
സ്വര്‍ണ മേഖലയില്‍ ശക്തമായ നടപടികളിലേക്ക് കടന്ന് സംസ്ഥാന നികുതി വകുപ്പ്. സ്വര്‍ണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കാതലായ മാറ്റമാണ് കൊണ്ട് വരുന്നത് . നിലവില്‍ സംസ്ഥാനത്തുള്ള നിയമമനുസരിച് അനധികൃതമായി കടത്തുന്ന സ്വര്‍ണം കണ്ടു കിട്ടിയാല്‍ നികുതിയും പിഴയും ഈടാക്കിയ ശേഷം സ്വര്‍ണം വിട്ടു കൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ നികുതി വെട്ടിച്ച് കൊണ്ടു പോവുന്ന സ്വര്‍ണം പിടിച്ചെടുക്കുകയാണെങ്കില്‍ അത് കണ്ടു കെട്ടും. ഉടമക്ക് നികുതിയടച്ച് തിരിച്ചെടുക്കാനാവില്ല. ഈ സാഹചര്യത്തില്‍ കച്ചവട സംബന്ധമായ ആവിശ്യങ്ങള്‍ക്ക് കൊണ്ട് പോവുന്ന സ്വര്‍ണത്തിന് മതിയായ രേഖകള്‍ കൈവശം വെക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. നികുതി വെട്ടിക്കാനുള്ള ഉദ്ദേശത്തോടെ സ്വര്‍ണ്ണം കൈമാറ്റം ചെയ്യുക, കണക്കില്‍പ്പെടാതെ സ്വര്‍ണ്ണം കണ്ടെത്തുക, നികുതി ബാദ്ധ്യതയുള്ളയാള് രജിസ്ട്രേഷന് ഇല്ലാതെ സ്വര്‍ണ്ണം സപ്ലൈ ചെയ്യുക തുടങ്ങിയവ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടാല്‍ പ്രസ്തുത സ്വര്‍ണം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്നതായിരിക്കും.
കേന്ദ്ര തലത്തില്‍ സ്വര്‍ണത്തിന് ഇ-വേ ബില്‍ നടപ്പാക്കുന്നതിനോട് വിയോജിപ്പായത് കൊണ്ട് കേരള സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം ഇത് നടപ്പാക്കാനായി തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ നിയമോപദേശം തേടിയ ശേഷമാണ് സംസ്ഥാന നികുതി വകുപ്പ് തീരുമാനം കൈക്കൊണ്ടത്.
സ്വര്‍ണം പിടിച്ചെടുക്കുന്ന സാഹചര്യമുണ്ടായാല്‍ പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ 20 ശതമാനം വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികമായി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.വിവരംനല്‍കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.മികച്ച രീതിയില്‍ നികുതി വെട്ടിപ്പ് കണ്ടെത്തുന്ന ജീവനക്കാര്‍ക്കും ഈ സ്കീമില്‍ ആനുകൂല്യങ്ങള്‍ കൊടുക്കുവാന്‍ വകയിരുത്തിയിട്ടുണ്ട്