Breaking Crime

കൊച്ചി: നെയ്യാറ്റിന്‍കരയില്‍ സരിതാ നായര്‍ക്കെതിരെ വീണ്ടും കേസ്. ബവ്റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങിയശേഷം വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയ കേസാണ് വീണ്ടും സോളാര്‍ കേസ് പ്രതി സരിതാ എസ് നായരെ കുടുക്കിലാക്കുന്നത്. സരിത എസ്.നായര്‍ക്കെതിരെ ജാമ്യമില്ലാ കേസാണ് നെയ്യാറ്റിന്‍കര പൊലീസ് എടുത്തിരിക്കുന്നത്.
പിണറായി സര്‍ക്കാരിന് ഭാവിയില്‍ വെല്ലുവിളിയാകാവുന്ന ആരോപണമാണ് ഇതും. കുന്നത്തുകാല്‍ പഞ്ചായത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി ടി. രതീഷ്, പൊതുപ്രവര്‍ത്തകന്‍ ഷാജു പാലിയോട് എന്നിവരാണു മറ്റു പ്രതികള്‍. വ്യാജ നിയമന ഉത്തരവും പണം കൊടുത്തതിന്റെ രേഖകളുമായി 2 പേരാണു നെയ്യാറ്റിന്‍കര പൊലീസിനു പരാതി നല്‍കിയത്. സംഘം ഇരുപതിലേറെ യുവാക്കളില്‍ നിന്നു പണം തട്ടിയതായാണു പൊലീസിനു ലഭിച്ച വിവരം. ഇടതു സര്‍ക്കാരിന്റെ കാലത്താണ് ഈ തട്ടിപ്പെന്നതാണ് നിര്‍ണ്ണായകം. സോളാറിന് സമാനമായ ഇടപെടലുകള്‍ പിണറായി സര്‍ക്കാരിന്റെ കാലത്തും സരിത നടത്തിയെന്ന ആരോപണമാണ് ഇതോടെ സജീവമാകുന്നത്. സ്വര്‍ണ്ണ കടത്ത് കേസ് ചര്‍ച്ചയാകുമ്പോള്‍ തന്നെയാണ് സരിതയ്ക്കെതിരായ പരാതിയും എത്തുന്നത്.

രതീഷും ഷാജുവും ചേര്‍ന്നാണു പണപ്പിരിവു നടത്തിയത്. 2018 ഡിസംബറില്‍ ഇവര്‍ പണപ്പിരിവു നടത്തിയെങ്കിലും ജോലി നല്‍കാനായില്ല. തുക തിരികെ ലഭിക്കാന്‍ പ്രതികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയപ്പോഴാണു സരിത വിളിക്കുന്നതെന്നു പരാതിക്കാര്‍ ഇന്നലെ പൊലീസിനു മൊഴി നല്‍കി. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെന്നു സ്വയം പരിചയപ്പെടുത്തിയാണു സരിത സംസാരിച്ചത്. പിന്നീട് ഇവര്‍ തന്റെ യഥാര്‍ഥ വിലാസം വെളിപ്പെടുത്തി. ബവ്റിജസ് കോര്‍പറേഷനില്‍ ജോലിക്കു 10 ലക്ഷം കൊടുത്തെന്നു പറഞ്ഞപ്പോള്‍ ഒരു ലക്ഷം രൂപ വേണമെന്നു സരിത ആവശ്യപ്പെട്ടു. ഇതനുസരിച്ച് സരിതയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. ഇതിന്റെ രേഖകള്‍ പൊലീസ് കണ്ടെടുത്തു.

കേസിലെ ഒന്നാം പ്രതി കുന്നത്തുകാല്‍ പഞ്ചായത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാണെന്നതും കേസിന് പുതിയ മാനം നല്‍കുന്നു. ഓലത്താന്നി സ്വദേശി അരുണാണ് പരാതിക്കാരന്‍. ബെവ്‌കോയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പലപ്പോഴായി പണം തട്ടിയെടുത്തെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതി രതീഷാണ് പണം വാങ്ങിയതെന്നാണ് പരാതി. ഇതില്‍ രണ്ടാം പ്രതിയായിട്ടാണ് സരിതയുടെ പേര്‍ ചേര്‍ത്തിരിക്കുന്നത്. മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ഷാജു പാലിയോടാണ് മൂന്നാം പ്രതി. അരുണിന് ബെവ്‌കോയില്‍ ജോലി നല്‍കാമെന്ന ഉറപ്പിലാണ് പണം പലപ്പോഴായി നല്‍കിയത്.

പണം നല്‍കിയതിനുശേഷം വ്യാജ നിയമന ഉത്തരവും നല്‍കിയിരുന്നു. ജോലിക്ക് പ്രവേശിക്കാനെത്തുമ്പോഴാണ് രേഖ വ്യാജമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് അരുണ്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്പി.ക്ക് പരാതി നല്‍കിയത്. അരുണില്‍ നിന്നും പണം വാങ്ങിയത് ഒന്നാം പ്രതിയായ രതീഷാണ്. പത്തുലക്ഷം രൂപ രതീഷ് വാങ്ങി. ഒരു ലക്ഷം രൂപയാണ് കേസിലെ രണ്ടാം പ്രതിയായ സരിതാ നായര്‍ക്ക് നല്‍കിയത്. സരിതയുടെ തിരുനെല്‍വേലി മഹേന്ദ്രഗിരിയിലെ എസ്.ബി.ഐ.യിലെ അക്കൗണ്ട് നമ്പരിലാണ് പണം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്.

ജോലി ഉറപ്പായി ലഭിക്കുമെന്ന് സരിതാ നായര്‍ അരുണിനെ ഫോണില്‍ വിളിച്ച് അറിയിക്കുന്നതിന്റെ ശബ്ദരേഖയും പരാതിയോടൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്. തിരുനെല്‍വേലിയിലെ അക്കൗണ്ട് നമ്പര്‍ പരിശോധിച്ചതില്‍ സരിതയുടേതാണെന്ന് ഉറപ്പായതായി സിഐ. ശ്രീകുമാരന്‍നായര്‍ വ്യക്തമാക്കി. എന്നാല്‍, ശബ്ദരേഖയിലുള്ള ശബ്ദം സരിതാ എസ്. നായരുടെതാണോയെന്ന് പരിശോധിക്കും. ഇതും ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പിക്കാനാണ് പൊലീസ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *