മലയാളത്തില്‍ ബിഗ് ബോസ് വീണ്ടും വരുന്നു

Breaking News

കൊച്ചി: മോഹന്‍ലാല്‍ തന്നെ അവതാരകനായി വീണ്ടും മലയാളത്തില്‍ ബിഗ് ബോസ് വരുന്നു. സീസണ്‍ 3 ഫെബ്രുവരിയില്‍ തുടങ്ങും. ഏഷ്യാനെറ്റിലെ മൂന്നാം സീസണിലും മോഹന്‍ലാല്‍ തന്നെയാകും അവതാരകന്‍. ബിഗ് ബോസ് രണ്ടാം സീസണ്‍ ഏറെ വിവാദങ്ങളില്‍ പെട്ടിരുന്നു. രജത് കുമാറിന്റെ മുളക് തേയ്ക്കലും പുറത്താക്കലുമെല്ലാം വിവാദമായി. ഇതിനിടെ കോവിഡ് എത്തി. അങ്ങനെ പാതി വഴിയില്‍ രണ്ടാം സീസണ്‍ അവസാനിച്ചു.എന്‍ഡമോള്‍ഷൈന്‍ ഗ്രൂപ്പാണ് ബിഗ് ബോസ് നിര്‍മ്മിക്കുന്നത്. ഈ പരിപാടിക്ക് വേണ്ടി മലയാളത്തിലെ പല മുന്‍നിര ചാനലുകളും ശ്രമം നടത്തിയിരുന്നു. ഇവരെയെല്ലാം അപ്രസക്തമാക്കിയാണ് ഏഷ്യാനെറ്റ് തന്നെ വീണ്ടും ബിഗ് ബോസുമായി എത്തുന്നത്. മോഹന്‍ലാലുമായി കരാറിലും ഏര്‍പ്പെട്ടു കഴിഞ്ഞു. നിലവില്‍ ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ നെയ്യാറ്റിന്‍കര ഗോപന്റ് ആറാട്ടിലാണ് ലാല്‍ അഭിനയിക്കുന്നത്. അതിന് ശേഷം ബിഗ് ബോസിലേക്ക് ലാല്‍ എത്തും. പുതിയ മത്സരാര്‍ത്ഥികളാകും ഇത്തവണ ഉണ്ടാവുക. രണ്ടാം സീസണില്‍ പങ്കെടുത്ത ആരെങ്കിലും ഉണ്ടാകുമോ എന്ന് ഇനിയും വ്യക്തതയില്ല. പുതുമുഖങ്ങള്‍ക്കാണ് സാധ്യത കൂടുതല്‍.

കോടികള്‍ നല്‍കിയാണ് മോഹന്‍ലാലിനെ അവതാരകനായി വീണ്ടുമെത്തിക്കുന്നത്. ലാലിന്റെ അവതരണം കൂടുതല്‍ പ്രേക്ഷകരെ പരിപാടിയില്‍ പ്രേക്ഷകരാക്കിയെന്നാണ് എന്‍ഡമോള്‍ ഷൈന്‍ ഗ്രൂപ്പുകാരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ലാലിനെ തന്നെ വീണ്ടും അവതാരകനാക്കുന്നത്. ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ പ്രത്യേക താല്‍പ്പര്യമാണ് ഇതിന് കാരണം. ദുബായില്‍ ഐപിഎല്‍ മത്സരം കാണാന്‍ ലാല്‍ എത്തിയിരുന്നു. സ്റ്റാര്‍ ആന്‍ഡ് ഡിസ്നി ഗ്രൂപ്പിനെ നയിക്കുന്ന ഏഷ്യാനെറ്റിന്റെ എല്ലാമെല്ലാമായ കെ മാധവന്റെ ക്ഷണം സ്വീകരിച്ചായിരുന്നു ഇത്. മാധവനുമായുള്ള അടുപ്പമാണ് ബിഗ് ബോസില്‍ വീണ്ടും ലാലിനെ എത്തിക്കുന്നത്.രണ്ടാം സീസണ്‍ വിവാദങ്ങളില്‍ കുടുങ്ങിയതോടെ ലാല്‍ ബിഗ് ബോസില്‍ നിന്ന് പിന്മാറുമെന്ന് സൂചനയുണ്ടായിരുന്നു. കേസും മറ്റ് പുലിവാലുമെല്ലാം മുളക് തേയ്ക്കല്‍ വിവാദമുണ്ടാക്കി. എന്നാല്‍ മാധവന്റെ അഭ്യര്‍ത്ഥ ലാല്‍ നിരസിച്ചില്ല. അടുത്ത സുഹൃത്തായ മാധവന്റെ നിര്‍ദ്ദേശം ലാലും അംഗീകരിച്ചു. ഇതോടെയാണ് റിക്കോര്‍ഡ് തുകയ്ക്ക് വീണ്ടും ഷോയുടെ ഭാഗമായി ലാല്‍ മാറുന്നത്. തീര്‍ത്തും പുതുമ നിറഞ്ഞതാകും ബിഗ് ബോസ്. കേരളത്തില്‍ ചിത്രീകരിക്കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്.

ബിഗ് ബോസ് രണ്ടാം സീസണ്‍ കോവിഡ് ഭീതിയില്‍ 75-ാം ദിനം പിന്‍വലിച്ചിരുന്നു. ആദ്യ സീസണില്‍ നടന്‍ സാബുമോന്‍ അബ്ദു സമദ് ആയിരുന്നു വിജയി. നടിയും അവതാരകയുമായ പേളി മാണിക്കായിരുന്നു രണ്ടാം സ്ഥാനം. രണ്ടാം സീസണില്‍ രജത് കുമാറിനായിരുന്നു പ്രേക്ഷക പിന്തുണ കൂടുതല്‍. ഷോയില്‍ ഇത്തവണ വിജയിയാവുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കണ്ണില്‍ മുളക് തേച്ച സംഭവത്തിന് പിന്നാലെ രജിത്ത് ഷോയില്‍ നിന്നും പുറത്താവുകയായിരുന്നു. ബിഗ് ബോസ് സമയത്ത് എറ്റവും കൂടുതല്‍ ആരാധക പിന്തുണ ലഭിച്ച മല്‍സരാര്‍ത്ഥിയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് പേരാണ് ബിഗ് ബോസ് സമയത്ത് ഡിആര്‍കെയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്തത്.ഇന്ത്യയില്‍ സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. എന്‍ഡമോള്‍ഷൈന്‍ കമ്പനി നെതര്‍ലന്‍ഡ്സില്‍ ആരംഭിച്ച ബിഗ് ബ്രദര്‍ ടെലിവിഷന്‍ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കൂട്ടം മത്സരാര്‍ത്ഥികള്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാള്‍ ഒരു വീട്ടില്‍ ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഓരോ ആഴ്ചയും രണ്ടു മത്സരാര്‍ത്ഥികളെ വീതം വീട്ടില്‍ നിന്നു പുറത്താക്കുവാനായി മത്സരാര്‍ത്ഥികള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകര്‍ക്കും വോട്ടുരേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതു വരെ വോട്ടെടുപ്പ് തുടരും. പ്രേക്ഷക പിന്തുണയാണ് വിജയിയെ നിശ്ചയിക്കുക.ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018ല്‍ മലയാള ടെലിവിഷന്‍ ലോകത്തേക്കും ആദ്യമായി ബിഗ് ബോസ് എത്തിയപ്പോള്‍ മികച്ച വരവേല്‍പ്പാണ് ഈ റിയാലിറ്റി ഷോയ്ക്ക് ലഭിച്ചത്. ചെന്നൈ ഇ വി പി ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലായിരുന്നു മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഷോ പൂര്‍ത്തിയാക്കാനാവാതെ മത്സരാര്‍ത്ഥികളെ തിരിച്ചയച്ചു

Leave a Reply

Your email address will not be published. Required fields are marked *