സ്ഥലവും അന്‍വറിന്റെ ഉടമസ്ഥതയിലല്ലെന്ന് രേഖകള്‍ സഹിതം സലീം കോടതിയെ ബോധിപ്പിച്ചു. അന്വേഷണം പുരോഗമിക്കുന്നില്ലെന്നും പ്രതിയായ എം.എല്‍.എയെ ചോദ്യം ചെയ്യാനോ അറസ്റ്റു ചെയ്യാനോ തയ്യാറാകാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും അറിയിച്ചു. ഇതോടെ ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട് തള്ളിയാണ് കേസന്വേഷണത്തിന്റെ മേല്‍നോട്ടം കോടതി ഏറ്റെടുത്തത്.
കര്‍ണാടയിലെ ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീര്‍പന്തല്‍ പഞ്ചായത്തിലെ മാലോടത്ത് കരായ എന്ന സ്ഥലത്ത് കെ.ഇ സ്റ്റോണ്‍സ് ആന്റ് ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ സലീമില്‍ നിന്നും 50 ലക്ഷം തട്ടിയെടുത്തത്. തട്ടിപ്പു സംബന്ധിച്ച് സലീം അന്നത്തെ സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിരുന്നു. നടപടിയില്ലാതായതോടെ മഞ്ചേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് 2017ല്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജീസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിനെ തുടര്‍ന്ന് ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പില്‍ വഞ്ചനാക്കുറ്റമാണ് പി.വി അന്‍വറിനുമേല്‍ മഞ്ചേരി പോലീസ് ചുമത്തിയത്. എന്നാല്‍ തട്ടിപ്പുകേസ് സിവില്‍കേസാക്കി മാറ്റാനും പോലീസ് ശ്രമം നടത്തി. ഇതോടെ പോലീസ് കേസ് അട്ടിമറിക്കുകയാണെന്നു കാണിച്ച് സലീം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എം.എല്‍.എ പ്രതിയായ കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഗൗരവത്തിലെടുത്ത ഹൈക്കോടതി 2018 നവംബര്‍ 13 -നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു സംസ്ഥാന പോലീസ് മേധാവി അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് എഡിജിപി യെ ചുമതലപ്പെടുത്തുകയും മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എ റിവ്യൂ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും റിവ്യൂ ഹര്‍ജി തള്ളിക്കൊണ്ട് ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാന്‍ 2018 ഡിസംബര്‍ അഞ്ചിന് വീണ്ടും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവു വന്ന് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും അന്‍വറിനെം അറസ്റ്റു ചെയ്യാനോ ക്രഷര്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുക്കാനോ ക്രൈം ബ്രാഞ്ച് തയ്യാറായില്ല. ദുബായില്‍ പെട്രോളിയം എന്‍ജിനീയറായ സലീം ആറു തവണയാണ് നാട്ടിലെത്തി അന്വേഷണസംഘത്തിന് മൊഴി നല്‍കുകയും തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്തത്. പ്രതിയായ പി.വി അന്‍വര്‍ വിദേശത്തായതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചില്ലെന്ന് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കിയും നേരത്തെ വിവാദമായിരുന്നു. പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ സാമ്പത്തിക തട്ടിപ്പു കേസിന്റെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാക്കിയത് സര്‍ക്കാരിനും തിരിച്ചടിയാവുകയാണ്. സാമ്പത്തിക തട്ടിപ്പുകേസില്‍ കഴിഞ്ഞ പിണറായി സര്‍ക്കാര്‍ അന്നത്തെ എം.എല്‍.എയായിരുന്ന എം.സി കമറുദ്ദീനെ അറസ്റ്റു ചെയ്തപ്പോള്‍ തട്ടിപ്പുകേസില്‍ പ്രതിയായ പി.വി അന്‍വറിനെ സംരക്ഷിക്കുകയായിരുന്നെന്ന ആരോപണവും ഉയര്‍ന്നിരുന്നു.