കൊച്ചി: കേരളത്തിന്റെ ഹൃദയംകവര്‍ന്ന ആ നായയെ അവസാനം കണ്ടെത്തി. കാറിന് പിന്നില്‍ കെട്ടിവലിച്ച നായയെ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇന്ന് കണ്ടെത്തിയലത്. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ ആനിമല്‍ വെല്‍ഫയര്‍ ഓര്ഗനൈസേഷന് പ്രവര്‍ത്തകരാണ് പരിക്കേറ്റ നായയെ കണ്ടെത്തിയത്. കാറില്‍ കെട്ടിവലിച്ച വീഡിയോ ലഭിച്ചതോടെ ‘ദയ’ പ്രവര്‍ത്തകര്‍ നായയെ കണ്ടെത്താന്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റും പറവൂര്‍ സ്വദേശിയുമായ ടി.ജെ. കൃഷ്ണനാണ് ഇതിന് നേതൃത്വം നല്‍കിയത്. ഉച്ചയ്ക്ക് രണ്ടരയോടെ തിരച്ചില്‍ ആരംഭിച്ച മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് വൈകിട്ട് അഞ്ച് മണിയോടെയാണ് നായയെ കണ്ടെത്താനായത്. ഉടന്‍തന്നെ ഇവര്‍ ഭക്ഷണവും മറ്റും നല്കി പറവൂര്‍ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയ്ക്കായി നായയെ നാളെ തൃപ്പുണിത്തുറയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് ‘ദയ’ പ്രവര്‍ത്തകര്‍ പറഞ്ഞു.
കാറില്‍ കെട്ടിവലിച്ച നായയുടെ പിന്നാലെ ഓടിയ നായയെയും തങ്ങള്‍ക്ക് കണ്ടെത്താനായതായി ‘ദയ’ പ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ട് നായകളും നിലവില്‍ ‘ദയ’ പ്രവര്‍ത്തകരുടെ പരിപാലനത്തിനലാണ്. പറവൂരിലെ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ‘ദയ’ പ്രവര്‍ത്തകര്‍ അറിയിച്ചു.കഴിഞ്ഞദിവസം മൂവാറ്റുപുഴയില്‍ ഇറച്ചിവെട്ടുകാരന് നായയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിലും ‘ദയ’ പ്രവര്‍ത്തകര്‍ ഇടപെട്ടിരുന്നു. അതേസമയം, മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവര്‍ക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്തുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നായയെ കാറിന് പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനവും വാഹന ഉടമയെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചെങ്ങമനാട് പൊലീസ് പറഞ്ഞു. ആരാണ് വാഹനമോടിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. കുന്നുകര സ്വദേശി യൂസഫ് എന്നയാളുടെ പേരിലുള്ളതാണ് വാഹനം. ഇയാള്‍ ഒളിവില്‍ പോയെന്നാണ് സൂചന.
നെടുമ്പാശേരി അത്താണിക്ക് സമീപം ചാലയ്ക്ക എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അഖില്‍ എന്ന യുവാവാണ് ഈ ദൃശ്യം പകര്‍ത്തിയത്. അത്താണിയിലൂടെ സഞ്ചാരിക്കുന്നതിനിടെയാണ് ഒരു നായയെ കാറില്‍ കെട്ടിവലച്ചു കൊണ്ടു പോകുന്ന അഖിലിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. സംഭവം മൊബൈല്‍ പകര്‍ത്തിയ യുവാവ് ഇടപെട്ട് കാര്‍ നിര്‍ത്തിയെങ്കിലും കാര്‍ ഡ്രൈവര്‍ അഖിലിനോട് കയര്‍ത്തു സംസാരിച്ചു. എന്നാല്‍ കൊടും ക്രൂരത ചോദ്യം ചെയ്തുള്ള നിലപാടില്‍ അഖില്‍ ഉറച്ചു നിന്നതോടെ ഇയാള്‍ നായയെ അവിടെ ഉപേക്ഷിച്ചു പോയി.
ഏതാണ്ട് അറുന്നൂറ് മീറ്ററോളം നായയെ കാറില്‍ കെട്ടിവലിച്ചു കൊണ്ടു പോയി എന്നാണ് അഖില്‍ പറയുന്നത്. സംഭവത്തില്‍ അഖില്‍ മൃഗസംരക്ഷണവകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ട്. കാര്‍ ഡ്രൈവര്‍ കയറൂരി വിട്ടപ്പോള്‍ വിരണ്ടോടിയ നായയെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ഒരുപാട് ദൂരം ഓടിയ നായ പിന്നീട് തളര്‍ന്ന് നിലത്തു വീണെങ്കിലും പിന്നെയും കാറില്‍ കെട്ടിവലിച്ചു കൊണ്ടു പോയിട്ടുണ്ട്. അതിനാല്‍ സാരമായ പരിക്ക് നായക്കേറ്റെന്നാണ് അഖില്‍ പറയുന്നത്.
നായയെ കഴുത്തില്‍ക്കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നെടുമ്പാശേരി അത്താണിക്കുസമീപം ചാലാക്കയിലാണ് മിണ്ടാപ്രാണിയോട് ഈ കൊടുംക്രൂരത. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ടാക്സികാറിലാണ് നായയെ കെട്ടിവലിച്ചത്. വേഗത്തില്‍ പോകുന്ന കാറിന് പിന്നിലാണ് നായയെ കെട്ടി വലിച്ച് കൊടും ക്രൂരത നടന്നത്. വെയിലത്ത് ടാറിട്ട റോഡിലൂടെ കാറിന് പിന്നാലെ നായ ഓടുന്നതാണ് ദൃശ്യങ്ങള്‍. നായയുടെ കഴുത്തില്‍ കെട്ടിയ കയര്‍ ഓടുന്ന കാറുമായും ബന്ധിപ്പിച്ചിട്ടുണ്ട്. നായ തളര്‍ന്നു വീണിട്ടും കാര്‍ മുന്നോട്ടുപോകുന്നതും കാണാം. കാര്‍ തടഞ്ഞ ശേഷം യുവാവ് ഡ്രൈവറോട് സംസാരിക്കുന്നതും വിഡിയോയില്‍ കാണാം.
മനുഷ്യന് എന്ന ഏറ്റവും ദയാരഹിതനായ ജീവി. നല്ല സ്പീഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ പിറകില്‍ ജീവനുള്ള നായയെ കെട്ടിവലിച്ചിഴച്ചു നരകിപ്പിക്കുന്നു. ചെങ്ങമനാട് പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ അത്താണി പറവൂര്‍ റൂട്ടില്‍ ചാലാക്ക മെഡിക്കല്‍ കോളജിനടുത്ത് വച്ച് നടന്ന സംഭവമാണ്..’. ഈ വിഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ച് സാമൂഹ്യപ്രവര്‍ത്തക അഡ്വ.രശ്മിത രാമചന്ദ്രന് എഴുതിയ കുറിപ്പില്‍ പറയുന്നു. 04842474057 എന്ന നമ്പറില്‍ ചെങ്ങമനാട് പൊലീസ് സ്റേറഷനുമായി ബന്ധപ്പെട്ടപ്പോള്‍ ചില മൃഗ സ്നേഹി സംഘടനകള്‍ ഇടപെട്ടിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നെന്നും അറിഞ്ഞു. വാഹനം കണ്ടെടുത്തെന്നും പ്രതിയെ കാണാന്‍ സാധിച്ചില്ലെന്നും പൊലീസ് പറഞ്ഞതായി രശ്മിത രാമചന്ദ്രന് കുറിച്ചു, സംഭവത്തില്‍ നിരവധി പേരാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്.