ലൈഫ് മിഷന്‍ കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Breaking News

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് സംസ്ഥാന ര്‍ക്കാര്‍
സുപ്രീംകോടതിയില്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം അനുവദിച്ച ഹൈക്കോടതി ഉത്തരവിന് സ്റ്റേ തേടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയത്. സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാനസര്‍ക്കാരും നിര്‍മ്മാണ കരാറുകാരായ യുണിടാകും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. എഫ്‌സിആര്‍എ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്. ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. യൂനിടെക് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പന്‍, സെയ്ന്‍ വെഞ്ച്വേര്‍സ് തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതായി കാണിച്ച് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. പദ്ധതി ഇടപാടില്‍ ലൈഫ്മിഷന്‍ സിഇഒയ്ക്കെതിരെ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി പി. സോമരാജന്റെ ഉത്തരവ്. ഇടപാടിലെ ധാരണാപത്രം ‘അണ്ടര്‍ ബെല്ലി’ ഓപ്പറേഷനാണ്, ധാരണാപത്രം മറയാക്കുകയായിരുന്നു, ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടത് തുടങ്ങിയ സിബിഐ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയിരിക്കുന്നത്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനെതിരെയുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി ഒക്ടോബറില്‍ രണ്ടുമാസത്തേക്കു സ്റ്റേ ചെയ്തിരുന്നു.

ലൈഫ്മിഷന്‍ പദ്ധതിയുടെ ധാരണാ പത്രത്തില്‍ കള്ളക്കളി നടന്നിട്ടുണ്ടെന്നും ലൈഫ്മിഷനിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ക്രമക്കേടില്‍ പങ്കുണ്ടെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. കോഴ ഇടപാടിന് വേണ്ടി ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരുടെ അറിവോടെ യുഎഇ കോണ്‍സുല്‍ ജനറലും കൂട്ടാളികളും ബോധപൂര്‍വം ക്രമക്കേട് നടത്തിയെന്നും കോടതി കണ്ടെത്തി. ലൈഫ് മിഷനില്‍ നടന്ന ക്രമക്കേടില്‍ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പങ്കില്ല. ലൈഫ്മിഷനിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും കോണ്‍സല്‍ ജനറലിന്റെ കൂട്ടാളികളായ സ്വപ്ന സുരേഷിനും സരിത്തിനും സന്ദീപ് നായര്‍ക്കും ക്രമക്കേടില്‍ പങ്കുണ്ടന്നും കോടതി വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ പദ്ധതി കേരളത്തില്‍ കൈക്കാര്യം ചെയ്യുന്ന യൂനിടെക് എംഡി സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനില്‍ ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *