സ്വാശ്രയ കോളജ് ജീവനക്കാരുടെ നിയമന-സേവന വ്യവസ്ഥകള്‍ നിര്‍ണയിക്കുന്നതിന് നിയമം വരുന്നു

Breaking News

മലപ്പുറം: കേരളത്തിലെ വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമന രീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിനുള്ള ബില്ലിന് കരട് മന്ത്രിസഭ അംഗീകാരം.

ബില്‍പ്രകാരം, സ്വാശ്രയ കോളേജുകളിലേക്ക് നിയമിക്കപ്പെടുന്നവര്‍, കോളേജ് നടത്തുന്ന ഏജന്‍സിയുമായി കരാര്‍ ഉണ്ടാക്കണം. ശമ്പള സ്‌കെയില്‍, ഇന്‍ക്രിമെന്റ്, ഗ്രേഡ്, പ്രോമോഷന്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ കരാറില്‍ ഉണ്ടാകണം. തൊഴില്‍ ദിനങ്ങളും ജോലി സമയവും ജോലിഭാരവും സര്‍ക്കാര്‍-എയ്ഡഡ് കോളേജുകള്‍ക്ക് തുല്യമായിരിക്കും. പ്രൊവിഡണ്ട് ഫണ്ട് ബാധകമായിരിക്കും. ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണം. നിയമനപ്രായവും വിരമിക്കല്‍ പ്രായവും സര്‍വകലാശാലയോ യുജിസിയോ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും. സ്വാശ്രയ കോളജുകുളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കും വിദ്യാഭ്യാസ ഏജന്‍സിയുടെ നടപടിയെക്കതിരെ സര്‍വകലാശാലയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ അധികാരമുണ്ടാകും. സര്‍വകലാശാല സിണ്ടിക്കേറ്റ് പരാതി തീര്‍പ്പാക്കണം.

സ്വാശ്രയ കോളജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ വിശദാംശം ബന്ധപ്പെട്ട സര്‍വകലാശാലയില്‍ വിദ്യാഭ്യാസ ഏജന്‍സി രജിസ്റ്റര്‍ ചെയ്യണം. നിയമം പ്രാബല്യത്തില്‍ വന്ന് മൂന്ന് മാസത്തിനകം ഇതു പൂര്‍ത്തിയാക്കണം. രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ സര്‍വകലാശാല തീരുമാനിക്കും.

നിയമം പ്രാബല്യത്തില്‍ വന്ന് 6 മാസത്തിനകം കോളജുകളില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍, പി.ടി.എ, വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍, കോളജ് കൗണ്‍സില്‍, സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡന പരാതി പരിശോധിക്കാനുള്ള സമിതി എന്നിവ രൂപീകരിക്കണം.

ഇത്തരമൊരു നിയമം വേണമെന്നത് സ്വാശ്രയ കോളജുകളില്‍ ജോലി ചെയ്യുന്നവര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു.

കേരളത്തില്‍ ബിരുദ – ബിരുദാനന്തര – ഗവേഷണ മേഖലകളില്‍ 985 സ്ഥാപനങ്ങള്‍ സ്വാശ്രയ മേഖലയിലുണ്ട്. 50000 – ത്തോളം അധ്യാപക- അനധ്യാപക ജീവനക്കാര്‍ ഈ- മേഖലകളില്‍ ജോലി ചെയ്യുന്നു. സ്വാശ്രയ മേഖല നിലവില്‍ വന്ന് ഇരുപത് വര്‍ഷമായിട്ടും നിയമ നിര്‍മാണം ഈ മേഖലയിലുണ്ടായിരുന്നില്ല. നിരവധി കമ്മീഷനുകള്‍ രൂപീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിരുന്നു.

നിയമനിര്‍മാണത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി ഇതിനെ കണക്കാക്കാവുന്നതാണ്.
നിയമ നിര്‍മ്മാണം വരുന്നതോടെ, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുണനിലവാരം വര്‍ദ്ധിക്കുമെന്നും, ചൂഷണം ചെയ്യപ്പെടുന്ന അര ലക്ഷത്തോളം ജീവനക്കാര്‍ക്ക് ആശ്വാസമാകുമെന്നും സെല്‍ഫ്. ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്‌സ് $ സ്റ്റാഫ് അസ്സോ. ഭാരവാഹികളായ ഡോ.എ. അബ്ദുല്‍ വഹാബ് , കെ.പി അസീസ് എന്നിവര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *