ബോബി ചെമ്മണ്ണൂരിന്റെ സഹായം സ്വീകരിക്കാതെ രാജന്റെ മക്കള്‍

Breaking News

തിരുവനന്തപുരം: സഹായ ഹസ്തവുമായി വന്ന ബോബി ചെമ്മണ്ണൂരിന്റെ സഹായം സ്വീകരിക്കാതെ നെയ്യാറ്റിന്‍കരയിലെ രാജന്റെ മക്കള്‍. നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ബോബി ചെമ്മണ്ണൂര്‍ വിലയ്ക്ക് വാങ്ങിയ ശേഷമാണ് രാജന്റെ മക്കളെ കാണാന്‍ എത്തിയത്. ഈ ഭൂമി അവര്‍ക്ക് കൈമാറാന്‍ സന്നദ്ധത അറിയിച്ചു കൊണ്ടാണ് ബോബി എത്തിയത്. എന്നാല്‍, സ്വര്‍ണ്ണ വ്യവസായിയുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന വിധത്തിലായിരുന്നു ആ കുട്ടികള്‍ പെരുമാറിയത്. തങ്ങളുടെ പ്രശ്നം തീര്‍ക്കാന്‍ ഇടപെടേണ്ടത് സര്‍ക്കാറാണെന്നാണ് അവരുടെ വാദം. മാത്രമല്ല, വസന്തയില്‍ നിന്നും ഭൂമി വാങ്ങി നല്‍കേണ്ടതല്ലെന്നും അവര്‍ വാദിച്ചു.വിവാദ ഭൂമി സര്‍ക്കാര്‍ നല്‍കിയാലേ സ്വീകരിക്കൂവെന്നും ഇവര്‍ നിലപാട് സ്വീകരിച്ചു. നിയമപരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണത്. വസന്ത എന്ന സ്ത്രീയുടെ പേരിലല്ല പട്ടയം. സുകുമാരന്‍ നായര്‍, വിമല, കമലാക്ഷി എന്നീ മൂന്നു പേരുടെ പേരിലാണു പട്ടയമെന്നാണു വിവരാവകാശ രേഖയില്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അവര്‍ ഭൂമി വേണ്ടെന്ന് ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞത്. ‘സാറിനോട് നന്ദിയും ബഹുമാനവുമുണ്ട്. എന്നാല്‍ ഇത് കേസില്‍ കിടക്കുന്ന ഭൂമിയാണ്. വസന്തയ്ക്ക് ഇതില്‍ അവകാശമില്ല. അവര്‍ സാറിന് തന്നത് വ്യാജ പട്ടയമായിരിക്കാം. സാറ് ഈ പട്ടയം തിരിച്ചുകൊടുക്കണം. ആ പണം വാങ്ങിച്ച് പാവപ്പെട്ടവരെ സഹായിക്കണം”- എന്നായിരുന്നു രഞ്ജിത്തും രാഹുലും ബോബിക്ക് മറുപടി നല്‍കിയത്.

ഇവിടം എങ്ങിനെ വസന്തയ്ക്കു വില്‍ക്കാന്‍ കഴിയുകയെന്നും കുട്ടികള്‍ ചോദിക്കുന്നു. കോളനിയിലെ സ്ഥലം വില്‍ക്കാനാവില്ല. പാരമ്പര്യമായി കൈമാറ്റം ചെയ്യാനേ വ്യവസ്ഥയുള്ളൂ. വ്യവസായി ബോബി ചെമ്മണ്ണൂരിനെ വസന്ത തെറ്റിദ്ധരിപ്പിച്ചാണു വസ്തു കച്ചവടം ചെയ്തിരിക്കുന്നതെന്നും കുട്ടികള്‍ പറഞ്ഞു.
അച്ഛനും അമ്മയും അന്തിയുറങ്ങുന്ന ഭൂമി സ്വന്തമാക്കാന്‍ കുട്ടികളെ സഹായിക്കുമെന്ന് ഇവരെ സന്ദര്‍ശിച്ച ബോബി പറഞ്ഞു. വസന്ത നല്‍കിയ പട്ടയ രേഖകള്‍ താനും വക്കീലും പരിശോധിച്ചിരുന്നു. അങ്ങനെയാണ് പണം കൊടുത്തു വാങ്ങാന്‍ തീരുമാനിച്ചത്. ഇനി അവര്‍ പറ്റിച്ചതാണെങ്കില്‍ അവര്‍ക്കെതിരെ നിയമപരമായി മുന്നോട്ടുപോകും. കുട്ടികള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും താന്‍ ഒപ്പമുണ്ടാകുമെന്നും ബോബി വ്യക്തമാക്കി.

ബോബി ഫാന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ അസോസിയേഷന്‍ അറിയിച്ചതനുസരിച്ചാണ് ശനിയാഴ്ച പുലര്‍ച്ചെ താന്‍ തിരുവനന്തപുരത്ത് എത്തിയതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ‘ഇവരുടെ അച്ഛനും അമ്മയും ഉറങ്ങുന്ന ഭൂമിയില്‍ തന്നെ ഇവര്‍ക്കും ജീവിക്കണമെന്നാണ് ആഗ്രഹമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. തുടര്‍ന്ന് ബോബി ഫാന്‍സ് അറിയിച്ചതനുസരിച്ച് തിരുവനന്തപുരത്ത് എത്തി. വസന്തയുമായി സംസാരിച്ചു. ഭൂമിക്ക് വില പറഞ്ഞു. കച്ചവടം ഉറപ്പിച്ചു. അഡ്വാന്‍സും നല്‍കി. അതിന്റെ രേഖകള്‍ കുട്ടികള്‍ക്ക് കൈമാറാനാണ് വന്നത്. ഇനി ഇവിടെ പുതിയ വീട് നിര്‍മ്മിക്കും. അത് വരെ ഇരുവര്‍ക്കും എന്റെ കൂടെ ശോഭ സിറ്റിയില്‍ താമസിക്കാം. പുതുവര്‍ഷത്തില്‍ ഇതെല്ലാം ചെയ്യാനായതില്‍ ദൈവത്തോട് നന്ദി പറയുന്നു”-ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

എന്നാല്‍ ബോബി ചെമ്മണ്ണൂരിന്റെ സഹായവാഗ്ദാനം രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും സ്നേഹത്തോടെ നിരസിക്കുകയായിരുന്നു. നേരത്തെ 10 ലക്ഷം നല്‍കി സര്‍ക്കാര്‍ ഇവരോട് കനിവു കാട്ടിയിരുന്നു. കൂടാതെ 5 ലക്ഷം രൂപ നല്‍കി യൂത്ത് കോണ്‍ഗ്രസും പിന്നാലെ ഒരുപാട് സംഘടനകളും ഒപ്പമെത്തി. എന്നാല്‍ ആ മണ്ണിന്മേലുള്ള തകര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ഈ ഭൂമിയിലെ അവകാശതര്‍ക്കം നിയമ കുരുക്കില്‍ തന്നെ കിടക്കുകയാണ്. മാത്രവുമല്ല, വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള വിവരാവകാശ രേഖ നേരത്തെ പുറത്തുവന്നിരുന്നു. പോങ്ങില്‍ കോളനിയില്‍ പൊലീസിന്റെ കുടിയൊഴിപ്പിക്കലിന് കാരണമായ പരാതിക്കാരി വസന്തയ്ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖയാണ് നേരത്തെ പുറത്തുവന്നത്.

സര്‍ക്കാര്‍ കോളനികളില്‍ 12 സെന്റ് ഭൂമി ഒരാള്‍ക്കു മാത്രമായി പതിച്ചു നല്‍കാന്‍ സാധ്യതയില്ലെന്നു നിയമവിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. അതിയന്നൂര്‍ വില്ലേജില്‍ (ബ്ലോക്ക് നമ്പര്‍ 21) 852/16, 852/17, 852/18 എന്നീ റീസര്‍വേ നമ്പറുകളിലെ ഭൂമി തന്റേതാണെന്നായിരുന്നു വസന്തയുടെ അവകാശവാദം. ഇതെല്ലാം കൂടി 12 സെന്റ് വരും. എന്നാല്‍ ഈ ഭൂമി എസ്.സുകുമാരന്‍ നായര്‍, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരുകളിലാണെന്നു വിവരാവകാശ രേഖ പറയുന്നു.

സര്‍ക്കാര്‍ കോളനികളില്‍ താമസിക്കുന്നവര്‍ക്കു പട്ടയം നല്‍കുമ്പോള്‍ പരമാവധി 2, 3, 4 സെന്റുകള്‍ വീതമാണു നല്‍കുന്നത്. ഇവ നിശ്ചിത വര്‍ഷത്തേക്കു കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നും വ്യവസ്ഥ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ വസന്ത ഈ സ്ഥലത്തിന്റെ ഉടമസ്ഥയല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാന്‍ കലക്ടര്‍ നവ്ജ്യോത് ഖോസ തഹസില്‍ദാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *