വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സംഭാഷണം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. തന്നെ ഇംപീച്ച് ചെയ്യാനുള്ള ഡെമോക്രാറ്റുകളുടെ നീക്കത്തില്‍ രാജ്യത്ത് വളരെയധികം പ്രതിഷേധവും രോഷവും ഉയരുന്നുണ്ടെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രതികരണം. എന്നാല്‍, അതിന്റെ പേരില്‍ അക്രമം അരുതെന്നും അദ്ദേഹം പറഞ്ഞു. ടെക്സാസിലേക്ക് യാത്ര പോകും മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ക്യാപിറ്റോള്‍ ഹില്‍ സംഭവത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യപ്രതികരണമാണ് ഇത്. താന്‍ രാജി വയ്ക്കുമോ എന്ന് ചോദ്യത്തിന് ട്രംപ് ഉത്തരം നല്‍കിയില്ല. തന്നെ ഇംപീച്ച് ചെയ്യാനുള്ള ഡെമോക്രാറ്റുകളുടെ നീക്കത്തില്‍ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അവര്‍ ഭയാനകമായ ഒരുകാര്യത്തിനാണ് മുതിരുന്നത്. ഇത് രാജ്യത്ത് വളരെയധികം രോഷമുണ്ടാക്കുന്നുണ്ട്. കാപ്പിറ്റോള്‍ ഹില്ലിലെ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തെന്ന പേരില്‍ തന്നെ ഇംപീച്ച് ചെയ്യാനുള്ള നീക്കം വേട്ടയാടലിന്റെ തുടര്‍ച്ചയാണ് എന്നും ട്രംപ് പറഞ്ഞു. കാപിറ്റോള്‍ ഹില്‍ സംഭവങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഉത്തരവാദിയെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ആ സമയത്തെ തന്റെ വാക്കുകള്‍ പൂര്‍ണമായും ഉചിതമായിരുന്നു എന്നാണ് പ്രസിഡന്റ് മറുപടി നല്‍കിയത്. യുഎസ് പ്രതിനിധി സഭ ബുധനാഴ്ച ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ട് ചെയ്താല്‍ പദവിയിലിരിക്കെ രണ്ടുവട്ടം ഇംപീച്ച്മെന്റ് നടപടിക്രമങ്ങള്‍ക്ക് വിധേയനായ ആദ്യ യുഎസ് പ്രസിഡന്റാകും ട്രംപ്. ഇംപീച്ച്മെന്റ് കൊണ്ടുവരാന്‍ ഡെമോക്രാറ്റുകള്‍ നീക്കം നടത്തുമ്പോള്‍ രാജ്യത്തെങ്ങും 50 സ്റ്റേറ്റുകളിലും പ്രതിഷേധം ഉണ്ടായേക്കാമെന്നാണ് എഫ്ബിഐയുടെ മുന്നറിയിപ്പ്. ഈ ആഴ്ച ആരംഭിക്കുന്ന പ്രതിഷേധം ബൈഡന് അധികാരം എറ്റെടുക്കുന്ന ജനുവരി 20 വരെ തുടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
കലാപത്തിന് വഴിമരുന്നിട്ടത് ട്രംപ്
രാജ്യത്ത് കലാപം കൊണ്ടുവരാന്‍ ട്രംപ് പ്രോത്സാഹിപ്പിച്ചെന്നും അത് രാജ്യദ്രോഹത്തിന് സമമാണെന്നും ഇംപീച്ച്മെന്റ് പ്രമേയത്തിലുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 180 അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പിന്തുണയും ലഭിക്കുമെന്നാണ് വിവരം. പ്രമേയത്തില്‍ ബുധനാഴ്ച വോട്ടെടുപ്പ് നടത്താനാണ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ പദ്ധതി. ജനപ്രതിനിധി സഭ പാസാക്കിയാല്‍ പ്രമേയം സെനറ്റിന്റെ പരിഗണനക്ക് വിടും. എന്നാല്‍, സെനറ്റ് ഇനി ചേരുക 19നാണ് ചേരുന്നത്. അതിനാല്‍, 20ന് ജോ ബൈഡന് സ്ഥാനമേറ്റ ശേഷം പ്രമേയം സെനറ്റില്‍ അവതരിപ്പിച്ചാല്‍ മതിയെന്നും അഭിപ്രായമുണ്ട്.
കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മുന്‍ പ്രസിഡന്റിനുള്ള ആനുകൂല്യങ്ങള്‍ ട്രംപിന് നഷ്ടമാകും. അതേസമയം, കാപ്പിറ്റോളില്‍ കയറി അതിക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെയുള്ള അന്വേഷണം എഫ്.ബി.ഐ ഊര്‍ജ്ജിതമാക്കി. അക്രമികളെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 ഡോളര്‍ വരെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രംപ് എത്രയും പെട്ടെന്ന് രാജി വച്ചില്ലെങ്കില്‍ ഇംപീച്ച്മെന്റുമായി മുന്നോട്ട് പോകുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അമേരിക്കന്‍ ഭരണഘടനയുടെ 25ാം ഭേദഗതിയിലെ നാലാംവകുപ്പ് പ്രയോഗിച്ച് ട്രംപിനെ ഇംപീച്ച് ചെയ്യാനാണ് നീക്കം. അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ ഈ വകുപ്പ് പ്രയോഗിച്ചിട്ടില്ല. ഇത് കൂടാതെ, ആദ്യമായാണ് ഒരു പ്രസിഡന്റിനെതിരെ രണ്ടാംതവണയും ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നത്. അധികാര ദുര്‍വിനിയോഗം ആരോപിച്ച് 2019ല്‍ ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയെങ്കിലും സെനറ്റ തള്ളിയിരുന്നു.
ക്യാപിറ്റോളില്‍ കലാപം നടത്താന്‍ ട്രംപ് പ്രേരിപ്പിച്ചുവെന്ന ഇംപീച്ച്മെന്റ് പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യുമെന്ന് ട്രംപ് അനുകൂലികളായിരുന്ന രണ്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. സെനറ്റിലെ റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ലിസ മുര്‍കോവ്സ്കി ട്രംപ് രാജിവച്ച് ഒഴിയണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. ഇല്ലിനോയിസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ആദം കിന്‍സിംഗര്‍ 25–ാം ഭേദഗതി നടപ്പാക്കണമെന്ന് പറഞ്ഞു. മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയും ട്രംപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.