ഒരുവോട്ട് ചെയ്യാന്‍ 1500 രൂപ പ്രതിഫലം

Breaking Crime News Politics

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ക്ക് ഒരുവോട്ട് ചെയ്യാന്‍ 1500രൂപ കൈക്കൂലി. 14ന് തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പറം ജില്ലയിലാണ് വോട്ടിന് പണം നല്‍കി സ്ഥാനാര്‍ഥികള്‍ രംഗത്തുവന്നിട്ടുള്ളത്. നിലമ്പരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി 1500രൂപ നല്‍കിയെന്ന് വോട്ടര്‍ തന്നെയാണ് പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്. അതോടൊപ്പം കൊണ്ടോട്ടിയില്‍ മറ്റൊരു സ്ഥാനാര്‍ഥി പണം നല്‍കുന്ന ദൃശ്യങ്ങളും പുറത്ത്. ഇക്കാര്യവും വോട്ടര്‍തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. വോട്ട് ചെയ്യുന്നതിന് വേണ്ടി യുഡിഎഫ് സ്ഥാനാര്‍ഥി നിലമ്പൂര്‍ നഗരസഭയിലെ പട്ടരാക്ക ഡിവിഷനിലെ മരുന്നന്‍ ഫിറോസ് ഖാനെതിരെയാണ് വോട്ടര്‍ പരാതി നല്‍കിയിട്ടുള്ളത്. ശനിയാഴ്ച രാവിലെ വോട്ട് ചോദിച്ചെത്തിയ മുസ്ലീലീഗ് നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ മരുന്നന്‍ ഫിറോസ്ഖാന്‍ 1500 രൂപ നിര്‍ബന്ധിച്ച് നല്‍കിയെന്നാണ് വോട്ടര്‍ പട്ടികയിലെ 67 നമ്പര്‍ വോട്ടറായ ശകുന്തള ഇലക്ഷന്‍ ചുമതല വഹിക്കുന്ന നഗരസഭയിലെ നിര്‍വഹണ ഉദ്യോസ്ഥന് നല്‍കിയ പരാതിയില്‍ പറയുന്നത്. വോട്ടിന് പണം നല്‍കിയ ആരോപണങ്ങളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിലമ്പൂര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
അതേ സമയം കൊണ്ടോട്ടി നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൊണ്ടോട്ടി നഗരസഭയിലെ ഇരുപത്തിയെട്ടാം വാര്‍ഡിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിക്കുന്ന താജുദ്ദീന്‍ എന്ന കുഞ്ഞാപ്പുവാണ് ഒരു വോട്ടര്‍ക്ക് കീശയില്‍ നിന്ന് പണം എടുത്തു നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. കൊണ്ടോട്ടി നഗരസഭയില്‍ കഴിഞ്ഞ തവണ ഏറ്റവും വലിയ മത്സരം നടന്ന വാര്‍ഡാണ് ഇരുപത്തിയെട്ടാം വാര്‍ഡായ ചിറയില്‍.കഴിഞ്ഞ തവണ യുഡിഎഫ് ഒരു വോട്ടിന് എല്‍ഡിഎഫിനെ പരാജയപ്പെടുത്തി വിജയിച്ച വാര്‍ഡ് കൂടിയാണ് ചിറയില്‍. ഇവിടെ ഇത്തവണയും കനത്ത മത്സരമാണ് നടക്കുന്നത്. ഇതിനിടയിലാണ് വോട്ട് ചെയ്യാന്‍ വോട്ടര്‍ക്ക് സ്ഥാനാര്‍ഥി കുടുബ പ്രശനങ്ങള്‍ പറഞ്ഞു കൊണ്ട് പണം നല്‍കാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്ത് വന്നത്. വോട്ടര്‍ തന്നെയാണ് വിഡിയോ എടുത്തു പുറത്ത് എത്തിച്ചത്. സ്ഥാനാര്‍ത്ഥിക്ക് എതിരെ വോട്ടര്‍ പരാതിയും നല്‍ക്കിട്ടുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുരുതരമായ ചട്ടലംഘനം ആണ് ഇവിടെ നടന്നത്. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം ശക്തമായ ആരോപണങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. എല്‍ഡിഎഫിന്റെ വോട്ടര്‍മാര്‍ക്ക് പണം കൊടുക്കാന്‍ യുഡിഎഫ് ആണ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിയോഗിച്ചത് എന്നാണ് എല്‍ഡിഎഫിനെ വാദം . എന്നാല്‍ സംഭവത്തില്‍ യാതൊരു തരത്തിലുള്ള പങ്കുമില്ലെന്ന് പറഞ്ഞുകൊണ്ട് യുഡിഎഫ് രംഗത്തെത്തുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *