സി.പി.എം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നുവെന്ന് ഹമീദ് വാണിയമ്പലം

Breaking Keralam News Politics

കോഴിക്കോട്: അധികാര തുടര്‍ച്ച ലക്ഷ്യംവെച്ച് സി.പി.എം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഇതിന് അനുവദിച്ചാല്‍ കേരളം സംഘപരിവാറിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാകുന്ന ഭീതിജനകമായ സാഹചര്യം ഉണ്ടാകുമെന്നും
വിവിധ മതസമൂഹങ്ങളെ ഭിന്നിപ്പിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും ഇതിനെ കേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്നു ഹമീദ് വാണിയമ്പലം പറഞ്ഞു.
അപകടകരമായ ഈ നീക്കത്തില്‍ നിന്ന് സിപിഎമ്മിനെ തടഞ്ഞില്ലെങ്കില്‍ കേരളം ത്രിപുരയാകും എന്ന് കേരള സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായുണ്ടാക്കിയ പ്രാദേശിക ധാരണയെ ഭീകരവല്‍ക്കരിച്ച് കേരളത്തില്‍ മുസ്ലീം ഭീതി പരത്തി വിവിധ മതസമൂഹങ്ങളെ ഭിന്നിപ്പിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആസൂത്രിത ഗൂഢാലോചന നടന്നിരുന്നു. മീഡിയകളെയടക്കം ഉപയോഗിച്ച് പ്രചണ്ഡമായ വര്‍ഗീയ പ്രചരണമാണ് സിപിഎം നടത്തിയത്. 2015 ല്‍ കേരളത്തില്‍ ഇടതു മുന്നണിയുമായി പാര്‍ട്ടി സമാനമായ പ്രാദേശിക ധാരണയുണ്ടാക്കുകയും നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ അഞ്ച് വര്‍ഷം ആ ധാരണയില്‍ ഭരണ പങ്കാളിത്തം വഹിക്കുകയും ചെയ്തതിന് കേരളം സാക്ഷ്യം വഹിച്ചതാണ്. അപ്പോഴൊന്നും ഇല്ലാത്ത എന്ത് വര്‍ഗീയതയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ സിപിഎം കണ്ടതെന്ന് വ്യക്തമാക്കണം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആശയങ്ങളും നയനിലപാടുകളും മുന്‍നിര്‍ത്തി പരസ്യ സംവാദത്തിന് സിപിഎമ്മിനെ പാര്‍ട്ടി ക്ഷണിക്കുകയാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നടത്തിയ വര്‍ഗീയ ധ്രുവീകരണ ശ്രമം വിജയിച്ചുവെന്ന സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രം പയറ്റാന്‍ സിപിഎം തീരുമാനിച്ചത്. പാര്‍ട്ടി സെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന ഇതിന്റെ തുടക്കമാണ്. കൂടുതല്‍ ശക്തിയോടെ കേരളത്തില്‍ വംശീയ വിദ്വേഷം വര്‍ധിപ്പിക്കാനാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ശ്രമിക്കുന്നത്. കേരളത്തെ ആത്യന്തികമായി സംഘപരിവാറിന്റെ പാളയത്തിലെത്തിക്കാനാണ് ഇത് ഇടവരുത്തുക. റാന്നി പഞ്ചായത്തടക്കം വിവിധയിടങ്ങളില്‍ എല്‍ഡിഎഫും ബിജെപിയും തുടരുന്ന സഹകരണം വരാന്‍ പോകുന്ന അപകടത്തിന്റെ തുടക്കമാണ്. യുഡിഎഫുമായി നൂറോളം തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് പ്രാദേശിക ധാരണയുണ്ടായിരുന്നത്. അതില്‍ മുപ്പഞ്ചോളം പഞ്ചായത്തുകളില്‍ ഭരണം എല്‍ഡിഎഫില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ യുഡിഎഫിനായിട്ടുണ്ട്. അഴിമതിയിലും കെടുകാര്യസ്ഥതയിലും സ്വജന പക്ഷപാതത്തിലും പെട്ട് പ്രതിച്ഛായ നഷ്ടപ്പെട്ട ഇടതുപക്ഷത്തിനെതിരെ ജനവികാരം ഉയര്‍ത്തി കൊണ്ടുവരുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടു. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര ഛിദ്രത ഇതില്‍ പ്രധാന പങ്ക് വഹിച്ചു. അത് മറച്ചുവെക്കാനാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ നീക്കുപോക്കിനെ മറയാക്കുന്നത്. സ്വന്തം വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാനുള്ള ശ്രമം മാത്രമാണിതെന്നും അദ്ദേഹം കുറപ്പെടുത്തി.
സിപിഎമ്മിന്റെ ഭരണ പരാജയവും അവരുയര്‍ത്തുന്ന വര്‍ഗീയ പ്രചരണങ്ങളും രാഷ്ട്രീയമായി ചെറുക്കാന്‍ ശ്രമിക്കുന്നതിന് പകരം സിപിഎം വാദങ്ങളെ ശരിവെക്കാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നത്. ഇത് തുടരാനാണ് ഉദ്ദേശമെങ്കില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് സംഭവിച്ച തകര്‍ച്ച കേരളത്തിലും ആവര്‍ത്തിക്കാനാണ് ഇടവരുത്തുകയെന്ന് കെപിസിസി പ്രസിഡന്റ് മനസിലാക്കണം. വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെ ഒരു മുന്നണിയുടെയും ഭാഗമല്ല. ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാന്‍ അപേക്ഷ നല്‍കിയിട്ടുമില്ല. ഇരു മുന്നണികളുമായും അടിസ്ഥാന വികസന നയങ്ങളിലും സാമൂഹ്യ നീതിയുമായ ബന്ധപ്പെട്ട വീക്ഷണങ്ങളിലും രാഷ്ട്രീയമായ വിയോജിപ്പുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കുണ്ട്. രാജ്യത്തെ നിലവിലെ സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് മതേതര പാര്‍ട്ടികളുമായി പലയിടത്തും സമര മുന്നണികളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യോജിക്കാറുണ്ട്. പൗരത്വ പ്രക്ഷോഭത്തിലും കര്‍ഷക പ്രക്ഷോഭത്തിലും പശ്ചിമ ബംഗാളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും ഇടതുപക്ഷവും കോണ്‍ഗ്രസും ഇപ്പോഴും ഒരേ സമര മുന്നണിയിലാണുള്ളതെന്നും ഹമീദ് വാണിയമ്പലം ചൂണ്ടിക്കാട്ടി.2015 ല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പ്രശ്‌നങ്ങളിലൂന്നിയുള്ള സഹകണം നിലനില്‍ക്കെ തന്നെയാണ് 2016 ല്‍ കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നിയമസഭയിലേക്ക് മത്സരിച്ചത്. നിയമസഭാ- പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഉന്നയിക്കാറുള്ളത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെയും പാര്‍ട്ടി ഇങ്ങനെ തന്നെയാണ് സമീപിക്കുക. വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്കിനെ ഉപയോഗിച്ച് കേരളത്തെ മതപരമായും ജാതീയമായും ഭിന്നിപ്പിച്ച് അധികാര നേട്ടമുണ്ടാക്കാനുള്ള സിപിഎം ശ്രമത്തെ കേരള സമൂഹം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *