തൃശ്ശൂര്‍: മുടി വളരുമെന്ന പരസ്യത്തില്‍ ആകൃഷ്ടനായി ഉല്പന്നംവാങ്ങിയ ഉപഭോക്താവിന്റെ പരാതിയില്‍ എണ്ണ കമ്പനിക്കും പരസ്യത്തില്‍ അഭിനയിച്ച താരത്തിനുമടക്കം പിഴയിട്ട് ഉപഭോക്ത്യ കോടതി. വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ നല്കിയ പരാതിയിലാണ് നടന് അനൂപ് മേനോന്, ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, ഡീലറായ മെഡിക്കല്‍ ഷോപ്പ് ഉടമ എന്നിവര്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചത്. . ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമയ്ക്ക് മൂവായിരം രൂപയാണ് പിഴ വിധിച്ചത്.
കേസില്‍ പരസ്യ അംബാസഡറായ അനൂപ് മേനോനെ വിസ്തരിച്ചപ്പോള്‍ താന്‍ തര്‍ക്കവിഷയമായ ഉല്പന്നം ഉപയോഗിച്ചിട്ടില്ലെന്നും അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുള്ളതെന്നും അനൂപ് മേനോന് കോടതിയില്‍ പറഞ്ഞു. ഉത്പന്നത്തിന്റെ ഫലപ്രാപ്തി തൃപ്തികരമായി ലഭ്യമാക്കാന്‍ നിര്‍മാതാവിനും കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.
തെളിവുകള്‍ പരിഗണിച്ച് പ്രസിഡന്റ് സി ടി. സാബു, മെമ്പര്‍മാരായ ഡോ. കെ. രാധാകൃഷ്ണന് നായര്‍, എസ്. ശ്രീജ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതി ധാത്രി കമ്പനിയോടും അനൂപ് മേനോനോടും പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ഇത്തരം പരസ്യങ്ങളില്‍ കരാര്‍ കൊടുക്കുമ്പോള്‍ ഉല്പന്നത്തിന്റെ ഗുണനിലവാരം അനൂപ് മേനോന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. ഉല്പന്നം വില്‍പ്പന നടത്തിയ എ വണ്‍ മെഡിക്കല്‍സ് ഉടമയില്‍നിന്നും കോടതി ചെലവിലേക്ക് മൂവായിരം രൂപ നല്‍കണമെന്നും വിധിയില്‍ പറഞ്ഞു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
