തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.ടെ ശൈലജ ടീച്ചറുടെ ഉറപ്പ്. കേരളത്തില്‍ കോവിഡ്
വാക്സില്‍ സൗജന്യമായി തന്നെ നല്‍കും. രാജ്യം കോവിഡ് വാക്സിനേഷനിലേക്ക് നീങ്ങുമ്പോള്‍ എത്രത്തോളം പേര്‍ക്ക് വാക്സിന് സൗജന്യമായി ലഭ്യമാകും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലാത്ത
സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ ഉറപ്പ് മലയാളികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. ആദ്യം ലഭ്യമാക്കുന്ന മൂന്ന് കോടി പേര്‍ക്ക് സൗജന്യമായി നല്‍കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. അതേസമയം മറ്റുള്ളവര്‍ വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയും ഇതോടെ സംജാതമാകും. ഇതിനിടെ കേരളം എല്ലാവര്ക്കും സൗജന്യ വാക്സിന് നല്‍കുമെന്ന നിലപാടാണ് നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചത്. ഈ നിലപാട് ആവര്‍ത്തിച്ചു കൊണ്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തി. കോവിഡ് വാക്സിന് കേന്ദ്ര സര്‍ക്കാര്‍ പണം ഈടാക്കിയാലും ഇല്ലെങ്കിലും കേരളത്തില്‍ അത് സൗജന്യമായി തന്നെ നല്‍കുമെന്നാണ് ശൈലജ ടീച്ചര്‍ വ്യക്തമാക്കിയത്. ഒരു മലയാളം വാര്‍ത്താ ചാനലിന്റെ ചര്‍ച്ചാ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ വാക്സിന് സൗജന്യമായി തന്നെ നല്കുകയാണെങ്കില് അത് നല്ലതാകുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തിന് വാക്സിന്റെ കൂടുതല്‍ ഷെയറിന് അര്‍ഹതയുണ്ടെന്നും കേന്ദ്രം അക്കാര്യം പരിഗണിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ആരോഗ്യമന്ത്രി പറയുന്നു.
വാക്സിന് ലഭിച്ചാല്‍ അടുത്ത ദിവസം തന്നെ വിതരണം ആരംഭിക്കുമെന്നും വാക്സിന് നല്‍കേണ്ടവരെ സംബന്ധിച്ച മുന്‍ഗണനാ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഐസിഎംആര്‍ ഗൈഡ് ലൈന്‍ അനുസരിച്ചായിരിക്കും വാക്സിന് വിതരണം ചെയ്യുകയെന്നും മന്ത്രി കെകെ ശൈലജ അറിയിച്ചു.അതേസമയം, സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇന്ന് ഡ്രൈ റണ്‍ നടന്നു. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടന്നത്.തിരുവനന്തപുരത്ത് പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഡ്രൈ റണ്‍ നടന്നത്. സംസ്ഥാനത്ത് വാക്സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന് നല്‍കുന്നത്.അതേസമയം കോവിഡ് വാക്സിന് ആദ്യഘട്ടത്തില്‍ സൗജന്യമായിട്ടായിരിക്കും നല്‍കുകയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് അറിയിച്ചത്. അതേസമയം മറ്റുള്ളവരുടെ കാര്യത്തില്‍ പണം കൊടുത്തു വാങ്ങേണ്ടി വരുമെന്ന സൂചനയാണ് മന്ത്രി നല്‍കുന്നത്. 30 കോടി പേര്‍ക്ക് വാക്സിന് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമായി മൂന്നു കോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് സൗജന്യമായി വിതരണം ചെയ്യുക. ശേഷിക്കുന്ന 27 കോടി പേര്‍ക്ക് എങ്ങനെ വിതരണം ചെയ്യുമെന്നത് വൈകാതെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാജ്യത്ത് ഉപയോഗിക്കുന്ന കോവിഡ് വാക്സിനെക്കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു.ഓക്സഫഡ് യൂണിവേഴ്സിറ്റിയും മരുന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനായ കോവിഷീല്‍ഡിന് അനുമതിക്കായി കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധ സമിതി ഡ്രഗ് കണ്ട്രോളര് ജനറലിന് ശുപാര്‍ശ നല്‍കിയിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് നിര്‍മ്മിക്കുന്നത്. ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന കോവാക്സിനും അനുമതി ലഭിച്ചിട്ടുണ്ട്.