ദയാബായ് കേരളാ രാഷ്ട്രീയത്തിലേക്ക്

Breaking News Politics

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ നിയമസഭാ മണ്ഡലത്തില്‍ നിന്നും ലോകമറിയുന്ന സാമൂഹിക പ്രവര്‍ത്തകയായ ദയാബായ് ജനവിധി തേടും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ദയാബായ് മത്സരത്തിനിറങ്ങുക. ദയാബായുമായി നേരിട്ട് സംസാരിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് വിവരം പുറത്ത് വിടുന്നതെന്ന് ഓണ്‍ലൈന്‍ മാധ്യമം വ്യക്തമാക്കി. കേരളത്തില്‍ പലയിടങ്ങളിലും ഉയര്‍ന്ന് വരുന്ന സ്വതന്ത്ര ജനകീയ കൂട്ടായ്മകളുടെ ശക്തി വര്‍ധിക്കുന്നതിന് കാരണായേക്കാവുന്ന തീരുമാനമാണ് ദയാബായുടേത്. മദ്ധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ കഴിഞ്ഞ അന്‍പത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകയാണ് ദയാബായി എന്ന മേഴ്‌സി മാത്യു. മദ്ധ്യപ്രദേശിലെ ഗോണ്ടുകള്‍ക്കിടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. മധ്യപ്രദേശിലെ ചിന്ദവാര ജില്ലയിലെ ബരുല്‍ ഗ്രാമത്തിലാണ് അവര്‍ താമസിക്കുന്നത്.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള സമരങ്ങളില്‍ സജീവമായി ദയാബായ് ഉണ്ടായിരുന്നു. തന്റെവില്ലേജില്‍ നേരത്തേ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ കുറച്ച് പേര്‍ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് താന്‍ അതിന് തയ്യാറായില്ല. മറ്റൊരാളെ പഞ്ചായത്ത് പ്രസിഡന്റാക്കി താന്‍ മെമ്പറായി നിന്നെന്ന് ദയാബായ് ് പറയുന്നു. കര്‍ഷക സമരങ്ങളും തന്നെ കേരളത്തില്‍ ജനപ്രതിനിധിയാകാനുള്ള തീരുമാനത്തിന് കാരണമായെന്നും അവര്‍ വെളിപ്പെടുത്തി. കാസര്‍കോട്ടെ എന്‍ഡസള്‍ഫാന്‍ ഇരകള്‍ക്കായി എന്തെങ്കിലും ചെയ്യണമെങ്കില്‍ ജനപ്രതിനിധിയാകണം എന്ന തിരിച്ചറിവാണ് ഈ തിരുമാനത്തിന് പിന്നില്‍. കോട്ടയത്തെ ജനത ഇപ്പോഴും എന്നെ സ്‌നേഹിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണ തേടാതെയാണ് മത്സരിക്കുക. ആം ആദ്മി പോലുള്ള പാര്‍ട്ടിയുടെ പോലും പിന്തുണ തേടില്ല- ദയാബായ് മറുനാടനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ചിലവുകളെകുറിച്ചുള്ള ചോദ്യത്തിന് ദയാബായുടെ മറുപടി രസകരമായിരുന്നു. രണ്ടായിരം രൂപ ഫോം ഫില്ല് ചെയ്യാന്‍ വെണം എന്നാണ് എന്റെ അറിവ്. ബാക്കിയെല്ലാം അങ്ങ് നടന്നോളുമെന്നാണ് വിശ്വാസമെന്നും നമുക്ക് നോക്കാം എന്നും അവര്‍ പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ മറ്റേത് മണ്ഡലത്തെക്കാളും രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലം കൂടിയാണ് പാല. കേരള രാഷ്ട്രീയത്തിലെ അതികായന്മാരില്‍ ഒരാളായിരുന്ന കെ എം മാണി കൈ വെള്ളയില്‍ കൊണ്ടു നടന്ന മണ്ഡലം അദ്ദേഹത്തിന്റെ മരണ ശേഷം പാര്‍ട്ടിക്ക് നഷ്ടമാകുകയും അതിന് ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ദേഹത്തിന്റെ മകന്റെ നേതൃത്വത്തില്‍ ഇടത് പക്ഷത്തേക്ക് ചേക്കേറുകയും ചെയ്തത് നാം കണ്ടതാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്ക് കൂട്ടുന്നത്. യുഡിഎഫിലാകട്ടെ, കോണ്‍?ഗ്രസ് മത്സരിക്കണോ അതോ ജോസഫ് വിഭാ?ഗത്തിന് സീറ്റ് നല്‍കണോ അതുമല്ലെങ്കില്‍ പാലായിലെ സിറ്റിം?ഗ് എംഎല്‍എ എന്‍സിപി നേതാവായ മാണി സി കാപ്പനെ തങ്ങളുടെ പാളയത്തില്‍ എത്തിച്ച് സീറ്റ് നല്‍കണോ എന്ന ആലോചനയിലാണ്.

സ്വതന്ത്ര ചിന്താഗതിക്കാര്‍ ഏറെയുള്ള പാലായില്‍ ദയാബായ് മത്സരിക്കുമ്പോള്‍ സാഹചര്യങ്ങള്‍ ആകെപ്പാടെ മാറിയെന്ന് വരാം. കാരണം ദയാബായ് നമ്മള്‍ കരുതുന്നത് പോലെ ഒരു ചെറുമീനല്ല. വലിയ ജനപിന്തുണയോടെ പ്രചാരണം നടത്താനോ വോട്ട് വിലയ്ക്ക് വാങ്ങാനോ ദയാബായ്ക്ക് കഴിഞ്ഞില്ലെങ്കിലും വ്യത്യസ്തവും വിപ്ലവകരവുമായ ചിന്തകളെ എന്നും പിന്തുണയ്ക്കുന്ന പാലായിലെ ജനങ്ങള്‍ ഇക്കുറി ദയാബായെ പിന്തുണയ്ക്കും. കേരളത്തില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ കഴിയുന്ന മണ്ഡലമാണ് പാല.

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലെ പാലായ്ക്കു സമീപമുള്ള പൂവരണിയില്‍ പുല്ലാട്ട് മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും 14 മക്കളില്‍ മൂത്തവളായി ജനിച്ചു. കന്യാസ്ത്രീ ആവാനായിരുന്നു അവരുടെ ആഗ്രഹം. അവരുടെ പ്രസംഗങ്ങളും സത്യാഗ്രഹങ്ങളും പ്രചരണങ്ങളും പാഠശാല തുടങ്ങുന്നതിനായി പ്രാദേശിക ഭരണകൂട നേതൃത്വത്തെ സമ്മര്‍ദ്ദം ചെലുത്തുന്നതുമായ പ്രവര്‍ത്തികളും മധ്യപ്രദേശിലെ അവഗണിക്കപ്പെട്ട വിദൂരഗ്രാമങ്ങളിലെ ആദിവാസി പട്ടികവര്‍ഗവിഭാഗത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് വളരെയധികം സഹായിച്ചു. നര്‍മദ ബച്ചാവോ ആന്ദോളനുമായും ചെങ്ങറ പ്രക്ഷോഭം എന്നിവയുമായും ബന്ധപ്പെട്ട് ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊച്ചുകൊട്ടാരം പ്രൈമറി സ്‌കൂള്‍, വിളക്കുമാടം സെന്റ്ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ജീവശാസ്ത്രത്തില്‍ ബിരുദം. ബോംബെ സര്‍വ്വകലാശാലയില്‍ നിന്ന് എം.എസ്.ഡബ്ല്യുവും നിയമവും പഠിച്ചു. എം.എസ്.ഡബ്ല്യു പ്രൊജക്ടിന്റെ ഭാഗമായ ഫീല്‍ഡ് വര്‍ക്കിനു വേണ്ടി മദ്ധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയിലെത്തി. പിന്നീട് അവിടം പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുത്തു.

പതിനൊന്നാം ക്ലാസ്സ് കഴിഞ്ഞതോടെ പഠനം നിര്‍ത്തിയ മേഴ്‌സി, കന്യാസ്ത്രീയാകാന്‍ തീരുമാനിച്ചു. കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലെ ആഡംബരങ്ങളോടും സുഖജീവിതത്തോടും വെറുപ്പായിരുന്നതിനാല്‍ വടക്കേ ഇന്ത്യയിലെ അധഃസ്ഥിതര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന തോന്നലില്‍ പതിനാറാമത്തെ വയസ്സില്‍ ബീഹാറിലെ ഹസാരിബാഗിലെ ഹോളി കോണ്‍വെന്റിലെത്തി.

വലിയ കെട്ടിടങ്ങളും ആഘോഷങ്ങളും നിറഞ്ഞ കോണ്‍വെന്റ് അന്തരീക്ഷത്തില്‍ ആഡംബര വസ്ത്രങ്ങളും പലതരം കേക്കുകളും പലഹാരങ്ങളുമൊക്കെയായി കോണ്‍വെന്റ് നിവാസികള്‍ ആഘോഷപൂര്‍വ്വം ക്രിസ്തുമസ്സ് കൊണ്ടാടുമ്‌ബോള്‍ പെരുമഴയത്ത് കുട്ടികളെയും ഒക്കത്ത് കെട്ടി ഒറ്റവസ്ത്രം കൊണ്ട് ശരീരം മറച്ച് പള്ളിയുടെ മറുവശത്ത് കുര്‍ബാനക്കെത്തുന്ന ആദിവാസികളുടെ കഷ്ടവും വേര്‍തിരിവും മേഴ്‌സി അനുഭവിച്ചറിഞ്ഞു. ആദിവാസികളുടെ ഗ്രാമത്തിലേക്ക് പോകണമെന്ന മേഴ്‌സിയുടെ ആവശ്യം പരിഗണിക്കപ്പെടാതായതോടെ കന്യാസ്ത്രീ പരിശീലനം പൂര്‍ത്തിയാക്കാതെ മഠത്തില്‍ നിന്നും പുറത്തുവന്നു.

ബീഹാറിലെ പലാമ ജില്ലയിലെ ഗോത്രവര്‍ഗ്ഗമേഖലയായ മഹോദയില്‍ ഒന്നരവര്‍ഷം അദ്ധ്യാപികയായി ജോലി ചെയ്തു. ഇതിനിടെ ബി.എസ്.സി. പാസായി. തുടര്‍ന്ന് ജബല്‍പൂരിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒന്നരക്കൊല്ലം അദ്ധ്യാപികയായി. തുടര്‍ന്ന് കേരളത്തിലെത്തി ഒരു ബിഷപ്പ് നടത്തുന്ന സ്ഥാപനത്തില്‍ അശരണര്‍ക്കായി പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ചു. സ്ഥാപനത്തിലെ ആത്മീയതയുടെ മേലാപ്പണിഞ്ഞ വൈദികനില്‍ നിന്നും കാമഭ്രാന്തിന്റെ ആവേശമുണ്ടായതോടെ അവിടംവിട്ട് മേഴ്‌സി മുംബൈയിലെത്തി. പലയിടത്തും അലഞ്ഞു തിരിഞ്ഞു. തയ്യല്‍ പഠിച്ചു. കുറേനാള്‍ മദര്‍ തെരേസയുടെ ചില്‍ഡ്രന്‍സ് ഹോമിലും ഓള്‍ഡേജ് ഹോമിലും പ്രവര്‍ത്തിച്ചു. അവിടത്തെ ജീവിതരീതികളോടും ഒത്തുചേരാനായില്ല. യുദ്ധസമയത്ത് ബംഗ്ലാദേശ് അഭയാര്‍ത്ഥികളുടെ സേവനത്തിനായി ബംഗ്ലാദേശിലെത്തി. യുദ്ധഭീകരത നേരിട്ടുകണ്ട് മേഴ്‌സി സഭയുടെ നിയന്ത്രണത്തിലുള്ള വഴിയല്ല തന്റേതെന്ന് തിരിച്ചറിഞ്ഞു. ക്രിസ്തുവിന്റെ ജീവിതവും ബൈബിളിലെ വചനങ്ങളും സത്യത്തില്‍ നിന്ന് ഏറെ അകലെയാണെന്ന് തോന്നിയപ്പോള്‍ അവിടം വിട്ടു.

മുംബൈയിലേക്കു മടങ്ങി. മുംബൈയിലെ നിര്‍മ്മലാ നികേതനില്‍ എം.എസ്. ഡബ്ലിയുവിന് ചേര്‍ന്നു. പക്ഷെ സിലബസിനോടും പഠനരീതിയോടും പൊരുത്തപ്പെടാന്‍ കഴിയാതെ അവിടം വിട്ടു. മുംബൈയിലെ ഗ്രാമങ്ങളിലും ഡല്‍ഹിയിലും ആന്ധ്രായിലെയും ഹരിയാനയിലെയും ദുരിതാശ്വാസ പുനര്‍ നിര്‍മ്മാണക്യാമ്ബുകളിലുമായി എട്ടുവര്‍ഷം ചെലവഴിച്ചു. പിന്നീട് നിര്‍മ്മലനികേതനില്‍ പഠനം തുടര്‍ന്ന് എം.എസ് ഡബ്ല്യൂ പൂര്‍ത്തിയാക്കി. പഠനത്തിന്റെ ഭാഗമായി ഫീല്‍ഡ് വര്‍ക്കിനായി മദ്ധ്യപ്രദേശിലെ ചിന്ത്വാഡിയിലെ സുള്ളഗപ്പയില്‍ ഒരു ആദിവാസി വിധവയുടെ വീട്ടില്‍ താമസിച്ചു പഠനം പൂര്‍ത്തിയാക്കി.

ഉന്നത ബിരുദങ്ങളും ആവശ്യത്തിന് പണവുമുണ്ടായിരുന്നിട്ടും കിട്ടാമായിരുന്ന സുഖപ്രദമായ ജോലി ഉപേക്ഷിച്ച് അവര്‍ ദാരിദ്ര്യം സ്വയം തെരഞ്ഞെടുത്തു. മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്കവിഭാഗമായ ഗോണ്ടുകള്‍ എന്ന ആദിവാസികളുടെ കൂടെ ചിഡ് വാര ഗ്രാമത്തില്‍ അവരിലൊരാളായി ജീവിക്കാന്‍ തുടങ്ങി. നഗരത്തിന്റെ മോടി കൂടിയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് ആദിവാസികളുടെ പരമ്ബരാഗത വസ്ത്രം ധരിച്ചു. കടത്തിണ്ണകളില്‍ അന്തിയുറങ്ങി. അവരോടൊപ്പം കൂലിപ്പണിയെടുത്തു. സ്വന്തം പേരു പോലും ഉപേക്ഷിച്ച് ‘ദയാബായി’ ആയി. ചൂഷണത്തിനും പീഡനത്തിനും നിരന്തരം ഇരയായിക്കൊണ്ടിരുന്ന ആദിവാസികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങള്‍ക്കായി പൊരുതി. ആദിവാസികള്‍ക്ക് വേണ്ടി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി നിരവധി മര്‍ദ്ദനങ്ങള്‍ക്കിരയായി. പല്ലുകള്‍ കൊഴിഞ്ഞു. എതിര്‍പ്പുകളും മര്‍ദ്ദനങ്ങളും ഒറ്റപ്പെടുത്തലുകളും ദുരാരോപണങ്ങളും അവരെ പിന്തിരിപ്പിച്ചില്ല. സഹനത്തിന്റെ,ചെറുത്തുനില്‍പ്പിന്റെ വഴികളിലൂടെ അവര്‍ മുന്നേറി. അവരുടെ ശ്രമഫലമായി ഗ്രാമത്തില്‍ വിദ്യാലയവും അടിസ്ഥാന സൗകര്യങ്ങളുമുണ്ടായി.അവര്‍ ആദിവാസികളെ അക്ഷരം പഠിപ്പിച്ചു. അവര്‍ക്കായി നിയമയുദ്ധങ്ങള്‍ നടത്തി. ഝാന്‍സീറാണിയെ പോലെ കുതിരപ്പുറത്ത് കയറി ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചു. അവരുടെ ഭാഷയില്‍ സംസാരിച്ചു. തെരുവുനാടകങ്ങളും കവിതകളും പാട്ടുമൊക്കെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചു. ഗാന്ധിജിയുടേയും യേശുക്രിസ്തുവിന്റേയും ജീവിതവും ദര്‍ശനങ്ങളുമാണ് ദയാബായിയെ ഇന്നും പ്രചോദിപ്പിക്കുന്നത്.

ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ദയാബായി തന്റെ തിരിച്ചറിവുകള്‍ പല വേദികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്തുവിന്റെ പാതയും സഭയുടെ പാതയും വ്യത്യാസമാണെന്നും ക്രിസ്തു കഷ്ടപ്പെടുന്നവന്റെ കൂടെയാണെന്നും സഭ സമ്പന്ന വര്‍ഗ്ഗത്തിന്റെയും ആഡംബരങ്ങളുടെയും പുറകെയാണെന്നും ദയാബായി പറയുന്നു. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്നതിന് മതത്തിന്റെ വേലിക്കെട്ടുകള്‍ വേണ്ടെന്ന് അവര്‍ തുറന്നടിക്കുന്നു. ജീവിതത്തില്‍ നന്മ പുലര്‍ത്തുന്ന, മണ്ണിനോടും പ്രകൃതിയോടും ആദരവുള്ള, കൃഷിയില്‍ ആധ്യാത്മികത കണ്ടെത്തുന്ന ഒരു സമൂഹത്തെയാണ് നാടിന് വേണ്ടത്. ഗാന്ധിജിയുടെ വികസന മോഡല്‍ രാജ്യത്ത് തിരിച്ചു വരണമെന്നും പാശ്ചാത്യരെ അന്ധമായി അനുകരിക്കുന്നതാണ് എല്ലാം നശിപ്പിക്കുന്നതെന്നും അവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *